തൊട്ടരികിലാണ് താമസമെങ്കിലും ബ്രസീലിയൻ ഫുട്‌ബോളിന്റെ ചരിത്രം പേറുന്ന മാരക്കാന സ്റ്റേഡിയം എന്നും അവർക്ക് അകലെയാണ്. മയക്കുമരുന്ന് സംഘങ്ങളും അക്രമികളും ഭരിക്കുന്ന ദാരിദ്ര്യം മാത്രം കൂട്ടിനുള്ള മാൻഗ്യൂറയെന്ന ചേരി മാരക്കാനയ്ക്ക് തൊട്ടടുത്താണ്. കുന്നിന്മുകളിലേക്ക് പടർന്ന് കിടക്കുന്ന ചേരി.

ഒളിമ്പിക്‌സിന്റെ വർണാഭമായ ഉദ്ഘാടനച്ചടങ്ങളുകൾ മാരക്കാനയിൽ നടക്കുമ്പോൾ മാൻഗ്യൂറയിലെ താമസക്കാർ അവരുടെ വീടിനുമുകളിൽനിന്ന് ആ കാഴ്ചകൾ കാണുക യായിരുന്നു. സ്‌റ്റേഡിയത്തിനും അവരുടെ വാസസ്ഥലത്തിനും നടുവിൽ ഒരു ഹൈവേയും റെയിൽവേ ട്രാക്കുമുണ്ടെങ്കിലും അവർക്ക് ആ നിറപ്പകിട്ടുകൾ ആസ്വദിക്കാനായി.

ദരിദ്രരായതിനാൽ ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് ഞങ്ങൾക്ക് പ്രവേശിക്കാനാവില്ലല്ലോ. അടുത്താണെങ്കിലും വളരെ അകലെയാണ് ഞങ്ങൾ-ഇപ്പനേമ ബീച്ചിൽ കൂലിപ്പണിയെടുക്കുന്ന ആൽബട്ടോ അരോയോ പറയുന്നു. ഈ ആഘോഷങ്ങൾ പണക്കാർക്കും വിദേശികൾക്കും വേണ്ടിയുള്ളതാണ്. എങ്കിലും വീടിനുമുകളിൽ ഞങ്ങളും അതിൽ പങ്കുചേർന്നു-അരോയോ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിന്റെ ടിക്കറ്റ് നിരക്കുകൾ സാധാരണക്കാരന് താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് സ്‌കൂൾ ടീച്ചറായ സാന്ദ്ര പെഡ്രോ പറയുന്നു. കുടുംബവുമായി ഗാലറിയിലിരുന്ന് ഉദ്ഘാടനം കാണമെന്ന് സാന്ദ്ര ആഗ്രഹിച്ചിരുന്നു. ഏതായാലും സ്റ്റേഡിയത്തിലെത്താനായില്ലെങ്കിലും ബിയറും ലഘുഭക്ഷണവുമൊക്കെയായി പാവങ്ങളുടെ ഒളിമ്പിക്‌സ് അവർ വീടുകൾക്ക് മുകളിലൊരുക്കി.

63 ഡോളർ മുതൽ 1400 ഡോളർവരെയായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ ടിക്കറ്റ് നിരക്കുകൾ. ബ്രസീലിലെ സാധാരണക്കാരന് സ്വപ്‌നം പോലും കാണാനാവാത്ത തുകയാണിത്. കൂലിപ്പണിയെടുക്കുന്ന ബ്രസീലുകാരന് ആഴ്ചയിൽ കിട്ടുന്നത് 55 ഡോളർ മാത്രമാണെന്നോർക്കണം.