ഗോവ ചലച്ചിത്ര മേള മുതൽ കേന്ദ്രസർക്കാരിന്റെ വെട്ടിനിരത്തലിന് ഇരയായ ചിത്രങ്ങളാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗയും രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡും. നിരവധി പോരാട്ടങ്ങൾക്കും ചെറുത്തുനിൽപ്പുകൾക്കും വിവാദങ്ങൾക്കുമൊക്കെ ഒടുവിൽ രവി ജാദവ് ചിത്രം ന്യൂഡിന് പ്രദർശനാനുമതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സെൻസർ ബോർഡ്.

ഒരു കട്ട് പോലും ഇല്ലാതെയാണ് മറാത്തി ചിത്രമായ ന്യൂഡിന് പ്രദർശാനുമതി നൽകിയിരിക്കുന്നത്.ചിത്രം കണ്ടതിനുശേഷം ബോർഡിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് ന്യൂഡ് അണിയറ പ്രവർത്തകരെ അനുമോദിച്ചുവെന്നാണ് സംവിധായകനായ രവി ജാദവ് പറഞ്ഞത്.

സെൻസർ ബോർഡിന്റെ സ്പെഷ്യൽ ജ്യൂറിയാണ് ന്യൂഡിന്റെ പ്രദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. ബോളിവുഡ് താരം വിദ്യാ ബാലൻ ഉൾപ്പെടുന്ന പ്രത്യേക ജ്യൂറി സംഘമാണ് ചിത്രത്തിന് അനുമതി നല്കിയത്.പ്രദർശനാനുമതിക്കായി ജ്യൂറിയുടെ മുന്നിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും കേരള ചലച്ചിത്ര മേളയിലും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സെൻസർ അനുമതി ലഭിക്കാത്തതിനാൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.