തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിയറ്റർ കൗണ്ട് ആണ് 'മരക്കാറി'ന് ലഭിച്ചത്. കേരളത്തിലെ 626 സ്‌ക്രീനുകളിലും പ്രദർശനത്തിനെത്തിയ 'മരക്കാറി'ന് മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും സെന്ററുകൾ കൂട്ടി ആകെ 4100 സ്‌ക്രീനുകൾ ഉണ്ട്. റിലീസ് ദിനത്തിൽ ചിത്രം ലോകമാകെ 16,000 പ്രദർശനങ്ങൾ നടത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്.

യുഎഇയിൽ മാത്രം 64 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അവിടെ 368 പ്രദർശനങ്ങളിൽ നിന്ന് 2.98 കോടി രൂപയാണ് മരക്കാർ നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നു. 35,879 ടിക്കറ്റുകളാണ് യുഎഇയിൽ ആദ്യദിനം ഇതുവരെ വിറ്റിരിക്കുന്നതെന്നും അദ്ദേഹം അറിയിക്കുന്നു.

യുഎഇ, ജിസിസി, യുകെ, യുഎസ്എ, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിത്രമെത്തി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ യുഎഇ പ്രീമിയറിന്റെ ആദ്യ കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. അതേസമയം റിലീസിനു മുൻപുള്ള ടിക്കറ്റ് ബുക്കിംഗിൽ നിന്നു മാത്രമായി ചിത്രം 100 കോടി കളക്റ്റ് ചെയ്തുകഴിഞ്ഞെന്നും ആശിർവാദ് സിനിമാസ് അറിയിച്ചിരുന്നു.

പ്രേക്ഷകരുടെ രണ്ട് വർഷത്തോളമുള്ള കാത്തിരിപ്പിനു ശേഷമെത്തുന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് വൻ ആഘോഷങ്ങളാണ് ആരാധകർ സംഘടിപ്പിച്ചിരുന്നത്. പ്രമുഖ സെന്ററുകളിലെല്ലാം 12 മണിക്കുള്ള ആദ്യ പ്രദർശനങ്ങൾക്കു മുൻപ് ഡിജെ പാർട്ടികൾ നടന്നു. എറണാകുളം സരിതയിൽ അർധരാത്രിയിൽ നടന്ന ആദ്യ പ്രദർശനം കാണാൻ മോഹൻലാൽ നേരിട്ടെത്തി.

മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രവുമാണ് മരക്കാർ. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള അവാർഡും നേടിയ ചിത്രമാണിത്. റിലീസ് ദിന കളക്ഷന്ററെ കാര്യത്തിൽ മരക്കാർ രചിക്കുന്ന റെക്കോർഡ് എത്രയെന്നറിയാനുള്ള കൗതുകത്തിലാണ് മലയാള ചലച്ചിത്ര വ്യവസായം.