തിരുവനന്തപുരം: മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' എന്നത്. ഒടിയന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന സിനിമയാണ് പ്രിയദർശൻ-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്. പ്രതീക്ഷകളുടെ ഭാരവുമായി എത്തുന്ന സിനിമ വലിയ ക്വാളിറ്റിയോടെയാണ് ഒരുക്കുന്നത്. മലയാളത്തിൽ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചില വെബ്‌സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ വഴിയുമാണ് കുഞ്ഞാലി മരയ്ക്കാരായി ലാലിന്റെ വേഷപ്പകർച്ച പുറത്തുവന്നത്.

ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന വിധത്തിലുള്ള ഗെറ്റപ്പിലാണ് മോഹൻലാൽ സിനിമയിൽ. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് സിനിമയൊരുക്കുന്നതെന്ന് മുൻപ് തന്നെ വാർത്തകൾ വന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച കലാസംവിധായകനും മലയാളിയുമായ സാബു സിറിലാണ് ചിത്രത്തിനായി സെറ്റുകൾ ഒരുക്കുന്നത്. മോഹൻലാൽ മരക്കാരിന്റെ വേഷത്തിലുള്ള ഫോട്ടോക്കായി ആരാധകർ കട്ട കാത്തിരിപ്പിൽ ആയിരുന്നു. ഇപ്പോഴിതാ അതും പുറത്തു വന്നിരിക്കുന്നു.

മലയാളികൾ മുമ്പ് വരെയുള്ള സിനിമകൾ കണ്ടു ശീലിച്ച കുഞ്ഞാലിമരയ്ക്കാറുടെ മലബാർ ശൈലിയിൽ നിന്നും വ്യത്യസ്തമായി മറ്റൊരു വേഷപ്പകർച്ചയാണ് പുതിയ ലുക്കിലുള്ളത്. പടച്ചട്ട അണിഞ്ഞുള്ള രൂപത്തിലാണ് മോഹൻലാലിനെ പുറത്തുവന്ന ചിത്രങ്ങളിൽ ഉള്ളത്. തലപ്പാവും ഷൂസും ധരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ കാണാം. അതേസമയം ചരിത്രവുമായി ഇണങ്ങുന്ന വേഷവിധാനമല്ല ഇതെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. ഹോളിവുഡ് ഗെറ്റപ്പിൽ സിനിമയെടുക്കാൻ വേണ്ടി മലബാറിന്റെ വസ്ത്രവിധാനത്തെ അവഗണിച്ചെന്നും ഇത് മലബാറിന്റെ കുഞ്ഞാലിമരയ്ക്കാറല്ലെന്നും സൈബർ ലോകത്ത് വിമർശനം ഉയരുന്നു.

എന്നാൽ, വിമർശനം എന്തുതന്ന ആയാലും സിനിമയെ കുറിച്ചുള്ള ആകാംക്ഷ പെരുകാൻ ഇടയാക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങൾ. ഹോളിവുഡ് നിലവാരത്തിലേക്ക് ചിത്രം ഉയരുമ്പോൾ വസ്ത്രാലങ്കാരത്തിൽ പ്രശ്‌നങ്ങൾ ഒന്നും കാര്യമാക്കി എടുക്കേണ്ടതില്ലെന്നാണ് ലാൽ ഫാൻസുകാർ പറയുന്നത്. 100 കോടിയോളം രൂപയ്ക്ക് അടുത്തു ചിലവു പ്രതീക്ഷിക്കുന്നതാണ് കുഞ്ഞാലി മരയ്ക്കാർ ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സി.ജെ റോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ ആരാധകർക്കൊക്കെ ഉള്ളത്. മുൻപ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരക്കാർ എന്ന ചിത്രം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നടന്നില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടി ആരാധകർ പോലും ഈ മോഹൻലാലിന്റെ മരക്കാരിനായി കാത്തിരിക്കുകയാണ്.

ഹൈദരാബാദിലെ റമോജി ഫിലിം സിറ്റിയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. കഴിഞ്ഞകാലം പറയുന്ന മരയ്ക്കാറിനു വേണ്ടി സാബു സിറിളിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ പടുകൂറ്റൻ സെറ്റ് ആണ് ഒരുങ്ങുന്നത്. ഇതിൽ കപ്പലിന്റെ മാതൃക ശ്രദ്ധേയമാണ്. വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ, അഥവാ കുട്ട്യാലി മരയ്ക്കാർ ആയെത്തുന്നത് മധുവാണ്. സുനിൽ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. നടൻ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്.

കൂടാതെ പ്രിയദർശൻ ചിത്രത്തിന്റെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ചിത്രം പുറത്തിറങ്ങും. ബ്രിട്ടീഷ് പോർച്ചുഗീസ് ചൈനീസ് നടന്മാരും ചിത്രത്തിൽ സഹകരിക്കും. മലയാളത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ചിത്രമായിരിക്കും ഇത്. നവംബർ മാസം, കേരളപ്പിറവി ദിനത്തിൽ, ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും, പ്രളയ ദുരിതാശ്വാസത്തിനായി നടക്കുന്ന താര സംഘടനയുടെ സ്റ്റേജ് ഷോക്ക് സൗകര്യമൊരുക്കാനായി മാറ്റി വയ്ക്കുകയായിരുന്നു.