കോഴിക്കോട്: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വെറും ഹൈപ്പ് മാത്രമോ? സിനിമയുടെ ആദ്യ പകുതി കണ്ടവരുടെ വികാരം ഇത് മാത്രമാണ്. കൈയടിക്കാൻ ആദ്യപകുതിയിലെ കടൽ യുദ്ധം വരെ കാത്തിരിക്കേണ്ട അവസ്ഥ. വെറുതെ വികാരപരമായ രംഗങ്ങളൊന്നുമില്ലാതെ കഥ പറഞ്ഞു പോകുന്ന സാധാരണ ശൈലി. ദേശീയ അവാർഡ് കിട്ടിയ ഈ ചിത്രത്തിന്റെ ആദ്യ പകുതിയിൽ മുഴച്ചു നിൽക്കുന്നത് കൃത്രിമത്വം മാത്രം-തിയേറ്ററിൽ നിന്ന് പുറത്തു വരുന്നത് പ്രതീക്ഷ നൽകുന്ന വാക്കുകളല്ല.

മരയ്ക്കാറിന്റെ ഫാൻസ് ഷോ അതിരാവിലെ പൂർത്തിയായിരുന്നു. അതിന് ശേഷമാണ് സാധാരണ ഷോയിലേക്ക് കാര്യങ്ങൾ കടന്നത്. ഒന്നാം പകുതിയിൽ കാര്യമായൊന്നുമില്ല. നല്ല സ്‌ക്രിപ്റ്റിന്റെ അഭാവമാണ് പ്രശ്‌നം. പ്രണവ് മോഹൻലാലാണ് ആദ്യ പകുതിയിലെ താരം. മോഹൻലാലിന് പോലും അതിന് മുകളിലേക്ക് എത്താനാകുന്നില്ല. അർജ്ജുനും കൊള്ളാം. മങ്ങാട്ടച്ചനായി ഹരീഷ് പേരടിയും തിളങ്ങുന്നു. ത്രില്ലടിപ്പാക്കതെ കഥ പറഞ്ഞു പോകുന്ന വിരസമായ ആദ്യ പകുതി. മുകേഷും ഇന്നസെന്റും മാമ്മൂകോയയും അടക്കമുള്ളവരുടെ വേഷങ്ങൾക്കും പ്രതീക്ഷ നിലനിർത്താൻ ആദ്യ പകുതിയിൽ കഴിയുന്നില്ല.

വസ്ത്രാലങ്കാരവും ഗ്രാഫിക്‌സുമെല്ലാം കൃത്രിമത്വം നിറയ്ക്കുന്നുവെന്നാണ് ആദ്യ പകുതിയിലെ പ്രധാന പോരായ്മ. സിനിമയ്ക്കു കിട്ടിയ ഹൈപ്പിന് വേണ്ടതൊന്നും മരയ്ക്കാറിൽ കാണാനില്ല. സർവ്വത്ര നാടകം പോലൊരു രാജാപാർട്ട് മോഡൽ. ജന്മനാടിനുവേണ്ടി പോരാടി വീരമൃത്യുവരിച്ച ധീരന്റെ കഥയാണ് 'കുഞ്ഞാലിമരക്കാർ അറബികടലിന്റെ സിംഹം' എന്ന സിനിമ പറയുന്നത്. കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് താരങ്ങൾ.

പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. മലയാള സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളെ പൂരപ്പറമ്പാക്കി എന്നത് വസ്തുതയാണ്.

ഡിസംബർ രണ്ടിന് റിലീസ് തീരുമാനിച്ച സിനിമയുടെ ഫാൻസ് ഷോ അർദ്ധരാത്രി 12 മണിക്ക് തന്നെ ആരംഭിച്ചിരുന്നു. തിയറ്ററുകളിലേക്ക് മോഹൻലാൽ ആരാധകരുടെ ജനപ്രവാഹമായിരുന്നു. കൊവിഡിലൂടെ അടച്ചിട്ട തിയറ്ററുകൾ പഴയ ആവേശത്തിലേക്ക് തിരികെ വന്നതാണ് മരക്കാരിന്റെ റിലീസിലൂടെ സംഭവിച്ചിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് ആശംസകൾ അറിയിച്ച് മലയാളത്തിലെ മുഴുവൻ താരങ്ങളും വന്നിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി മുതൽ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിങ്ങനെ താരരാജാവും യുവതാരങ്ങളുമെല്ലാം സജീവമായിരുന്നു.

ഇതോടെ സിനിമ കാണാൻ ആയിരങ്ങളാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഒരു മലയാള സിനിമയുടെ റിലീസ് എല്ലാ ചാനലുകളും രാത്രി 12 മണിക്ക് കവർ ചെയ്യുന്നു എന്ന പ്രത്യേകത കൂടി മരക്കാർ സ്വന്തമാക്കിയിരിക്കുകയാണ്.