- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാളി ഒരുക്കിയ മറാത്തി ചിത്രത്തിന് അന്താരാഷ്ട്ര അംഗീകാരം; 'പഗ് ല്യാ' മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച വിദേശ സിനിമ

കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി മലയാളി സംവിധായകൻ വിനോദ് സാം പീറ്റർ ഒരുക്കിയ മറാത്തി ചിത്രം 'പഗ് ല്യാ' മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശ ഭാഷ ചിത്രമായി തിരഞ്ഞെടുത്തു. ചിത്രം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 45 ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഇതിനകം നേടിയിരുന്നു. ഇതോടെ ചിത്രത്തിന് ഓസ്‌കർ നോമിനേഷന് സാദ്ധ്യത തെളിയുകയാണ്.
വേൾഡ് പ്രീമിയർ ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്‌ക്കാരങ്ങൾ ചിത്രം നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്. വേൾഡ് പ്രീമിയർ ഫിലിം അവാർഡിൽ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യൻ ഭാഷാചിത്രം കൂടിയാണ് മറാത്തി ഭാഷയിൽ ഒരുക്കിയ പഗ് ല്യാ. ലണ്ടൻ,കാലിഫോർണിയ, ഇറ്റലി , ഓസ്‌ട്രേലിയ, സ്വീഡൻ, ഫിലിപ്പീൻസ്, തുർക്കി, ഇറാൻ, അർജന്റീന, ലബനൻ തുടങ്ങിയ രാജ്യങ്ങളിലും ഈ ചിത്രം നിരവധി അംഗീകാരങ്ങളും, പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
മികച്ച നടൻ - ഗണേശ് ഷെൽക്കെ, മികച്ച നടി-പൂനം ചന്ദോർക്കർ .മികച്ച പശ്ചാത്തല സംഗീതം- സന്തോഷ് ചന്ദ്രൻ. പൂണെയിലും പരിസരപ്രദേശങ്ങളിലുമായി 2020 ഓഗസ്റ്റിലാണ് 'പഗ് ല്യാ' ചിത്രീകരണം പൂർത്തീകരിച്ചത്.നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികൾക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 'പഗ് ല്യാ' യുടെ ഇതിവൃത്തം.
സംവിധായകനും നിർമ്മാതാവുമായ വിനോദ് സാം പീറ്ററിന് പുറമെ പഞ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രൻ, സംഗീത സംവിധായകൻ ബെന്നി ജോൺസൺ, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റർ, കോസ്റ്റ്യൂം ഒരുക്കിയ സച്ചിൻകൃഷ്ണ, വിഷ്ണു കുമാർ എന്നിവരും മലയാളികളാണ്. എബ്രഹാം ഫിലിംസിന്റെ ബാനറിൽ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും.

