കൊച്ചി: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ റിലീസിന് സാധ്യതയുണ്ടോ? ആമസോൺ പ്രൈമിൽ ഒടിടിയായി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാനാണ് തീരുമാനം. പ്രാഥമിക ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ചിത്രം കാണാതെയാണ് ഇത്തരത്തിലൊരു തീരുമാനം നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മറ്റുള്ളവരും എടുത്തത്. ചിത്രത്തിന്റെ സാങ്കേതികത്വത്തിൽ വിശ്വാസ കുറവ് കാരണമായിരുന്നു ഇത്.

തിയേറ്ററിൽ പ്രദർശിപ്പിച്ച് 100 കോടി ചെലവിട്ട് എടുത്ത ചിത്രത്തിന് മുടക്കമുതൽ തിരിച്ചു പിടിക്കാൻ കഴിയുമോ എന്ന സംശയം ആന്റണി പെരുമ്പാവൂരിനുണ്ടായിരുന്നു. ഇതു കാരണമാണ് തിയേറ്ററുകാരുടെ പിടിവാശി കാരണം ചിത്രം ഒടിടിയിലേക്ക് പോയത്. ഇതിനെ ആദ്യം മുതൽ എതിർത്ത സംവിധായകൻ പ്രിയദർശൻ അവസാന നിമിഷം ഒടിടിയെ അംഗീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കഥയിലെ ട്വിസ്റ്റ്.

രണ്ടു ദിവസം മുമ്പാണ് ചെന്നൈയിലെ പ്രവ്യൂ തിയേറ്ററിൽ മോഹൻലാൽ കുടുംബം സമേതം ചിത്രം കാണുന്നത്. അത്യുഗ്രൻ എന്നാണ് സിനിമ കണ്ട ശേഷം ലാൽ പ്രതികരിച്ചത്. മോഹൻലാലിന്റെ കുടുംബവും ഈ വികാരത്തിലാണ്. പ്രിയദർശൻ ഒരുക്കിയത് മലയാള സിനിമയിലെ സൂപ്പറുകളിൽ ഒന്നാണെന്ന് മോഹൻലാലിന്റെ അടുത്ത സുഹൃത്തായി ചിത്രം കണ്ട പ്രമുഖനും വിശദീകരിക്കുന്നു. ഇതോടെയാണ് തിയേറ്ററിൽ ഈ ചിത്രം എത്തിയിരുന്നുവെങ്കിൽ വമ്പൻ ഹിറ്റാകുമെന്ന ഉറപ്പ് ലാലിന് വരുന്നത്. ഇക്കാര്യം ആന്റണി പെരുമ്പാവൂരിനോട് മോഹൻലാൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വൈകിപോയില്ലേ എന്ന ചോദ്യമാണ് ആന്റണിയുടെ മനസ്സിലുള്ളത്. തിയേറ്ററുകാരുടെ സംഘടനയായ ഫിയോക് പൂർണ്ണമായും അന്റണിയുമായി പിണങ്ങി കഴിഞ്ഞു. ലിബർട്ടി ബഷീറിന്റെ സംഘടനയെ മാത്രം കൂടെ നിർത്തി മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കുന്നതും ബുദ്ധിയല്ല.

ആമസോണിലും തിയേറ്ററിലും ഒരുമിച്ച് റിലീസിനുള്ള സാധ്യതയാണ് ഇപ്പോൾ മരയ്ക്കാറിന്റെ അണിയറക്കാർ തേടുന്നത്. തുടക്കം മുതൽ തന്നെ ഈ ചിത്രം തിയേറ്ററിൽ ഹിറ്റാകുമെന്ന് പ്രിയദർശൻ ആവർത്തിച്ചിരുന്നു. 100 കോടി ചെലവിൽ മലയാളത്തിൽ നിർമ്മിച്ച ബ്രഹ്മാണ്ട ചിത്രമാണ് മരയ്ക്കാർ. സാബു സിറിളിന്റെ കലാസംവിധാന മികവ് ചിത്രത്തെ പുതിയ തലത്തിലെത്തിക്കുന്നുണ്ട്. ഈ മികവിനുള്ള അംഗീകാരമായിരുന്നു ദേശീയ അവാർഡും. കോവിഡിന് മുമ്പ് തിയേറ്ററിൽ എത്തേണ്ട ചിത്രം കാരണം ആന്റണി പെരുമ്പാവൂരിന് വമ്പൻ സാമ്പത്തിക ബാധ്യതയുമുണ്ടായി. ഈ സാഹചര്യത്തിലാണ് നഷ്ടം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ ഒടിടിയെ കുറിച്ച് ആലോചനകൾ എത്തിയത്. ഇത് തിയേറ്റർ സംഘടനയുമായുള്ള പ്രശ്‌നങ്ങൾക്കും കാരണമായി. മിനിമം ഗാരന്റിയായി തുക മുൻകൂർ ആവശ്യപ്പെട്ടതായിരുന്നു പ്രശ്‌ന കാരണം.

ഫിയോക് തുടങ്ങിയത് ദിലീപും ആന്റണി പെരുമ്പാവൂരും ചേർന്നാണ്. എന്നാൽ വിജയകുമാർ പ്രസിഡന്റായതോടെ സംഘടനയുടെ ചെർമാനായ ദീപിന് പോലും മുൻതൂക്കം നഷ്ടമായി. മരയ്ക്കാറിൽ ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ വിജയകുമാർ അംഗീകരിച്ചില്ല. മോഹൻലാലിനെതിരെ കടുത്ത അധിക്ഷേപങ്ങളും നടന്നു. പെരുമ്പാവൂരിനെ ഉപരോധിക്കാനും ശ്രമിച്ചു. ദിലീപിന്റെ നേതൃത്വത്തിൽ സുരേഷ് കുമാർ നടത്തിയ അനുരജ്ഞനവും ഫലം കണ്ടില്ല. ഇതോടെ മരയ്ക്കാറിനെ ഒടിടിയിൽ കാണിക്കാൻ ആന്റണിയും തീരുമാനിച്ചു. മോഹൻലാലും പ്രിയദർശനും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇത് ഫിയോക്കിനെ കൂടുതൽ പ്രകോപിതരുമാക്കി. ഈ സാഹചര്യത്തിൽ ഇനി ഫിയോക്കിനെ കൂടെ നിർത്തി മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കാൻ സാഹചര്യം കുറവാണ്.

എന്നാൽ ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. ക്രിസ്മസ് റിലീസായി മരയ്ക്കാർ തിയേറ്ററിൽ വരണമെന്നാണ് ആവരുടെ ആവശ്യം. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന 'മരയ്ക്കാർ; അറബിക്കടലിന്റെ സിംഹം' അതിഗംഭീരമെന്ന് പ്രിവ്യൂഷോ റിപ്പോർട്ട്. കുടുംബസമേതമാണ് മോഹൻലാൽ പ്രിവ്യൂഷോ കാണാൻ എത്തിയത്. നിർമ്മാണ പങ്കാളികൾക്കും ചലച്ചിത്ര മേഖലയിലെ മറ്റു ആളുകൾക്കുമായി ചെന്നൈയിൽ ലിസിയുടെ ഉമടസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയിൽ വച്ചായിരുന്നു സ്‌ക്രീനിങ്.

സിദ്ധാർഥ് പ്രിയദർശന്റെ വിഎഫ്എക്‌സ് തന്നെയാണ് സിനിമയുടെ നെടുംതൂൺ. ബാഹുബലിയിലെ യുദ്ധരംഗങ്ങളേക്കാൾ മികച്ചു നിൽക്കുന്നതാണ് 'മരക്കാറി'ലെ പല രംഗങ്ങളുമെന്ന് കണ്ടവർ പറയുന്നു. ക്ലൈമാക്‌സിലെ 30 മിനിറ്റ് നീണ്ടു നിൽക്കുന്ന കടൽയുദ്ധവും കാഴ്ചക്കാരെ ത്രസിപ്പിച്ചെന്നാണ് സൂചന. ആദ്യ നാൽപത്തിയഞ്ച് മിനിറ്റ് പ്രണവാണ് മരക്കാറായി നിറഞ്ഞാടുന്നതെങ്കിൽ പിന്നീട് കുഞ്ഞാലിയായി സാക്ഷാൽ മോഹൻലാൽ തന്നെയാണ് എത്തുന്നതെന്ന് കണ്ടവർ പറയുന്നു.

ദേശസ്‌നേഹം വെളിവാക്കുന്ന പല വൈകാരിക രംഗങ്ങളും മോഹൻലാൽ ഗംഭീരമാക്കിയെന്നാണ് റിപ്പോർട്ടുകൾ. സിനിമ ആസ്വാദകർക്ക് ഒരുത്സവം തന്നെയാകുമെന്നതിൽ തർക്കമില്ലെ എന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ സി.ജെ റോയ് പറഞ്ഞത്. സഹനിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് റോയ്.