- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറാട് കൂട്ടക്കൊല കേസ്; ഒളിവിലായിരുന്ന രണ്ടു പ്രതികൾ കുറ്റക്കാരെന്ന് കോടതി; കേസിന്റെ ശിക്ഷാവിധി ചൊവ്വാഴ്ച
കോഴിക്കോട്: 2003 ലെ മാറാട് കൂട്ടക്കൊലക്കേസിൽ രണ്ടുപേർ കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി കണ്ടെത്തി. ഒളിവിലായിരുന്ന രണ്ട് പ്രതികളെയുമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.95-ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി കോയമോൻ എന്ന ഹൈദ്രോസ് കുട്ടി, 148-ാം പ്രതി മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ എന്നിവർ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
അതുവരെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. നിസാമുദ്ദീനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മുഹമ്മദ് കോയക്കെതിരെ സ്ഫോടകവസ്തു നിരോധന നിയമപ്രകാരവും മതവൈരം വളർത്തൽ എന്നതിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി.
2011 ജനുവരിയിൽ സൗത്ത് ബീച്ചിൽ ഒളിവിൽ താമസിക്കുമ്പോഴാണ് കോയമോൻ പിടിയിലാവുന്നത്. വിചാരണ സമയത്ത് ഹൈദരാബാദിലേക്കു കടന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തി, ഒളിവിൽ പോയി. 2010 ഒക്ടോബർ 15നാണ് നിസാമുദ്ദീൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. പിന്നീട് ഇരുവരും ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങി. നാടൻ ബോംബ് ഉണ്ടാക്കി എന്നതാണ് കോയമനെതിരായി കുറ്റം. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയാണെന്നാണ് നിസാമുദ്ദീനെതിരായ കുറ്റം.
തുടർന്ന് പ്രത്യേക കേസായി എടുത്ത് ഇവരുടെ വിചാരണ പൂർത്തിയാക്കുകയായിരുന്നു. കേസിൽ 148 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണ നേരിട്ട 139 പ്രതികളിൽ 63 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ