ലണ്ടൻ: അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയോടുള്ള 'കലിപ്പു തീരാതെ' ഇതിഹാസ താരം ഡീഗോ മറഡോണ. മെസിയുടെ വിരമിക്കൽ വെറും നാടകമാണെന്നു മറഡോണ പരിഹസിച്ചു.

ഫൈനലുകളിലെ തുടർച്ചയായ പരാജയം മറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മെസി 2016 ശതാബ്ദി കോപ്പ അമേരിക്ക ഫൈനലിന്റെ പിന്നാലെ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചതെന്നും മറഡോണ പറഞ്ഞു.

ജൂണിൽ ശതാബ്ദി കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് ലയണൽ മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. തോൽവി സാധാരണമാണെന്നും മെസി വിരമിക്കേണ്ടെന്നും അന്ന് മാറഡോണയടക്കമുള്ളവർ പറഞ്ഞിരുന്നു. എന്നാൽ, അർജന്റൈൻ പ്രസിഡന്റ് മൗറീഷ്യോ മാക്രിയുടെ ഉൾപ്പെടെയുള്ള ആവശ്യത്തെത്തുടർന്ന് മെസി തന്റെ തീരുമാനം ഉപേക്ഷിച്ച് രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചെത്താൻ തീരുമാനിച്ചു.

അഞ്ചു തവണ ബാലൻ ഡി ഓർ പുരസ്‌കാര ജേതാവായ മെസിയും അർജന്റൈൻ ടീമിന്റെ പുതിയ പരിശീലകൻ എഡ്ഗാർഡോ ബൗസയും തമ്മിലും കൂടിക്കാഴ്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മെസി അർജന്റീനയ്ക്കായി കളിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

2014 ലോകകപ്പ്, 2015 കോപ്പ അമേരിക്ക, 2016 ശതാബ്ദി കോപ്പ അമേരിക്ക ഫൈനലുകളിലാണ് അർജന്റീന തുടരെ പരാജയപ്പെട്ടത്.