കോട്ടയം: സഹ ജീവിയോടുള്ള നമ്മുടെ കാരുണ്യമില്ലായ്മ മൂലം നഷ്ടപ്പെട്ടത് മൂന്ന് ജീവൻ. ഇന്നലെ മരങ്ങാട്ടുപള്ളി ഇല്ലിക്കൽതാഴെ ജംക്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മതിൽ തകർത്ത് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പെട്ട മൂന്ന് വിദ്യാർത്ഥികൾ ചോര വാർന്ന് വഴിയിൽ കിടന്നത് അര മണിക്കൂറിലേറെ. ഒരാൾ ഇന്നലെയും മറ്റ് രണ്ട് പേർ ഇന്നുമാണ് മരിച്ചത്. മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ കോളേജിലെ വിദ്യാർത്ഥികളായിരുന്നു മൂവരും.

റാന്നി മുല്ലംകുഴിയിൽ ഡോ.തോമസ് മാത്യുവിന്റെ മകൻ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ കോളജ് രണ്ടാംവർഷ ബികോം വിദ്യാർത്ഥി വിനു മാത്യു തോമസ്(19), രണ്ടാം വർഷ ബി.എ വിദ്യാർത്ഥി കൊല്ലം തേങ്ങാകൊട്ടിലിൽ ലക്സ്റ്റർ ഫെർണാണ്ടോ (19), രണ്ടാം വർഷ ബിഎസ് സി സൈക്കോളജി വിദ്യാർത്ഥി കൊല്ലം ആയൂർ തെക്കേച്ചിറ അശ്വിൻ വിശ്വനാഥ് (21) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച നാട്ടുകാർക്കു മുന്നിൽ പല വാഹനങ്ങളും നിർത്തിയില്ല. ഒടുവിൽ സ്വകാര്യ ബസിലാണ് രണ്ട് പേരെ പാലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. കോഴാ-പാലാ റോഡിൽ ഇല്ലിക്കൽ താഴെ ജംക്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലെ മതിലിലും തുടർന്ന് മരത്തിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡിന്റെ സംരക്ഷണഭിത്തിക്കും മരത്തിനുമിടയിൽ പെട്ടനിലയിലായിരുന്നു.

വിനു അപകടം നടന്ന ഇന്നലെയും ലക്സ്റ്ററും അശ്വിനും ഇന്നു പുലർച്ചെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയുമാണ് മരിച്ചത്. മൂവർ സംഘം ബൈക്കിൽ പാലായിൽ നിന്നും മരങ്ങാട്ടുപിള്ളി ഭാഗത്തേക്ക് വരവേയാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തിൽപ്പെട്ടതോടെ റോഡിലേക്ക് മൂവരും തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ സമീപ പ്രദേശത്ത് കിണർ പണിയിൽ ഏർപ്പെട്ടിരുന്ന തൈക്കൂട്ടത്തിൽ നിഖിൽലാൽ, സഹോദരൻ സബിൻലാൽ, മാഞ്ഞൂർ കാരക്കാട്ടിൽ സജിത്ത് വിജയൻ എന്നിവർ സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ വിനു, ലക്സർ, അശ്വിൻ എന്നിവരെ റോഡിൽ നിന്നെടുത്ത് വാഹനത്തിനായി ഇവരും ഓടിക്കൂടിയ നാട്ടുകാരും കൈനീട്ടി.

പല വാഹനങ്ങളും നിർത്താതെ പോയി. നീണ്ട കാത്തിരിപ്പിനു ശേഷം നിർത്തിയ കാറിൽ വിനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലക്സർ, അശ്വിൻ എന്നിവരെ എറണാകുളം-പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശരണ്യ ബസിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോളജ് വിദ്യാർത്ഥി അപകടത്തിൽ മരിച്ചത് ലേബർ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കണ്ണീരിലാഴ്‌ത്തി.പോസ്റ്റോമോർട്ടത്തിന് ശേഷം മ്യതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നല്കി.