മാരായമുട്ടം: അച്ഛന്റെ മരണശേഷം വിപിനു എല്ലാമെല്ലാം തന്റെ അമ്മ മോഹനകുമാരിയായിരുന്നു. വിവാഹശേഷം അമ്മയും ഭാര്യയും തമ്മിൽ ഒത്തു പോവില്ലെന്ന് മനസിലാക്കിയതിനാലാവണം അമ്മയെയും കൂട്ടി തന്നെ വിപിൻ തന്റെ ജീവിതം അവസാനിപ്പിച്ചത്.

വിപിന്റെ മൃതദ്ദേഹത്തിനരികിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ വാചകങ്ങളും വിരൽ ചൂണ്ടുന്നത് ഈ വസ്തുതയിലേക്ക് തന്നെയാണ്.കുടുംബപ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വിപിൻ തെരഞ്ഞെടുത്ത വഴി ആത്മഹത്യയായിരുന്നു. എന്നാൽ അത്രമേൽ സ്‌നേഹിച്ചിരുന്ന അമ്മയെ തനിച്ചാക്കി പോകാനും മനസ്സുവന്നില്ല. ഇതാണ് ആലങ്കോട് ഗ്രാമത്തെ ഞെട്ടിച്ച ഇരട്ട ആത്മഹത്യയിലേക്ക് വഴിവെച്ചത്.

പൊതുവേ സൗമ്യശീലക്കാരനും ശാന്തനുമായ വിപിൻ ഇത്തരമൊരു കടുംകൈ ചെയ്‌തെന്ന് ഉറപ്പിക്കാൻ അയൽവാസികൾക്ക് ഇപ്പഴും ആയിട്ടില്ല. സംഭവത്തിന്റെ ഞെട്ടലിൽ വിറങ്ങലിച്ചു നിൽക്കുകയാണ് അയൽവാസികളും വിപിനെ അടുത്തറിയുന്നവരും. സൗമ്യശീലക്കാരനായ വിപിനെക്കുറിച്ച് അയൽവാസികൾക്ക് നല്ലവാക്കുകളെ പറയാനുള്ളൂ. ഇത്തരത്തിലൊരു കൊലപാതകം നടത്തിയെന്ന് അയൽവാസികൾക്ക് വിശ്വസിക്കാനെ കഴിയുന്നില്ല.

ജോലിക്കു പോയി തിരികെ നേരെ വീട്ടിലേക്ക് വരികയുള്ളൂ വിപിൻ. അധികം സുഹൃത്തുക്കൾ വിപിനില്ല. പുറത്തിറങ്ങിയാൽ അധികമാരോടും സംസാരിക്കാറില്ല വിപിന്റെ പ്രകൃതം ഇങ്ങനെയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വിപിന്റെ രണ്ടാമത്തെ വയസ്സിലാണ് അച്ഛൻ വാസുദേവൻനായർ മരിച്ചത്. പിന്നീട് വിപിനെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം അമ്മ മോഹനകുമാരിയാണ്.

ഭർത്താവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയ മോഹനകുമാരിയെ ബന്ധുക്കളാണ് സഹായിച്ചിരുന്നത്. ഇങ്ങനെയാണ് ഇവർ കുടുംബം കരുപ്പിടിപ്പിച്ചത്. വിപിൻ നേരത്തെ ഒരു റിസോർട്ടിലെ ജീവനക്കാരനായിരുന്നു. ഈ ജോലി പോയതോടെയാണ് സിമന്റ് കമ്പനിയിലെ ലോറി ഡ്രൈവറായി ജോലിക്കു പോയിത്തുടങ്ങിയത്. വിപിൻ നേരത്തെ ഡ്രൈവിങ് പഠിച്ചിരുന്നു.

അമ്മയും ഭാര്യയും തമ്മിലുള്ള വഴക്കാണ് ദാരുണസംഭവത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. പക്ഷെ മോഹനകുമാരിയും വിപിന്റെ ഭാര്യ കൃഷ്ണമായയും പ്രത്യക്ഷത്തിൽ വഴക്കിടുന്നത് അയൽക്കാരും കണ്ടിട്ടില്ല. സംഭവം നടക്കുന്ന സമയത്ത് കൃഷ്ണമായയും മകൾ കല്യാണിയും അവരുടെ വീട്ടിലായിരുന്നു. ഒരാഴ്‌ച്ച മുൻപാണ് പരീക്ഷയ്ക്ക് പഠിക്കാനെന്നു പറഞ്ഞ് ഇവർ ചൂഴാറ്റുകോട്ടയിലെ സ്വന്തം വീട്ടിലേക്ക് പോയത്.

അയൽവാസികളോട് കൃഷ്ണമായ ഇക്കാര്യം പറഞ്ഞതായും അവർ പറയുന്നുണ്ട്. എന്നാൽ വീട്ടിൽ അമ്മായിഅമ്മയോട് പിണങ്ങിയാണോ ഇവർ പോയത് എന്നകാര്യത്തിൽ വ്യക്തതയില്ല. അതേസമയം വീട്ടിലെ പ്രശ്നങ്ങളെത്തുടർന്ന് വിപിൻ ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നതായി ബന്ധുക്കൾ മൊഴി നൽകി. രണ്ടുപേരെയും പിണക്കാൻ പറ്റത്തതുകൊണ്ടാണ് ഇത്തരത്തിൽ ഒരുവഴി വിപിൻ സ്വീകരിച്ചിട്ടുണ്ടാവുക എന്നാണ് നിഗമനം.

ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്ന് വിപിന്റെ ആത്മഹത്യാക്കുറിപ്പ് വിൽചൂണ്ടുന്നതും ഇതിലേക്കാണ്. കഴിഞ്ഞദിവസമാണ് ആങ്കോട് തലമണ്ണൂർക്കോണം മോഹനവിലാസത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ മോഹനകുമാരി (63), മകൻ കണ്ണൻ എന്നു വിളിക്കുന്ന വിപിൻ (33) എന്നിവരെ വീ്ട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അമ്മയുടെ മൃതദേഹം കട്ടിലിൽനിന്നും മകനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മകൻ അമ്മയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം. വിപിൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് മൂന്നിന് സംസ്‌ക്കരിക്കും.