ആലപ്പുഴ: വെള്ളിത്തിരയിൽ കണ്ടിട്ടുള്ള ദൃശ്യങ്ങൾ പോലെയായിരുന്നു കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിക്ക് സമീപം നടന്ന അപകടം. കൈകാണിച്ചിട്ട് നിർത്താതെ പോയ ബൈക്ക് പൊലീസ് ജീപ്പിൽ പിൻതുടർന്ന് എ.എസ് കനാലിന് സമീപം കുറുകെ നിർത്തി. ജീപ്പിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ടതോടെ പിന്നിൽ മറ്റൊരു ബൈക്ക് വന്നിടിച്ചു. പിന്നിൽ ഇടിച്ച ബൈക്കിലെ യാത്രക്കാരൻ തൽക്ഷണം മരിച്ചു. ബൈക്കിൽ യാത്ര ചെയത് നാലംഗ കുടുംബം ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലും. മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡിൽ പാതിരപ്പള്ളി വെളിയിൽ ബാലന്റെ മകൻ ബിച്ചു(24)വാണ് മരിച്ചത്. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിൽ കൂത്തക്കര വീട്ടിൽ ഷേബു (40), ഭാര്യ സുമി (35), മക്കളായ ഹർഷ (10), ശ്രീലക്ഷ്മി (ഒന്നര) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പൊലീസ് പിന്നാലെ എത്തി ജീപ്പ് കുറുകെയിട്ടതിനാലാണ് ഇത്രയും വലിയൊരപകടം നടന്നതെന്ന് ആരോപിച്ച് പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ പൊലീസിന്റെ ഭാഗത്താണ് വീഴ്ചയെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ആലപ്പുഴ എസ്‌പി ക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ മാരാരിക്കുളം പൊലീസ് കൂടുതൽ വെട്ടിലേക്ക് വീഴുകയാണ്. ഹൈവേ പട്രോളിങ്ങിനുണ്ടായിരുന്ന എസ്.ഐയ്ക്ക സസ്പെൻഷൻ ഉറപ്പായി. ആലപ്പുഴ ഡി.വൈ.എസ്‌പിക്കാണ് അന്വഷണ ചുമതല. മറ്റു പൊലീസുകാരുടെ മൊഴിയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധിക്കും.

ഞായറാഴ്ച പുലർച്ചേ ഒന്നരയോടെ കഞ്ഞിക്കുഴി ജങ്ഷന് വടക്ക് എ.എസ്.കനാൽ തീരത്താണ് അപകടം. ബിച്ചു ഇലക്ട്രീഷ്യനാണ്. പുത്തനമ്പലത്തുള്ള അമ്മവീട്ടിലാണ് താമസം. പാതിരപ്പള്ളി പാട്ടുകളം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് പുത്തനമ്പലത്തിലേക്ക് മടങ്ങുംവഴിയാണ് അപകടം. ഷേബുവും കുടുംബവും കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ചിക്കരവഴിപാടിന് ഇരിക്കുന്ന ബന്ധുവിന്റെ കുട്ടിയെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയിൽ ഹൈവേ പൊലീസ് കൈകാണിച്ചെന്നും നിർത്താതെ വന്നപ്പോൾ വാഹനം വന്ന് കുറുകേയിട്ട് നിർത്താൻ പറഞ്ഞപ്പോൾ ബൈക്ക് സൈഡിലേക്ക് ഒതുക്കുന്നതിനിടയിൽ മറ്റൊരു ബൈക്ക് ഇടിക്കുകയുമായിരുന്നുവെന്നാണ് ഷേബുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ, മാരാരിക്കുളം പൊലീസ് ഇത് നിഷേധിച്ചിരുന്നു. ബൈക്കുകൾ തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഈ വാദം പൊളിയുന്ന തരത്തിലാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

അപകടത്തിൽ പരിക്കേറ്റ ഷേബുവും ഭാര്യയും മക്കളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരായ നാലുപേരും തീവ്രപരിചരണ വിഭാഗത്തിലാണ്. ബിച്ചു സംഭവസ്ഥലത്തുതന്നെ മരിച്ചു.
പൊലീസ് ജീപ്പ് കുറുകെ നിർത്തിയതിനെ തുടർന്നു ദമ്പതികളുടെ ബൈക്കിലിടിച്ചാണ് വിച്ചു മരിച്ചത്. മുന്നിൽ നിർത്തിയ പൊലീസ് ജീപ്പ്കണ്ട് ഷേബുസഞ്ചരിച്ച ബൈക്ക് പെട്ടന്നു നിർത്തുകയായിരുന്നു. വേഗത്തിലെത്തിയ ബിച്ചുവിന്റെ ബൈക്ക് ഷേബുവിന്റെ ബൈക്കിനു പിന്നിലേക്ക് ഇടിച്ചുകയറി.

വിച്ചുവിന്റെ ബൈക്കിന്റെ മുൻവശം പൂർണമായും തകർന്നു. ഷേബുവിന്റെ ബൈക്കിനു പിന്നിലെ കാൽവയ്ക്കുന്ന ഭാഗം പൂർണമായും ഉള്ളിലേക്ക് വളഞ്ഞുകയറി. പിറകിലേക്ക് അതിശക്തിയോടെ ബൈക്ക് ഇടിച്ചുകയറിയതിനാൽ പിന്നിലിരുന്ന ഷേബുവിന്റെ ഭാര്യ സുമിക്കാണു ഗുരുതരമായി പരുക്കേറ്റത്. സുമിയുടെ കാലുകൾ ഒടിഞ്ഞു. വാരിയെല്ലുകൾ തകരുകയും ചെയ്തു.കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഷേബുവിന്റെ ബന്ധുവിന്റെ മകൻ ചിക്കര ഇരിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛൻ എറണാകുളത്തായതിനാൽ ഷേബുവും കുടുംബവും അർധരാത്രിവരെ കുട്ടിക്കൊപ്പം ചെലവഴിക്കുകയായിരുന്നു. തുടർന്നു ബൈക്കിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം നടന്നത്.

എസ്എൻ കോളജിനു മുന്നിൽ പരിശോധന നടത്തിയ പൊലീസ് സംഘം കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ പോരുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംശയം തോന്നിയ പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു.അപകടത്തെ തുടർന്ന് ദമ്പതികളെ പൊലീസ് ജീപ്പിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആലപ്പുഴ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു.

പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.ദമ്പതികളും മക്കളും അത്യാസന്ന വിഭാഗത്തിൽതന്നെയാണുള്ളത്. ഇവരിൽ സുമിയുടെ നില ഗുരുതരമാണ്. എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ നിർദ്ദേശിച്ചെങ്കിലും യാത്ര ചെയ്യാൻ കഴിയാത്തതിനാൽ കോട്ടയത്തുവച്ചുതന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. വാരിയെല്ലുകൾക്കു ശസ്ത്രക്രിയ നടത്തി. കാലുകളുടെ ശസ്ത്രക്രിയ ഇന്നു നടക്കും. ഷേബുവിനു വാരിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ട്. കുട്ടികളുടെ കാലിനു ഒടിവുണ്ട്.