ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ഔദ്യോഗീക മുഖപത്രമായ 'മാർ വാലാഹ്' (എന്റെ കർത്താവേ എന്റെ ദൈവമേ) ഒന്നാം തീയതി ബുധനാഴ്ച വൈകുന്നേരം മാർത്തോമാ ശ്ശീഹാ കത്തീഡ്രലിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പ്രകാശനം ചെയ്യും.

ഭാരതത്തിന്റെ അപ്പസ്‌തോലനായ മാർത്തോമാശ്ശീഹായുടെ നാമത്തിൽ ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ആദ്ധ്യാത്മിക ദർശനത്തിന്റെ അടിത്തറയാണ് വിശുദ്ധ തോമാശ്ശീഹായുടെ 'എന്റെ കർത്താവേ, എന്റെ ദൈവമേ' എന്ന ദൈവാനുഭവം. ഈ ദൈവാനുഗ്രഹത്തിൽ അഭയപ്പെട്ട് അമേരിക്കൻ ഐക്യനാടുകളിൽ ദൈവം ഭരമേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ രൂപതാംഗങ്ങൾക്ക് കാഴ്ചപ്പാടുകളും ദർശനങ്ങളും നൽകുക എന്നതാണ് മുഖപത്രത്തിന്റെ ലക്ഷ്യം. എല്ലാ മാസവും ഇമെയിൽ വഴി പ്രസിദ്ധീകരിക്കുന്ന ഈ സംരംഭം രൂപതയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരിക്കുമെന്ന് രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു.