രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട'യിലെ ആദ്യ സിംഗിൾ പുറത്തെത്തി. 'മരണ മാസ്' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തെത്തിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവ്വഹിച്ചിരിക്കുന്ന പാട്ട് എസ്‌പിബിയും അനിരുദ്ധും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിവേകിന്റേതാണ് വരികൾ. ലിറിക്കൽ വീഡിയോക്ക് വൻ വരവേൽപ്പാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. പക്ക കുത്ത് സോംഗ് എന്ന നിലയ്ക്കാണ് ഗാനം എത്തിയിരിക്കുന്നത്.

നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എസ് പി ബാലസുബ്രഹ്മണ്യം രജനികാന്തിനു വേണ്ടി പാടുന്നത്. 2014ലെ 'ലിംഗാ' എന്ന ചിത്രത്തിലെ 'ഓ നൻബാ' എന്ന ഗാനമാണ് അദ്ദേഹം രജനിക്ക് വേണ്ടി ഏറ്റവുമൊടുവിലായി പാടിയത്. രജനികാന്തിന്റെ സിനിമാ ജീവിതത്തിലെ തുടക്കം മുതൽ തന്നെ ഐക്കോണിക്ക് ആയ പല രജനി ഗാനങ്ങൾക്കും ശബ്ദം നൽകിയത് എസ് പി ബാലസുബ്രഹ്മണ്യമായിരുന്നു.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന പേട്ട ഒരു ആക്ഷൻ ചിത്രമാണ്. രജനിക്കൊപ്പം വൻ താരനിരയും അണിനിരക്കുന്നുണ്ട്. വിജയ് സേതുപതി, സിമ്രാൻ, തൃഷ, ശശികുമാർ, ബോബി സിംഹ എന്നിവർക്കൊപ്പം ബോളിവുഡിൽ നിന്ന് നവാസുദ്ദീൻ സിദ്ദിഖിയും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വർഷം സംക്രാന്ത്രിക്കാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തിൽ രജനിയുടേതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സംവിധായകനോ മറ്റ് അണിയറക്കാരോ ഈ റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.