- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യമിട്ടത് മരക്കാറിന്റെ റിലീസ് ദിനത്തിൽ പുലർച്ചെ മുതലുള്ള പ്രദർശനം; ആരാധകരുടെ സംഘടന വിറ്റഴിച്ചത് ആയിരക്കണക്കിന് ടിക്കറ്റുകൾ; ഒടിടി റിലീസ് തീരുമാനിച്ചതോടെ തകർന്നത് പീരിഡ് ഡ്രാമ ആഘോഷമാക്കാനുള്ള ആഗ്രഹം; മോഹൻലാൽ ഫാൻസ് കടുത്ത നിരാശയിൽ
തിരുവനന്തപുരം: മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഡ്രീം പ്രൊജക്ട് 'മരക്കാർ അറബിക്കടലിന്റെ സിംഹം' തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് വേണ്ടി നടന്ന ചർച്ചകൾ തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിമാറി ഒടുവിൽ ഒടിടി റിലീസ് പ്രഖ്യാപനം വന്നതോടെ കടുത്ത നിരാശയിൽ ആരാധകർ.
റിലീസ് ദിവസം പുലർച്ചെ മുതൽ ഫാൻസിന് വേണ്ടി പ്രത്യേക പ്രദർശനം നടത്താൻ 2019ൽ തന്നെ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ടിക്കറ്റ് വിറ്റഴിച്ചിരുന്നു. മോഹൻലാൽ ആരാധകരുടെ ഔദ്യോഗിക സംഘടനയാണ് ടിക്കറ്റ് വിറ്റിരുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഫാൻസ് ഷോ നടത്തി മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ബജറ്റുള്ള പീരിഡ് ഡ്രാമ ആഘോഷമാക്കാനുള്ള ആഗ്രഹമാണ് തകർന്നടിഞ്ഞത്.
ചരിത്രത്തിലെ തന്നെ വലിയ പ്രതിസന്ധിക്ക് ശേഷം തിയറ്റുകൾ വീണ്ടും ഉണരുമ്പോൾ വലിയ പ്രതീക്ഷ അർപ്പിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം ഒടിടി റിലീസിന് നൽകാനുള്ള തീരുമാനം വന്നതോടെ വലിയ പ്രതിഷേധങ്ങളും ചർച്ചകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം നടന്നത്.
തിയറ്ററിന് വേണ്ടി ഡിസൈൻ ചെയ്ത കാലാപാനിക്ക് ശേഷം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഡ്രീം പ്രൊജക്ട് മൊബൈൽ സ്‌ക്രീനിലേക്ക് ചുരുങ്ങിയതിലെ നിരാശ ആരാധകരും പരസ്യപ്പെടുത്തുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നതോടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ രംഗത്തെത്തി. ആന്റണിയുടെ എല്ലാ തീരുമാനത്തിനും ഞങ്ങളുടെ കൂടെ എന്നാണ് മോഹൻലാൽ ഫാൻസ് ജനറൽ സെക്രട്ടറി വിമൽ കുമാർ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. പോസ്റ്റിന് താഴെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേരെ കാണാം.
മോഹൻലാൽ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിൽ. ഒടിടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സർവേകൾ നടത്തുകയും ചെയ്യുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബൽ എന്ന പേജ് ആണ് ഈ വിവരം പുറത്തുവിട്ടത്.
Mohanlal's big budget action entertainer #Marakkar goes for a direct OTT release with Amazon Prime.
- LetsOTT GLOBAL (@LetsOTT) October 31, 2021
SIGNED.. SEALED AND CONFIRMED. pic.twitter.com/4RKi89Ns5D
'മരക്കാർ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴും ഒടുവിൽ അത് പൂർത്തിയായപ്പോഴും തിയറ്റർ റിലീസ് മാത്രമാണ് ആലോചിച്ചിരുന്നത്. അതിനായാണ് കാത്തിരുന്നത്. എന്ത് ചെയ്യണമെന്ന ആശങ്കയാണ് ഇപ്പോൾ എന്റെ മനസിൽ.' മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പറഞ്ഞതിങ്ങനെയാണ്.
എന്നാൽ റിലീസ് തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതാണ് ചിത്രം ഒടിടിക്കു നൽകാൻ നിർമ്മാതാവിനെ പ്രേരിപ്പിച്ചത്. തിയറ്റർ റിലീസിനായി പല സംഘടനകളും സമ്മർദം ചെലുത്തിയെങ്കിലും ഒടുവിൽ മരക്കാർ ആമസോണിനു നൽകാൻ അണിയറക്കാർ തീരുമാനിക്കുകയായിരുന്നു.
ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തിനൊപ്പമാണ് ആരാധകരെന്ന് ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിമൽ കുമാർ പ്രതികരിച്ചു. നമ്മുടെ സന്തോഷങ്ങളും ആഘോഷങ്ങളും ഇല്ലെങ്കിലും മറ്റൊരാൾ സങ്കടപ്പെടാൻ പാടില്ല. ഒരു സിനിമയുടെ നിർമ്മാതാവ് കൂടിയായ തനിക്ക് നിർമ്മാതാവിന്റെ നഷ്ടമെന്താണെന്ന് വ്യക്തമായി അറിയാമെന്നും വിമൽ പ്രതികരിച്ചു.
'ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തെ പൂർണമായും സ്വാഗതം ചെയ്യുന്നു. അത് ഞാൻ അദ്ദേഹത്തോട് നേരിട്ട് പറയുകയും ചെയ്തിരുന്നു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, സിനിമ ഒടിടിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് സംഘടനയിലെ അംഗങ്ങളോട് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഞാൻ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി, അവരും ഈ തീരുമാനത്തിനൊപ്പമാണ്. ഇനിയൊരു പക്ഷെ സിനിമ തിയറ്ററിലെത്തിയാൽ അതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ഒരോ സിനിമയ്ക്ക് അഡ്വാൻസായി തിയറ്ററുടമകളിൽ നിന്ന് ഡിപ്പോസിറ്റ് വാങ്ങും. അഞ്ച് ലക്ഷം രൂപ നൽകി പടമെടുത്ത് അതിന് പത്തും പതിനഞ്ചും ലക്ഷം രൂപ ഷെയർ വന്നാലും കൃത്യമായി നൽകാത്തവരാണ് ചില തിയറ്ററുകാർ. പടം ക്ലോസ് ചെയ്താലും അവർ ആ പണം നൽകില്ല. ഇവർ ഈ പണമെടുത്ത് മറ്റ് സിനിമകൾക്ക് ഡെപ്പോസിറ്റ് കൊടുക്കും. കിട്ടേണ്ട ആളുകൾക്ക് പണം ലഭിക്കുകയും ഇല്ല. ഇതൊക്കെയാണ് ഇവിടെ നടക്കുന്നതെന്നും വിമൽ കുമാർ കുറ്റപ്പെടുത്തി.
മരക്കാർ തിയറ്ററിൽ തന്നെ കാണണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹമെന്നാണ് മോഹൻലാൽ ആരാധകനായ ആദർശ് വിജയൻ പ്രതികരിച്ചത്. തിയറ്ററുകാർ കുറച്ചുകൂടെ സഹകരിക്കണമായിരുന്നുവെന്നും ആദർശ് വിജയൻ പറയുന്നു.
'ഫാൻസ് ഷോയ്ക്ക് നേരത്തെ ടിക്കറ്റെടുത്ത് കാത്തിരുന്നവരാണ് ഞങ്ങൾ. വെളുപ്പിന് നാല് മണിയുടെ ഷോയ്ക്കായിരുന്നു ടിക്കറ്റ് എടുത്തത്. റിലീസ് മാറ്റിവെച്ചപ്പോൾ ഇതേ ടിക്കറ്റ് തന്നെ ഉപയോഗിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്രയും പ്രതീക്ഷയോടെ കാത്തിരുന്ന് ഒടിടി റിലീസ് എന്ന് കേൾക്കുമ്പോൾ വിഷമമുണ്ട്. ആരാധർക്കായി തിയറ്ററിൽ പ്രത്യേക പ്രദർശനം നടത്താമെന്ന് ആന്റണി ചേട്ടൻ പറഞ്ഞതിലാണ് ചെറിയ ആശ്വാസമുള്ളത്. ഇത്രയും നാളായി കാത്തിരിക്കുന്നതല്ലെ. ബ്രോ ഡാഡി ഉൾപ്പടെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് പറയുന്നത്. ലാലേട്ടന്റെ ഒരു സാന്നിധ്യം പോലും തിയറ്ററുകൾ തുറന്നിട്ട് ഇല്ല. ഇതിൽ നല്ല വിഷമമുണ്ട്.'
തിയറ്റർ ഉടമകൾക്ക് ചില വിട്ടുവീഴ്ചകൾ ചെയ്യാമായിരുന്നുവെന്നും ആദർശ് പ്രതികരിച്ചു. 'ചെലവേറിയ സിനിമയാണ് മരക്കാർ, അത്രയും തുക ഒരാൾ രണ്ട് വർഷത്തേക്കൊക്കെ റോൾ ചെയ്ത് മാറ്റിവെക്കുക എന്ന് പറഞ്ഞാൽ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടാകും. ആന്റണി ചേട്ടൻ സിനിമയിൽ നിന്ന് പണമുണ്ടാക്കി സിനിമയിൽ തന്നെ ഇൻവെസ്റ്റ് ചെയ്യുന്ന ആളാണ്. തിയറ്ററുകാർ കുറച്ചുകൂടെ സഹകരിക്കണമായിരുന്നു', ആദർശ് കൂട്ടിച്ചേർത്തു.
2020 മാർച്ച് 26ന് റിലീസ് നിശ്ചയിച്ച സമയത്താണ് ഫാൻസ് ഷോ തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടർന്ന് റിലീസ് ഡേറ്റ് നാല് തവണ മാറ്റിവച്ചു. ഒടുവിലാണ് ഒടിടി റിലീസായി തീരുമാനിച്ചത്. വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലായിരുന്ന മരക്കാർ ഒടിടി റിലീസായിരിക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചത്.
കോവിഡ് ഉൾപ്പടെ പല കാരണങ്ങളാലാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാത്തതെന്നും ആന്റണി പെരുമ്പാവൂർ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. തിയേറ്റർ ഉടമകളുടെ സംഘടന ചിത്രത്തിന്റെ തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട് ഒരു പരിഗണനയ്ക്കും തയ്യാറല്ലെന്ന് അറിയാൻ കഴിഞ്ഞതിനാലാണ് മന്ത്രി സജി ചെറിയാനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറിയത്.
മരക്കാർ സിനിമയ്ക്ക് 4 കോടി 80 ലക്ഷം രൂപ മാത്രമാണ് തിയറ്ററുകളിൽ നിന്ന് അഡ്വാൻസ് ലഭിച്ചത്. 40 കോടിയെന്നത് വ്യാജപ്രചരണമാണ്. മോഹൻലാലിന്റെയും പ്രിയദർശന്റെയും സമ്മതത്തോടെയാണ് തീരുമാനമെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.
പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വർഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചെലവിട്ടാണ് നിർമ്മിച്ചത്. 2020 മാർച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു. പിന്നീട് പല റിലീസ് തിയതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു പല കാരണങ്ങളാൽ അതൊന്നും നടന്നില്ല.
മറുനാടന് മലയാളി ബ്യൂറോ