കൊച്ചി: മരക്കാർ അറബികടലിന്റെ സിംഹം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ. ഫിലീം ചേംബറുമായി നടത്തിയ ചർച്ചയിലാണ് സജി ചെറിയാൻ ഇക്കാര്യം വ്യക്തമാക്കിയത്. 15 ദിവസമെങ്കിലും തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കണമെന്നാണ് മന്ത്രി ചർച്ചയിൽ അറിയിച്ചത്.

അതേസമയം, അഞ്ചാം തീയതിയിലെ ചർച്ചയിലേക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പ്രതികരിച്ചു. വിളിച്ചാൽ പങ്കെടുക്കും. ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. എന്നാൽ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറല്ല. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഫിയോക്ക് യോഗം ചേർന്ന് കാര്യങ്ങൾ നിശ്ചയിക്കുമെന്നും ചിത്രം തങ്ങൾ ഉപേക്ഷിച്ചതാണെന്നും വിജയകുമാർ വ്യക്തമാക്കി.

തിയേറ്റർ റിലീസും ഒടിടി റിലീസും ഒന്നിച്ച് അനുവദിക്കില്ലെന്നും വിജയകുമാർ പറഞ്ഞു. ഒടിടി റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. എന്നാൽ മരക്കാർ സിനിമ തിയേറ്റർ റിലീസ് ചെയ്യണമെങ്കിൽ നിരവധി ആവശ്യങ്ങളാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ചിരിക്കുന്നത്. തിയേറ്ററുടമകൾ അഡ്വാൻസ് തുക നൽകണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകൾ വേണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്. ഇതോടൊപ്പം സിനിമാപ്രദർശനവും ആയി ബന്ധപ്പെട്ട മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂർ ചേംബർ ഭാരവാഹികൾ അറിയിച്ചു.

ഓരോ തിയേറ്റർ ഉടമകളും ലക്ഷക്കണക്കിന് രൂപയാണ് അഡ്വാൻസ് നൽകേണ്ടത്. ഈ തുക തിയേറ്റർ ഉടമകൾക്ക് നഷ്ടം വന്നാൽ തിരികെ നൽകില്ല. എന്നാൽ തിയേറ്റർ ലാഭം ഉണ്ടായാൽ ഇതിന്റെ ഷെയർ വേണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു