- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ പ്രിവ്യൂ കണ്ട് ശേഷം 'എന്തു വേണം ആന്റണീ'യെന്ന് മോഹൻലാലിന്റെ ചോദ്യം; നമുക്കു നഷ്ടം സഹിക്കാം ലാൽ സാർ എന്നു മറുപടിയും; ഇതോടെ ആന്റണിയെ പഴയ ജീവിതത്തിലേക്ക് വിടാനില്ലെന്ന് പറഞ്ഞ പ്രിയദർശനും വാക്കുമാറ്റി; സുചിത്രയും സമ്മതം മൂളിയപ്പോൾ മരയ്ക്കാർ തീയറ്ററിലേക്ക്; ആ കഥ ഇങ്ങനെ
തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തീയറ്ററിലേക്ക് എത്തിക്കാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തീരുമാനിച്ചത്. സിനിമ കണ്ട മോഹൻലാലിന്റെയും സുചിത്ര മോഹൻലാലിന്റെയും തീരുമാനങ്ങളായിരുന്നു ഇതിൽ നിർണായകമായത്. നഷ്ടം സഹിക്കാതെ തീയറ്ററിൽ എത്തിക്കാം എന്ന ആലോചനയിൽ ഒടിടിയിൽ ചിത്രം ഓടിക്കാമെന്ന് കരുതിയ ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ താൽപ്പര്യം എന്താണെന്ന് അറിഞ്ഞതോടെ മനസ്സു മാറ്റുകയായിരുന്നു. കുറുപ്പിന് ലഭിച്ച പ്രീ ബുക്കിംഗും യുഎഇയിൽ ദേശീയദിനാചരണത്തോട് അനുബന്ധിച്ചുള്ള അവധികളും വരുന്നു എന്നതും കൂടിയായപ്പോൾ മരയ്ക്കാർ തീയറ്ററിലേക്ക് തന്നെ പായ് വഞ്ചി തിരിക്കയായിരുന്നു.
ഒടിടിയിലേക്ക് എന്ന് ഉറപ്പിച്ചിടത്തു നിന്നുമാണ് തീയറ്ററിലേക്ക് ചിത്രം മാറ്റിയത്. കരാർ ഒപ്പുവയ്ക്കാൻ തീരുമാനിച്ചത് മോഹൻലാലും ആന്റണിയും ചേർന്നാണ്. ഇതു പ്രിയദർശനോടു പറയുകയും ചെയ്തു. കൊൽക്കത്തയിലേക്കു ഷൂട്ടിങ്ങിനു പോകുന്നതിനു മുൻപു ലാലിനേയും ആന്റണിയേയും വിളിച്ചു പ്രിയദർശൻ പറഞ്ഞു. തീരുമാനിക്കുന്നതിനു മുൻപ് നിങ്ങൾ തിയറ്ററിലിരുന്നു ഈ സിനിമ കാണണം. നിങ്ങൾ മാത്രം'. തുടർന്ന് ചെന്നായിൽ ലിസിയുടെ തീയറ്ററിൽ വെച്ച ആ സിനിമ മൂന്ന് പേർ ചേർന്നുകണ്ടു. മോഹൻലാലും സുചിത്രയും ആന്റണി പെരുമ്പാവൂരും.
സിനിമ കണ്ട് കഴിഞ്ഞപ്പോൾ തന്നെ മോഹൻലാൽ മനസ്സിൽ ഉറപ്പിച്ചിരുന്നു, ഈ ചിത്രം തീയറ്ററിൽ കളിക്കുമെന്ന്. ഇതോടെ മോഹൻലാലും മനസ്സു മാറ്റി. തിയറ്ററിനു പുറത്തിറങ്ങിയ ഉടനെ ആന്റണിയോടു ലാൽ ചോദിച്ചു, 'എന്തു വേണം ആന്റണീ. ലാലിന്റെ മനസ്സ് നല്ലതു പോലെ അറിയാവുന്ന ആന്റണി പറഞ്ഞു. നമുക്ക് നഷ്ടം സഹിക്കാം ലാൽ സാർ. തിയറ്ററിൽ പോയാൽ എത്ര നഷ്ടം വരും ആന്റണിയെന്ന് ചോദിച്ചപ്പോൾ എത്രയായാലും സഹിക്കണമെന്നുമായി ലാൽ.
പിന്നീട് അതിവേഗത്തിലാണ് കാര്യങ്ങൾ നടന്നത്. ലാൽ പ്രിയദർശനെ വിളിച്ചു സിനിമ തീയറ്ററിലേക്ക് പോകുന്നു എന്ന് വ്യക്തമാക്കി. പ്രിയൻ ,കൂടുതലൊന്നും പറയാനില്ല.ഞങ്ങൾ ആലോചിച്ചു ഉടൻ വിളിക്കാം. തൊട്ടടുത്ത നിമിഷം ആന്റണി വിളിച്ചു. സർ,ഇതു നഷ്ടമോ ലാഭമോ എന്നു നോക്കുന്നില്ല. തിയറ്ററിൽ കളിച്ചിരിക്കും എന്നായി ആന്റണി. ഇതോടെ ആലോചിച്ചു മതിയെന്ന് പ്രിയദർശനും പറഞ്ഞു. എനിക്കു താങ്ങാവുന്ന നഷ്ടമാണോ എന്നു മാത്രമേ നോക്കാനുള്ളു. പരമവധി വിട്ടു വീഴ്ച ചെയ്തു ഞാനിതു തിയറ്ററിൽ എത്തിക്കും സർ. ആരുമായും സംസാരിക്കാൻ തയാറാണെന്നും ആന്റണി വ്യക്തമാക്കി.
ഒടിടിയിൽ വിൽക്കാൻ തീരുമാനിച്ചപ്പോൾ അതീവ വികാര നിർഭരമായാണു പ്രിയദർശൻ ആന്റണിയേക്കുറിച്ചു സംസാരിച്ചത്. 'ഞങ്ങൾ കൂടെ ചേർത്തുനിർത്തുന്നു' എന്നാണ് പ്രിയൻ പറഞ്ഞത്. ആന്റണിയെ പഴയ ജീവിതത്തിലേക്ക് തള്ളിവിടാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സിനിമ തീയറ്ററിൽ കളിക്കണമെന്ന അഭിപ്രായമായിരുന്നു സുചിത്ര മോഹൻലാലിനും.
ആത്മസുഹൃത്ത് ജി സുരേഷ് കുമാറിനോടും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനോടും അടക്കം മനസ്സ് തുറന്നു. ഇതോടെയാണ് സിനിമാ മന്ത്രി സജി ചെറിയാൻ പ്രശ്നത്തിൽ ഇടപെട്ടത്. തിയേറ്റർ സംഘടനയായ ഫിയോക്കിനെ വരുതിയിലാക്കാൻ മന്ത്രി സജി ചെറിയാൻ നേരിട്ട് എത്തുകയും ചെയ്തു. ഇന്നലെ പത്ത് മിനിറ്റ് നീണ്ട ടെലിഫോൺ ചർച്ചയിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു.
മോഹൻലാൽ തിയേറ്റർ റിലീസിന് അനുകൂലമാണെന്ന് മനസ്സിലാക്കി മന്ത്രി സജി ചെറിയാൻ ഉറച്ച തീരുമാനം എടുത്തു. ആ പ്രശ്നം അങ്ങ് പറഞ്ഞ് അവസാനിപ്പിക്കുകയാണ്. മരയ്ക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണം. എല്ലാ തിയേറ്ററുകാരും സഹകരിച്ചേ പറ്റൂ-ഇതായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ഇതിനെ ഫിയോക് പ്രസിഡന്റ് വിജയകുമാർ തലയാട്ടി സമ്മതിക്കുകയും ചെയ്തു. ഈ ചർച്ചയിലേക്ക് തിയേറ്റർ ഫെഡറേഷൻ നേതാവ് കൂടിയായ ലിബർട്ടി ബഷീറിനെ പങ്കെടുപ്പിച്ചുമില്ല. തിയേറ്റർ സംഘടനയെ മരയ്ക്കാർ മുൻനിർത്തി പൊളിക്കാമെന്ന ലിബർട്ടി ബഷീറിന്റെ ശ്രമങ്ങളാണ് പൊളിഞ്ഞത്. ഇതിനൊപ്പം വീമ്പു പറഞ്ഞു നടന്ന വിജയകുമാറിനെ അപ്രസക്തനാക്കുകയും ചെയ്തു. അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷികളെ വീഴ്ത്തുകയായിരുന്നു ലാലും സംഘവും.
ഫലത്തിൽ ഫിയോക്കിൽ ഇനി ദിലീപിനും ആന്റണി പെരുമ്പാവൂരിനും സ്വാധീനം കൂടും. വിജയകുമാറിന്റെ മേൽകൈ ഇല്ലാതാവുകയും ചെയ്തു. ലിബർട്ടി ബഷീറിന്റെ ഏകാധിപത്യം അവസാനിപ്പിക്കാനാണ് ദിലീപും ആന്റണിയും ചേർന്ന് ഫിയോക്ക് ഉണ്ടാക്കിയത്. ദിലീപാണ് സംഘടനയുടെ ആജീവനാന്ത ചെയർമാൻ. ആന്റണി വൈസ് ചെയർമാനും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിസന്ധിയിലായപ്പോൾ ഈ സംഘടനയെ വിജയകുമാർ ഹൈജാക്ക് ചെയ്തു. മരയ്ക്കാറിനെ തിയേറ്ററിൽ എത്തിക്കാതെ ആന്റണിയേയും ദിലീപിനേയും പ്രതിക്കൂട്ടിൽ നിർത്തി വിജയകുമാർ മുന്നേറി. ആന്റണിയെ ഉപരോധിക്കാൻ പോലും തീരുമാനിച്ചു.
ഇതോടെ ഒടിടിയിലേക്ക് മരയ്ക്കാർ പോവുമെന്ന അവസ്ഥ വന്നത്. എന്നാൽ പ്രിവ്യൂ ഷോ മോഹൻലാൽ കണ്ടതോടെ എല്ലാം മാറി മറിഞ്ഞു. സുരേഷ് കുമാറും ഉണ്ണികൃഷ്ണനും കൂടെ നിന്നതോടെ മോഹൻലാലിന്റെ ആഗ്രഹവും നടന്നു. പ്രിയദർശന്റെ ചിത്രം അങ്ങനെ തിയേറ്ററിൽ എത്തുകയാണ്. ഉപാധികളൊന്നും ഇല്ലാതെയാണ് തിയേറ്ററിലേക്ക് മരയ്ക്കാറെ മോഹൻലാൽ വിട്ടു നൽകുന്നത്. ഇതു മൂലം ആമസോണിൽ നിന്ന് ലഭിക്കുന്ന തുകയുടെ തോതും കുറയും. ഏതാണ് അമ്പതു കോടിയോളം കുറയുമെന്നാണ് സൂചന. ആമസോണിൽ റിലീസ് ചെയ്തിരുന്നുവെങ്കിൽ 90 കോടി ഈ ചിത്രത്തിന് കിട്ടുമായിരുന്നു.
തിയേറ്റർ റിലീസും ഒടിടി പ്രദർശനവും സാറ്റലൈറ്റ് റൈറ്റും കൂടി 150 കോടിയെങ്കിലും കുറഞ്ഞത് മരയ്ക്കാറിലൂടെ നിർമ്മാതാവിന് കിട്ടുമെന്നാണ് വിലയിരുത്തൽ. തിയേറ്ററുകളെ ചിത്രം സജീവമാക്കുകയും ചെയ്യും. ഫിയോക്കിലുള്ളവർക്കൊപ്പം ലിബർട്ടി ബഷീറിനൊപ്പമുള്ള തിയേറ്ററുകളിലും മരയ്ക്കാർ റിലീസ് ചെയ്യും. ആരേയും പിണക്കാതെയുള്ള റിലീസാണ് മോഹൻലാൽ ആഗ്രഹിക്കുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ രണ്ടിന് തിയേറ്ററിൽ എത്തുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. ഏറെ അനിശ്ചിത്വത്തിനും മാറ്റിവയ്ക്കലുകൾക്കു മൊടുവിലാണ് ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനമായത്.
മറുനാടന് മലയാളി ബ്യൂറോ