ദുബായ്: ഒടിടിയിൽ നിന്ന് മരയ്ക്കാർ തിയേറ്ററിൽ എത്തുമ്പോൾ ചരിക്കുന്നത് ഗൾഫിലെ മലയാളികൾ കൂടിയാണ്. കൊവിഡിന് ശേഷം തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കാൻ എന്തുകൊണ്ടും പര്യാപ്തമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ അടക്കമുള്ള ഇന്ത്യൻ സിനിമയിലെ വിസ്മയതാരങ്ങളും സാങ്കേതിക പ്രവർത്തകരും ഒത്തൊരുമിച്ച ചിത്രത്തിന്റെ തിയേറ്റർ റിലീസിന് പിന്നിൽ ഒരു അറബിക്കഥയുമുണ്ട്.

ഗൾഫിൽ മരയ്ക്കാർ തിയേറ്റർ റിലീസിന് മോഹൻലാൽ നേരിട്ട് ഇടപെടലുകൾ നടത്തിയിരുന്നു. സിനിമയുടെ പ്രവ്യൂ ഷോ കണ്ട ശേഷം തിയേറ്റർ റിലീസിലേക്ക് കാര്യങ്ങൾ പോയതിന് കാരണവും ഇതു തന്നെയാണ്. സാക്ഷാൽ അഹമ്മദ് ഗോൾച്ചിനുമായുള്ള കൂടിക്കാഴ്ചയും ഈ തീരുമാനത്തിലേക്ക് എത്താൻ മോഹൻലാലിനെ പ്രേരിപ്പിച്ചു. ദീപാവലി ആഘോഷിക്കാൻ ഭാര്യയുമൊത്ത് ലാൽ ദുബായിൽ എത്തിയിരുന്നു. സഞ്ജയ് ദത്തിന്റെ വീട്ടിലായിരുന്നു ആഘോഷം. അതിനൊപ്പം അഹമ്മദ് ഗോൾച്ചിനേയും ലാൽ കണ്ടു.

അറബ് സിനിമയുടെ ഗോഡ് ഫാദർ ആണ് ഗോൾച്ചിൻ. യുഎഇയിലെ ഏറ്റവും വലിയ സിനിമാ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഫാർസ് ഫിലിംസിന്റെ അധിപൻ. കേരളത്തിൽ മരക്കാറിന്റെ പേരിൽ 'തല്ലും ബഹളവും' നടക്കുമ്പോൾ ദുബായിൽ മോഹൻലാൽ നേരിട്ടാണ് കാര്യങ്ങൾ നീക്കി. ഗോൾച്ചിനുമായുള്ള കൂടിക്കാഴ്ചയിൽ ചിത്രത്തിന്റെ ഗൾഫ് റിലീസിൽ തീരുമാനം എടുത്തിരുന്നു. അതിന് ശേഷം ലാൽ നാട്ടിലെത്തി. പ്രിവ്യൂ ഷോയ്ക്ക് ശേഷം സിനിമാ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ പ്രശ്‌ന പരിഹാരം സാധ്യമാക്കി.

ഡിസംബർ രണ്ടിന് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നതിന് പിന്നിൽ വലിയൊരു ട്വിസ്റ്റും ഒളിഞ്ഞിരിപ്പുണ്ട്. മരയ്ക്കാർ ഡിസംബർ രണ്ടിന് ലോകമെമ്പാടും എത്തുകയാണ്. ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. യു എ ഇ തങ്ങളുടെ അൻപതാം ദേശീയ ദിനം ആചരിക്കുന്ന ദിവസം. സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഒരാഴ്‌ച്ചത്തെ ആഘോഷമാണ് രാജ്യത്ത് നടക്കുന്നത്. ഈ ദിവസം തന്നെ ദുബായിലെ എല്ലാ തിയേറ്ററിലും ചിത്രമെത്തും. ഗോൾച്ചിനെ കണ്ട് ഇതുറപ്പിച്ചിട്ടാണ് ലാൽ കേരളത്തിലേക്ക് എത്തിയത്.

യുഎഇയുടെ ദേശീയ ഉത്സവ ദിവസം തന്നെ മരയ്ക്കാർ എത്തുന്നത് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. ഇത് ലാഭവവും കിട്ടും. യു എ യിലെ തിയേറ്ററുകളിൽ നിന്ന് വമ്പൻ ലാഭം കിട്ടുമെന്നാണ് സൂചന.