തിരുവനന്തപുരം: മോഹൻലാൽ - പ്രിയദർശൻ ടീം ഒന്നിക്കുന്ന 'മരക്കാർ: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. ചിത്രത്തിന്റെ ഓരോ വിശേഷവും ഓൺലൈനിൽ തരംഗമാകുന്നു. ഇപോഴിതാ 'മരക്കാർ: അറബിക്കടലിന്റെ സിംഹ'ത്തിന്റെ കൗണ്ട്ഡൗൺ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.

'മരക്കാർ: അറബിക്കടലിന്റെ സിംഹം' റിലീസിന് 10 ദിവസം ശേഷിക്കെയാണ് കൗണ്ട്ഡൗൺ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'മരക്കാർ: അറബിക്കടലിന്റെ സിംഹ'ത്തിന് ഒട്ടേറെ ഫാൻസ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്. വളരെക്കാലത്തിന് ശേഷം ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെയും ആവേശമാണ് കാണുന്നത്. ഐഎംഡിബിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തിൽ പ്രിയദർശന്റെ സംവിധാനത്തിലുള്ള 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഒന്നാമതെത്തിയിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേർ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദർശനും അനി ഐ വി ശശിയും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

'മരക്കാർ: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാൽ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി 'മരക്കാർ: അറബിക്കടലിന്റെ സിംഹം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുക.