- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണിയറ പ്രവർത്തകർക്ക് ബിഗ്സല്യൂട്ടെന്ന് ജൂഡ് ആന്റണി; മലയാള സിനിമ ഇത്രത്തോളം എത്തിയതിൽ അഭിമാനമെന്ന് നവ്യ നായർ; അയാൾ ജീവിക്കുന്നത് ഇന്നാട്ടിലെ സാധാരണക്കാരന്റെ മനസിലാണെന്ന ഡയലോഗ് പങ്കുവെച്ച് സഹനിർമ്മാതാവ്; മരക്കാറിന്റെ അഭിപ്രായം പങ്കുവെച്ച് താരങ്ങൾ
തിരുവനന്തപുരം: ആദ്യ ദിവസങ്ങളിലെ നെഗറ്റീവ് അഭിപ്രായങ്ങളിൽ നിന്ന് മാറി മരക്കാർ പതിയെ പ്രേക്ഷക മനസിനെ കീഴടക്കുന്ന കാഴ്‌ച്ചയാണ് വാരാന്ത്യത്തിൽ തിയേറ്ററുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്.ഈ സമയത്ത് ഇതാ ചിത്രം കണ്ടതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മലയാളത്തിലെ സിനിമാ പ്രവർത്തകർ.ജൂഡ് ആന്റണി, നവ്യനായർ എന്നിവർ സിനിമ കണ്ടതിന്റെ അഭിപ്രായം പങ്കുവെച്ചപ്പോൾ ചിത്രത്തിന്റെ സഹനിർമ്മാതാവ് ചിത്രത്തിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി എത്തി.
മരക്കാർ: അറബിക്കടലിന്റെ സിംഹം പോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജൂഡ് ആന്റണി ഇക്കാര്യം പറഞ്ഞത്.ഞാൻ ഒരു കടുത്ത ലാലേട്ടൻ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദർശൻ ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാൻ മരക്കാർ കണ്ടത് . 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയൻ സാറിനൊരു ബിഗ് സല്യൂട്ട് . ഒരുസിനിമയെയും എഴുതി തോൽപ്പിക്കാൻ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം . ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ് . ചെറിയ ബഡ്ജറ്റിൽ അത്ഭുതങ്ങൾ കാണിക്കാൻ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ, ജൂഡ് ആന്റണി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
ചിത്രം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ. ചിത്രത്തെ പറ്റി ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടാണ് തിയറ്ററിൽ പോയതെന്നും എന്നാൽ താൻ സിനിമ വളരെയധികം ആസ്വദിച്ചുവെന്നും നവ്യ പറയുന്നു. 'ഇന്നലെ മരക്കാർ കണ്ടു, ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടാണ് സിനിമ കാണാൻ പോയതെങ്കിലും, സത്യസന്ധമായി തന്നെ പറയട്ടെ ഞാൻ സിനിമ ആസ്വദിച്ചു. ഞാൻ ഒരു നിരൂപകയൊന്നും അല്ല, മരക്കർ കണ്ടതിന് ശേഷം എന്റെ സന്തോഷം അറിയിക്കുന്നുവെന്ന് മാത്രം. മലയാളം സിനിമാ ഇൻഡസ്ട്രി ഇത്രത്തോളം എത്തിയതിൽ ഞാൻ അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇത്തമൊരു സിനിമ തന്നതിന് നന്ദി', എന്നാണ് നവ്യ കുറിച്ചത്.
ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ തന്നെ നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. മരക്കാറിനെതിരെ ഡീഗ്രേഡിങ് നടക്കുന്നതായിട്ട് അണിയറ പ്രവർത്തകരും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ സഹനിർമ്മാതാക്കളിലൊരാളായ സന്തോഷ് ടി കുരുവിളയും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.'സാമൂതിരിയുടെ സദസിൽ അനന്തൻ പറയുന്നൊരു വാചകമുണ്ട്. കുഞ്ഞാലി ജീവിക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരന്റെ മനസിലാണ്. അവിടെ കയറി അയാളെ ഒന്ന് തൊടാൻ ദൈവത്തെ പോലും അവർ അനുവദിക്കില്ല. ആ പറഞ്ഞതിന്റെ ആർത്ഥം ഇനിയാണ് പലർക്കും മനസിലാവാൻ പോകുന്നത് ' എന്നായിരുന്നു സന്തോഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.
കേരളത്തിൽ 625 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കൊവിഡിന് ശേഷം അടച്ചിട്ട തീയേറ്ററുകളെ പഴയ പോലെ സജീവമാക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയായിരുന്നു മരക്കാറിന്റെ വരവിനെ സിനിമാലോകം കണ്ടത്.
മറുനാടന് മലയാളി ബ്യൂറോ