- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ടി.ടി റിലീസ്: മരക്കാറിന്റെ തീയേറ്റർ പ്രദർശനം മറ്റന്നാൾ നിർത്തും; കുറുപ്പ് സിനിമയുടേത് അവസാനിപ്പിക്കാനും നിർദ്ദേശം; നിലപാട് കടുപ്പിച്ച് ഫിയോക്; തീരുമാനം, കുറുപ്പ് നെറ്റ്ഫ്ളിക്സിൽ റിലീസ്ചെയ്തതിന് പിന്നാലെ; ക്രിസ്തുമസ് കാലം ആഘോഷമാക്കാൻ ഒരുങ്ങി നെറ്റ്ഫ്ളിക്സും ആമസോണും
കൊച്ചി: മലയാള സിനിമകളുടെ ഒ.ടി.ടി റീലീസുമായി ബന്ധപ്പെട്ട് തിയേറ്റർ പ്രദർശനത്തിൽ നിലപാട് കടുപ്പിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ ഒടിടി റിലീസ് സംബന്ധിച്ചാണ് പുതിയ വിവാദം. കുറുപ്പ്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ തിയേറ്റർ പ്രദർശനം അവസാനിപ്പിക്കണമെന്ന് ഫിയോക് ആവശ്യപ്പെട്ടു.
മരക്കാറിന്റെ പ്രദർശനം മറ്റന്നാൾ നിർത്തുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.കുറുപ്പ് സിനിമയുടെ തിയേറ്റർ പ്രദർശനം ഉടൻ അവസാനിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്.തിയേറ്റർ ഉടമകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയെന്നാണ് വിവരം.കുറുപ്പ് നെറ്റ്ഫ്ളിക്സിൽ റിലീസ്ചെയ്തതിന് പിന്നാലെയാണ് തീരുമാനം.
ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്' ഡിസംബർ 17ന് ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 14-ാം തിയ്യതി അർദ്ധരാത്രിയോടെ തന്നെ ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തിരുന്നു. നവംബർ 12ന് റിലീസിനെത്തിയ ചിത്രം തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്.
അതിനിടയിലാണ് നെറ്റ്ഫ്ളിക്സിലും കുറുപ്പ് റിലീസ് ചെയ്തത്. ഒടിടി പ്ലാറ്റ് ഫോമിൽ തിയേറ്ററിൽ പ്രദർശം തുടരുന്ന ഒരു ചിത്രം റിലീസ് ചെയ്യുന്നതിനോട് വലിയ പ്രതിഷേധമായിരുന്നു തിയേറ്റർ ഉടമകൾ നടത്തിയിരുന്നത്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ കുറുപ്പ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുകയായിരുന്നു. ഇതോടെയാണ് നിലപാട് കടുപ്പിച്ച് ഫിയോക് രംഗത്ത് എത്തിയത്.
നിരവധി വിവാദങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ചിത്രം മരക്കാർ തിയേറ്ററുകളിലെത്തിയത്.മുൻപ് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങളും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇത് സ്ഥിരീകരിച്ച വർത്തകളും പുറത്ത് വന്നിരുന്നു. വലിയ പ്രതിഷേധങ്ങൾക്കായിരുന്നു ഇത് തിരി കൊളുത്തിയിരുന്നത്.അവസാന നിമിഷമാണ് മന്ത്രിയടക്കം ചർച്ച നടത്തി സിനിമ തിയേറ്ററിലെത്തിയത്്.
്
തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ദുൽഖർ ചിത്രം കുറുപ്പും മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹവും സുരേഷ് ഗോപിയുടെ കാവലും ഒ.ടി.ടി റിലീസിനെത്തുന്നത്. തിയറ്ററുകളിലേക്ക് ആളുകളെ തിരികെയെത്തിച്ച മൂന്ന് ചിത്രങ്ങളും ആമസോണിലും നെറ്റ്ഫ്ളിക്സിലുമായി എത്തുമ്പോൾ തിയേറ്റർ പ്രദർശനം നിർത്തണമെന്നാണ് ഫിയോക് ആവശ്യപ്പെടുന്നത്.
80 കോടിയിലധികം വേൾഡ് വൈഡ് കലക്ഷനുമായി കുതിക്കുന്ന കുറുപ്പ് 17ന് നെറ്റ്ഫ്ളിക്സിലൂടെയാണ് പുറത്തിറങ്ങുന്നത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈന്മെന്റ്സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാനും ശോഭിദ ധുലിപാലയും സണ്ണി വെയ്നും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ കുറുപ്പിന് തിയറ്ററുകളിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.
പ്രിയദർശന്റെ സംവിധാനത്തിൽ 100 കോടി ബജറ്റിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിലൂടെ ഡിസംബർ 17ന് പുറത്തിറങ്ങും. ആമസോൺ പ്രൈം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആമസോൺ ഹെൽപ്പ് എന്ന ഫേസ്ബുക്ക് ഹാൻഡിലൂടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സ്ഥിരീകരിച്ചത്. ചിത്രം 17ന് ആമസോൺ പ്രൈം പ്ലാറ്റ്ഫോമിൽ ലൈവ് ആകുമെന്നാണ് അറിയിച്ചത്.
ഡിസംബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 15 ദിവസങ്ങൾക്ക് ശേഷം ഒ.ടി.ടിയിലെത്തുകയാണ്. മോഹൻലാൽ കുഞ്ഞാലി മരക്കാർ നാലാമനായി എത്തിയ ചിത്രം അഞ്ചു ഭാഷകളിലായി 4000ത്തോളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ,മഞ്ജു വാര്യർ, കീർത്തി സുരേഷ്, നെടുമുടി വേണു, ഫാസിൽ, ഇന്നസെന്റ്, സിദ്ദിഖ്, മാമുക്കോയ, മണിക്കുട്ടൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ആന്റണി പെരുമ്പാവൂരാണ് മരക്കാർ നിർമ്മിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ ആണ് ഒ.ടി.ടിയിൽ വരുന്ന മൂന്നാമത്തെ ചിത്രം. ചിത്രം നെറ്റ്ഫ്ളിക്സിൽ ഡിസംബർ 23ന് പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ 25നായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതേ സമയം ചിത്രത്തിനെതിരെയും നായകൻ സുരേഷ് ഗോപിക്ക് എതിരെയും സാമൂഹ്യ മാധ്യമങ്ങളിൽ ചില ആളുകൾ മോശം പ്രതികരണങ്ങളുമായി രംഗത്ത് വന്നിരുന്നു.
അതേസമയം, ടോവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി, ജോജു ജോർജും അഹമ്മദ് കബീറും ഒന്നിക്കുന്ന മധുരം എന്നീ സിനിമകൾ അതിന് മുമ്പായി ഒ.ടി.ടി റിലീസായി വരുന്നുണ്ട്. മോഹൻ ലാൽ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി, വൈശാഖ്-മോഹൻലാൽ ചിത്രം മോൺസ്റ്റർ, ഷാജി കൈലാസ്-മോഹൻലാൽ ചിത്രം എലോൺ തുടങ്ങിയ ചിത്രങ്ങളും ഒ.ടി.ടി റിലീസായി എത്തുമെന്നാണ് സൂചന.
തിയറ്ററുകളിൽ ആവേശം തീർക്കാൻ വീണ്ടുമൊരു ക്രിസ്മസ് കാലം എത്തുമ്പോൾ ഒപ്പം മുന്നേറാനാണ് ഒടിടി റിലീസിലൂടെയും തയ്യാറെടുക്കുന്നത്. കോവിഡിനോട് അനുബന്ധിച്ച് നിശബ്ദമായ സിനിമാലോകത്തിന് പുത്തൻ ഉണർവ് നൽകി തിയറ്ററുകൾ സജീവമായിരിക്കുമ്പോഴാണ് ഒടിടി റിലീസ് വിവാദവും സിനിമകളുടെ പിൻവലിക്കൽ തീരുമാനവും ഒക്കെയുണ്ടാകുന്നത്
ക്രിസ്മസ് റിലീസായി ഒരുപിടി ചിത്രങ്ങളാണ് തിയറ്ററുകളിലും ഒടിടിയിലുമായി റിലീസിനൊരുങ്ങുന്നത്. അല്ലു അർജുൻ- ഫഹദ് ചിത്രം പുഷ്പ, അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ, ജിബൂട്ടി, സ്പൈഡർമാൻ: നോ വേ ഹോം എന്നിവയാണ് പ്രധാന തിയറ്റർ റിലീസുകൾ.
ഇതിൽ ആരാധകർക്കു വിരുന്നൊരുക്കി 'കുറുപ്പ്' നെറ്റ്ഫ്ളിക്സിൽ റിലീസിനെത്തിയിട്ടുണ്ട്. ഡിസംബർ 16ന് സ്പൈഡർമാനും 17ന് പുഷ്പയും തിയറ്ററിലെത്തുന്നതോടെ ചലച്ചിത്രോത്സവം തുടങ്ങുകയായി. മോഹൻലാലിന്റെ 'മരക്കാറും' ഡിസംബർ 17ന് റിലീസ് ചെയ്യുമെന്ന് ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ചിമ്പുവെങ്കട് പ്രഭു കൂട്ടുകെട്ടിൽ പുറത്തിറങ്ങി തിയറ്ററുകളിൽ വലിയ വിജയം നേടിയ തമിഴ്ചിത്രം 'മാനാടും' സോണി ഒടിടി പ്ലാറ്റ്ഫോമിലൂടെ ഡിസംബറിൽ റിലീസ് ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ