കൊച്ചി: മരട് അനീഷിനുള്ളത് വമ്പൻ ബന്ധങ്ങൾ. കൊച്ചിയിലെ ക്വട്ടേഷൻ മാഫിയിയലെ പ്രധാനിയാണ് അനീഷ്. തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന അനീഷിനെ വാളയാർ അതിർത്തിയിൽനിന്ന് വാളയാർ പൊലീസ് പിടിക്കുകയായിരുന്നു. വാളയാർ വഴി കുഴൽപ്പണവും മയക്കുമരുന്നും കടത്തുന്നുവെന്ന രഹസ്യ വിവരമാണ് അനീഷ് കുടുങ്ങിയത്. ഇതിന് പിന്നാലെയാണ് ഉന്നത ബന്ധങ്ങൾ പുറത്തു വരുന്നത്.

മരട് അനീഷിന്റെ ഗ്യാങ് ഒരു ബ്രാൻഡ് എന്ന നിലയിൽ കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ട്. ആനക്കാട്ടിൽ അനീഷ് ആന്റണിയെന്ന അനീഷിന്റെ പേരിന്റെ ചുരുക്ക രൂപമായ 'എ.എ.എ' എന്ന ബ്രാൻഡിലാണ് പ്രവർത്തനം. മാസ്‌ക്, തൊപ്പി, ടി-ഷർട്ട് എന്നിവയിലെല്ലാം ഈ ബ്രാൻഡ് പ്രിന്റ് ചെയ്തത് ഗ്യാങ്ങിലുള്ളവർ ഉപയോഗിക്കും. നെട്ടൂർ. കാക്കനാട് ഇൻഫോപാർക്ക് എന്നിവിടങ്ങളിലായി റെസ്റ്റോറന്റുകളും ഉണ്ട്. ഗ്യാങ്ങിലുള്ളവർക്ക് സൗജന്യ ഭക്ഷണം ലഭിക്കും. പിന്നെ താമസ സൗകര്യവും. അങ്ങനെ വളർന്ന് പന്തലിക്കുകയാണ് ഈ ഗ്യാങ്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള പൊലീസ് പരിശോധനയ്ക്കിടെയാണ് മരട് അനീഷും കൂട്ടാളികളും പിടിയിലായത്. വാളയാർ വഴി കുഴൽപണവും എംഡിഎംഎ ലഹരി മരുന്നും കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വാളയാർ പൊലീസ് അതിർത്തിയിൽ പരിശോധന കർശനമാക്കിയിരുന്നു. കോവിഡ് നിബന്ധനകളും പാസും ഇല്ലാതെ വാളയാറിലെത്തിയ കാർ പരിശോധിക്കുന്നതിനിടെയാണ് അനീഷിനെ തിരിച്ചറിഞ്ഞത്. വധശ്രമം ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും കവർച്ചക്കേസുകളിലും പ്രതിയായ മരട് അനീഷ് കേരള പൊലീസ് ഗുണ്ടാ ലിസ്റ്റിലെ പ്രധാനികളിലൊരാളാണ്. കുറ്റകൃത്യങ്ങൾക്കു ശേഷം ഇതര സംസ്ഥാനങ്ങളിലേക്കു കടക്കുന്ന പ്രതിയെ ചില കേസുകളിൽ മാത്രമാണു അറസ്റ്റ് ചെയ്യാനായത്.

ഇടക്കാലത്തു ദേശീയപാതയിൽ കുഴൽപണ സംഘങ്ങളെ കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന കോടാലി ശ്രീധരന്റെ ടീമിനൊപ്പമായിരുന്നു അനീഷെന്നും പൊലീസ് പറയുന്നു. ബെംഗളൂരുവിലും തമിഴ്‌നാട്ടിലും കോടാലി ശ്രീധരന്റെ ടീമിനെ നിയന്ത്രിച്ചിരുന്നതും മരട് അനീഷാണെന്ന് പൊലീസ് പറയുന്നു. അനീഷിനെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നാൽപതോളം കേസുകളുണ്ടെന്നാണു പൊലീസ് പറയുന്നത്.

എറണാകുളത്തിന് പുറത്ത് കുഴൽപ്പണം കടത്ത്, കള്ളപ്പണം കവർച്ച എന്നീ ഇടപാടുകളിലും അനീഷ് സജീവമാണ്. മരട് അനീഷ് സ്വന്തം നാട്ടിൽ നടത്തുന്നത് ഭൂമി നികത്തലും സെറ്റിൽമെന്റുകളും. പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമാണ് അനീഷിനുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബിനാമി ഭൂമി നികത്താനുള്ള ക്വട്ടേഷനും അനീഷാണ് ഏറ്റെടുത്തത്.

എറണാകുളം പള്ളിമുക്കിൽ പ്രവർത്തിക്കുന്ന ഒരു ഓഫീസിലാണ് അനീഷിന്റെ ഡീലുകൾ ഉറപ്പിക്കുന്നത്. തിരുവാണിയൂർ ഭാഗത്ത് അനീഷ് താമസിക്കുന്നതായും വിവരമുണ്ട്. രഹസ്യവിവരം ലഭിക്കുന്നുണ്ടെങ്കിലും നിരവധി കേസുകളിലെ പ്രതിയാണെങ്കിലും ഗുണ്ടാനേതാവിനെതിരേ പൊലീസ് നടപടിയൊന്നും എടുക്കാറില്ലായിരുന്നു. ഇതിനിടെയാണ് വാളയാറിൽ അറസ്റ്റിലാകുന്നത്.

പനങ്ങാട് ചാത്തമ്മ ജങ്ഷനിലാണ് പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ള ചിലരുടെ നേതൃത്വത്തിൽ വയൽ നികത്തുന്നത്. 60 സെന്റോളം ഭൂമി മുക്കാൽ ഭാഗത്തോളം നികത്തിക്കഴിഞ്ഞു. ഇതിനെല്ലാം പൊലീസിലെ ഉന്നതരുടെ പിന്തുണയുമുണ്ട്. ഗുണ്ടാ നേതാവാണ് ഭൂമി നികത്തുന്നതിന് ക്വട്ടേഷൻ എടുത്തിരിക്കുന്നതെന്ന ഭയത്തിൽ നാട്ടുകാരും ഒന്നും മിണ്ടുന്നില്ല. ഇടപെട്ടാൽ പൊലീസിനും പണി കിട്ടും.

ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഷെയറുള്ള ബിനാമി ഭൂമിയാണ് നികത്തുന്നത് എന്നറിഞ്ഞതോടെ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസുകാരും. പനങ്ങാട് പൊലീസിന് കീഴിലാണ് പ്രദേശം. നികത്ത തടഞ്ഞ പൊലീസുകാരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. കുമ്പളത്ത് നിലംനികത്തൽ തടഞ്ഞ എസ്‌ഐ. ഉൾപ്പെടെയുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് മലബാറിലേക്ക് സ്ഥലം മാറ്റമായിരുന്നു പ്രതിഫലമായി കിട്ടിയത്. ഭൂമി നികത്തൽ തടഞ്ഞ പൊലീസുകാരോട് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിട്ടാണ് ഭൂമി നികത്തുന്നതെന്ന് അറിയിച്ചു.

എന്നാൽ, ആരു പറഞ്ഞിട്ടാണെങ്കിലും തടയുമെന്ന് പൊലീസുകാർ ഉറച്ച നിലപാടിൽ നിന്നു. ഈ സംഭാഷണം റെക്കോഡ് ചെയ്ത് പൊലീസ് ഉന്നതന്റെ കാതുകളിൽ എത്തിച്ചതോടെ ഉടൻ സ്ഥലംമാറ്റ ഓർഡർ വന്നു. ഇതിനു പിന്നാലെ പനങ്ങാട്, കുമ്പളം ഭാഗത്ത് ഗുണ്ടകളുടെ സാന്നിധ്യം ഉപയോഗിച്ച് വൻതോതിൽ ഭൂമി നികത്താനും തുടങ്ങി.