- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാതാവ് എന്ന നിലയ്ക്ക് ആന്റണി പെരുമ്പാവൂരിന് കാശ് ലഭിക്കണം; തിയേറ്റർ ഉടമകളെ സംബന്ധിച്ച് ഒരു മെഗാ സ്റ്റാർ ചിത്രം വരുക എന്നതും ആവശ്യം; അവർ യോജിച്ച് ഒരു തീരുമാനം എടുക്കണം എന്നതാണ് സർക്കാരിന്റെ ആഗ്രഹം; മരയ്ക്കാർ തർക്കത്തിൽ ഇനി മന്ത്രി ഇടപെടില്ല; അറബിക്കടലിന്റെ സിംഹം ഒടിടിയിലേക്കെന്ന് വ്യക്തം
കൊച്ചി:: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിലേക്ക് തന്നെ. ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇനി സർക്കാർ മുൻകൈയെടുക്കില്ല. നേരത്തെ സജി ചെറിയാനും സിനിമാക്കാരുമായുള്ള ചർച്ച ഉപേക്ഷിച്ചുവെന്ന് മറുനാടൻ വാർത്ത നൽകിയിരുന്നു. ഇത് സ്ഥിരീകരിച്ച് മന്ത്രി സജി ചെറിയാനും രംഗത്തു വന്നു. മരക്കാർ റിലീസ് തർക്കം പരിഹരിക്കാൻ വിളിച്ച യോഗം മാറ്റിവച്ചതിൽ സിനിമാ വകുപ്പിന്റെ ചുമതലയുള്ള സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പ്രതികരണങ്ങൾ മരയ്ക്കാർ ഒടിടിയിലേക്ക് പോകുമെന്നാണ് വ്യക്തമാക്കുന്നത്.
സജി ചെറിയാന്റെ പ്രതികരണം ഇങ്ങനെ: വിഷയത്തിൽ സർക്കാർ എല്ലാ ഇളവുകളും നൽകിയിരുന്നു. എന്നാൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തിയേറ്റർ ഉടമകളും ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇരു കൂട്ടർക്കും അവരുടേതായ വാശിയുണ്ട്. അതാണ് ചർച്ച മാറ്റിവെക്കാൻ കാരണം. നിർമ്മാതാക്കളും തിയേറ്റർ ഉടമകളും എന്നെ വന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് വെച്ച് ചർച്ച നടത്തുവാൻ തീരുമാനിച്ചത്. ഇപ്പോൾ രണ്ടു കൂട്ടരും ഇങ്ങനെ ഒരു ചർച്ച ആവശ്യമില്ല എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ചർച്ച വേണ്ടെന്ന് വെച്ചത്-സജി ചെറിയാൻ പറഞ്ഞു.
ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നായിരുന്നു എന്റെ വിശ്വാസം. രണ്ടു കൂട്ടർക്കും വാശി ഉണ്ടെന്നാണ് കേട്ടത്. അതിനിടയിലേക്ക് നമ്മൾ കയറണ്ട. അവർ തമ്മിൽ ചർച്ച നടത്തട്ടെ. ഇനി അവർ ഇടപെടാൻ ആവശ്യപ്പെട്ടാൽ നമ്മൾ ഇടപെടും. രണ്ടു ഭാഗത്ത് നിന്നും അവരുടേതായ പിടിവാശിയുണ്ട്. അത് ആവശ്യമില്ലാത്ത പിടിവാശിയാണ്. രണ്ടു കൂട്ടർക്കും അവരുടേതായ ബുദ്ധിമുട്ടുകളുണ്ട്. നിർമ്മാതാവ് എന്ന നിലയ്ക്ക് ആന്റണി പെരുമ്പാവൂരിന് കാശ് ലഭിക്കണം. തിയേറ്റർ ഉടമകളെ സംബന്ധിച്ച് ഒരു മെഗാ സ്റ്റാർ ചിത്രം വരുക എന്നത് ആവശ്യമാണ്. അവർ യോജിച്ച് ഒരു തീരുമാനം എടുക്കണം എന്നതാണ് സർക്കാരിന്റെ ആഗ്രഹം.
സർക്കാരിന് ഈ വിഷയത്തിൽ വലിയ റോൾ ഒന്നുമില്ല. ഇവിടെ ഞങ്ങൾക്ക് ഒരു മധ്യസ്ഥത പറയാൻ മാത്രമേ പറ്റുകയുള്ളു. സിനിമ രംഗത്തെക്കുറിച്ച് സർക്കാർ ചർച്ച ചെയ്തു. മുഖ്യമന്ത്രി യോഗം വിളിച്ചു. നിരവധി ഇളവുകൾ നൽകി. വിവിധ വകുപ്പുകളുമായി ചർച്ച നടത്തി. സിനിമ വ്യവസായത്തോട് പിണറായി വിജയൻ സർക്കാർ നീതിപൂർവമായ സമീപനം തന്നെയാണ് സ്വീകരിച്ചത്. സർക്കാരിന് ഈ വ്യവസായം മുന്നേറണം എന്ന ആഗ്രഹമാണ്.ഈ മേഖലയിൽ ഒരുപാട് സാധാരണ തൊഴിലാളികൾ ഉണ്ട്. കോവിഡ് വന്നതോടെ ബുദ്ധിമുട്ടുകൾ കൂടുകയാണ്. സർക്കാർ അതിനാലാണ് ഇടപെടുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഇടപെടൽ. സർക്കാർ വളരെ ആത്മാർത്ഥമായാണ് ഇടപെട്ടത്. ഞാൻ കാണിക്കുന്നതിനേക്കാൾ 100 ഇരട്ടി ആത്മാർത്ഥതയാണ് മുഖ്യമന്ത്രി വിഷയത്തിൽ കാണിച്ചത്. ഒരു ഡോസ് വാക്സിനേഷൻ ആക്കണം എന്ന് പറഞ്ഞപ്പോൾ അപ്പോൾ തന്നെ അതിനു വേണ്ടി ചർച്ച നടത്തി. അപ്പോൾ തന്നെ ഒരു ഡോസ് ആക്കി, ടാക്‌സ് ഇളവുകൾ നൽകി. സർക്കാരിന് ലഭിക്കേണ്ട വരുമാനം വേണ്ടെന്ന് വെച്ച് വ്യവസായം നിലനിൽക്കുവാൻ സർക്കാർ ശ്രമിച്ചു-മന്ത്രി വിശദീകരിച്ചു.
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ എത്തിക്കാനുള്ള സിനിമാ മന്ത്രി സജി ചെറിയാന്റെ ശ്രമത്തിന് വമ്പൻ തിരിച്ചടി. സിനിമയുടെ അണിയറക്കാരും വിതരണക്കാരും മന്ത്രിയും തമ്മിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ച ഇന്ന് നടക്കില്ല. ഇതോടെ ചിത്രം ഒടിടിയിൽ പോകാനുള്ള സാധ്യത കൂടി. ചർച്ച ഉപേക്ഷിച്ചുവെന്ന് മന്ത്രി സജി ചെറിയാനും അറിയിച്ചു. മോഹൻലാൽ-പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപ്പെട്ട് സിനിമാ വകുപ്പിന്റെ ചുമതല കൂടിയുള്ള സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രംഗത്തു വന്നിരുന്നു. തീയേറ്ററുടമകളുമായും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായും മന്ത്രി ചർച്ച നടത്തുമെന്നായിരുന്നു റിപ്പോർട്ട്. ഇതാണ് പൊളിയുന്നത്. ഇരുകൂട്ടർക്കും നഷ്ടമില്ലാതെ പരിഹരിക്കാനാണ് ശ്രമം. ഒറ്റ ഡോസ് വാക്‌സിൻ എടുത്തവരെ തീയേറ്ററിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചു.
ഫിലിം ചേമ്പർ പ്രതിനിധികളും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ ശ്രമം നടന്നത്. തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെ സംബന്ധിച്ച് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച വ്യവസ്ഥകൾ തീയേറ്ററുടമകൾ അംഗീകരിച്ചില്ല. തുടർന്നാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ മന്ത്രി ചർച്ച ചെയ്താലും ഫലം ഉണ്ടാകില്ലെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഇത് പരിഗണിച്ചാണ് സജി ചെറിയാൻ പിന്മാറിയത്.
മറുനാടന് മലയാളി ബ്യൂറോ