- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പുതിയ നൗക നീറ്റിലിറക്കാൻ വേണ്ടത് ക്രിസ്ത്യൻ അടിമയുടെ രക്തം! ഇസ്ലാമിലേക്ക് മാറിയില്ലെങ്കിൽ തലവെട്ടുന്ന കടൽക്കൊള്ളക്കാർ; മതനിന്ദയുടെ പേരിൽ ജീവനോടെ തൊലിയുരിഞ്ഞ് കൊല്ലുന്ന പറങ്കികൾ; കുഞ്ഞാലിയുടെ തലവെട്ടി ഉപ്പിലിട്ട് കണ്ണൂരിലേക്ക് അയച്ച ക്രൂരത; അന്ന് കേരള തീരത്ത് നടമാടിയത് തികഞ്ഞ അരാജകത്വം; മരക്കാർ പറയാത്ത മലബാറിലെ കടൽ ക്രൂരതകളുടെ കഥ
ഉയരം കുറഞ്ഞ ഇരുനിറമുള്ള തടിച്ച മനുഷ്യൻ എന്നാണ് ബ്രിട്ടീഷ് രേഖകളിൽ സാക്ഷൽ പഴശ്ശിരാജയെ വിശേഷിപ്പിച്ചിട്ടുള്ളത്. 18ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ജീവിച്ചിരുന്ന പഴശ്ശിരാജ കുതിരയെ ഉപയോഗിച്ചിരുന്നില്ല. എന്നാൽ പ്രതിഭാധനനായ എം ടി എഴുതിയ പഴശ്ശിരാജ സിനിമയിൽ, നായകനായി ഒത്ത ഉയരമുള്ള സുന്ദരനായ മമ്മൂട്ടി വിലസുന്നത് കുതിരപ്പുറത്താണ്. അതുപോലെ തന്നെ കോണകം എന്ന് പറയുന്ന കൗപീനം ആയിരുന്നു, അക്കാലത്തെ നായർ പട്ടാളത്തിന്റെ വേഷം. ഷിഫറ്റ് ജോലിപോലെ, പ്രഭാതം മുതൽ പ്രദോഷംവരെയായിരുന്ന നായർ പട്ടാളത്തിന്റെ യുദ്ധം! സംശയുമുള്ളവർ കെ ബാലകൃഷന്റെ കേരള ചരിത്രവും ജാതിവ്യവസ്ഥയും, റോബിൻ ജഫ്രിയുടെ നായർ മേധാവിത്വത്തിന്റെ പതനം എന്നീ പുസ്തകങ്ങൾ വായിച്ചുനോക്കുക. ഇതിൽ 'പച്ചീക്കോ ഉപരോധം' എന്ന പേരിൽ ഒരു കോട്ടയിൽ നായർ പട്ടാളവും പോർച്ചുഗീസുകാരും ഏറ്റുമുട്ടുന്ന കഥ പി.കെ ബാലകൃഷ്ണൻ വർണ്ണിക്കുന്നുണ്ട്. നമ്മുടെ ദയനീയത ഓർത്ത് ചിരിച്ചുപോവും. വെറും പത്തുപേരുള്ള കോട്ട പിടിക്കാൻ എത്ര ദിവസമാണ് വേണ്ടിവന്നത്.
അതായത് ചരിത്രം അതുപോലെ സിനിമയാക്കിയാൽ അത് ഒട്ടും സിനിമാറ്റിക്കാവില്ല. ( കുഞ്ഞാലിമരക്കാർക്കൊപ്പം കോണകം ഉടത്തു നായർ പട്ടാളം മാർച്ച് ചെയ്യുന്നത് ചിത്രീകരിച്ചാൽ എത്ര ബോറായിരിക്കും. സാമൂതിരി രാജാവിനെപ്പോലും ഒരു തോർത്തുമുണ്ട് അരയിൽ ചുറ്റി, കൈളിലും കഴുത്തിലും രത്നങ്ങൾ അണിഞ്ഞ ഒരു വിചിത്ര മനുഷ്യനായിട്ടാണ് വിദേശരേഖകളിൽ കാണുന്നത്) 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ഇറങ്ങുന്നതിന് എത്രയോ മുമ്പുതന്നെ, ഇത് 30 ശതമാനം ചരിത്രവും ബാക്കി 70 ശതമാനം ഭാവനയുമാണെന്ന് പ്രിയദർശൻ, മൂൻകൂർ ജാമ്യം എടുത്തിട്ടുമുണ്ട്. ഇതും ശരിക്കും ചരിത്രത്തോടുചെയ്യുന്ന അക്രമവും അവഹേളനവുമാണ്. 70 ശതമാനം സത്യവും 30 ശതമാനം ഭാവനയും എന്ന രീതിയിലാണ്, ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി സിനിമയെടുക്കുമ്പോൾ സ്വീകരിക്കേണ്ടത്. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെയാണ് ചെയ്യാറുള്ളത്.( തീക്കളിയാണ് ചരിത്രം വെച്ചുള്ള സിനിമകൾ. പത്മാവതി സിനിമ ഉത്തരേന്ത്യയിൽ ഉണ്ടാക്കിയ കലാപം ഓർക്കുക. ഇത് കേരളമാണെന്ന് നമുക്ക് സമാധാനിക്കാം)
മരക്കാർ സിനിമയിൽ പറഞ്ഞപോലെയാണോ 14ാം നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹിക ജീവിതം എന്ന് പരിശോധിക്കേണ്ടത് ചരിത്ര കുതുകികളുടെയെങ്കിലും ആവശ്യമാണ്. 1498ൽ ഗാമ കാപ്പാട് കപ്പൽ ഇറങ്ങിയതിനുശേഷമുള്ള ആ കാലം സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും കണ്ണിലൂടെ ഒന്ന് നോക്കിയാൽ നാം നടുങ്ങിപ്പോകും. സമാനതകൾ ഇല്ലാത്ത ക്രൂരതയും, അരാജകത്വവുമാണ് ഇവിടെ വാണിരുന്നത്.
കുടുംബ സമേതം കടൽക്കൊള്ള
കുഞ്ഞാലിമരക്കാർ പറങ്കികളോടുള്ള വിരോധവും, ജനങ്ങളുടെ പട്ടിണിയിൽനിന്ന് രക്ഷിക്കാനുംവേണ്ടി കടൽകൊള്ളക്കാരനായി മാറിയാതാണെന്ന് ഈ സിനിമ മാത്രമല്ല, പല ചരിത്രകാരന്മാരും പറയുന്നുണ്ട്. ജനങ്ങളെ സഹായിക്കുന്ന കായംകുളം കൊച്ചുണ്ണി മോഡൽ ഇമേജായിരുന്നു കുഞ്ഞാലി മരക്കാർക്ക്. തമിഴ്‌നാട്ടിൽ ഒരിടത്ത് കുഞ്ഞാലി മരക്കാർക്കായി ക്ഷേത്രം പോലുമുണ്ട്. കോറോമണ്ടൽ തീരത്ത് തൂത്തുക്കുടി ജില്ലയിലെ മണപ്പാടിനോട് ചേർന്നുള്ള മാധവൻ കുറിച്ചി എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ അമ്പലം.
പക്ഷേ ലോകത്തിലെ അക്കാലത്തെ എല്ലാ കടൽ സഞ്ചാരികൾക്കും ഒരുപോലെ ഭീഷണിയായിരുന്നു മലബാറിലെ കടൽകൊള്ളക്കാർ. അക്കാലത്ത് കടലിൽ ക്രമസമാധാന പാലനം എന്നൊരു കാര്യം ഇല്ലായിരുന്നുവെന്നാണ്, കേരളം സന്ദർശിച്ച വിദേശ സഞ്ചാരികൾ ഒക്കെയും പറയുന്നത്. പ്രത്യേകിച്ച് മലബാറിൽ. റോഡുവഴിയും പുഴവഴിയും പോവുന്നവർക്ക് സാമൂതിരിയുടെ ഭടന്മാർ സംരക്ഷണം കൊടുക്കും. എന്നാൽ കടലിൽ ഇതില്ല. ആർക്കും ആരെയും കൊള്ളയടിക്കാം. ഇത് നല്ലൊരു വരുമാനം മാർഗം ആയതോടെ കൊള്ളയും കച്ചവടവും അല്ലാതെ ഒരു ജോലിയും ചെയ്യാത്ത ഒരു വിഭാഗം മലബാറിൽ വളർന്നുവന്നു. അവർ ഭൂരിഭാഗവും മുഹമ്മദീയർ എന്ന് വിളിക്കുന്ന അക്കാലത്തെ മാപ്പിളമാർ ആയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം കുടുംബ സമേതമാണ് ഇവർ കടൽകൊള്ള നടത്തിയിരുന്നതെന്നാണ് പല സഞ്ചാരികളും എഴുതിയിരുന്നത്. സാമൂതിരിയുടെ സമ്മതത്തോടെ ആയിരുന്നു ഈ കൊള്ളകൾ ഏറെയും. കിട്ടുന്ന തുകയിൽ ഒരു വിഭാഗം സാമൂതിരിക്കും, പ്രാദേശിക നായർ നാടുവാഴിക്കും തൊട്ട് പള്ളിക്കുവരെ കൊടുക്കേണ്ടിവന്നു. വില പിടിപ്പുള്ള രത്നങ്ങളും മറ്റും വിഴുങ്ങിയോ എന്ന് അറിയാൻ കടൽവെള്ളം കുടിപ്പിച്ച് ചർദിപ്പിച്ച് പരിശോധിക്കുന്ന രീതിയും അന്ന് ഉണ്ടായിരുന്നു.
പ്രശസ്ത ശാസ്ത്ര-ചരിത്ര ലേഖകനും എഴുത്തുകാരനുമായ ഡോ മനോജ്ബ്രൈറ്റ് വിദേശ സഞ്ചാരികളുടെ പുസ്തകങ്ങൾ തർജ്ജമചെയ്ത് ഇങ്ങനെ വിലയിരുത്തുന്നു. സഞ്ചാരികളായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീയുടെ അജ്ഞാതനായ കർത്താവ് മുതൽ പ്ലിനിയും, ടോളമിയും, മാർക്കോ പോളോയുമടക്കം പതിനെട്ടാം നൂറ്റാണ്ട് വരെ മലബാർ സന്ദർശിച്ച ഏതാണ്ട് എല്ലാവരും തന്നെ മലബാർ തീരത്തെ കപ്പൽ കൊള്ളക്കാരെക്കുറിച്ച് പറയുന്നുണ്ട്. മുസിരിസിനടുത്തുള്ള ഹൈഡ്രേ എന്ന സ്ഥലം കടൽ കൊള്ളക്കാരുടെ കേന്ദ്രമായി പ്ലിനി പറയുന്നുണ്ട്. കുടുംബമായി കടലിൽ സഞ്ചരിച്ച് കൊള്ളനടത്തുന്ന കടൽ കൊള്ളക്കാരെയും കുറിച്ച് മാർക്കോപോളോയും എഴുതിയിട്ടുണ്ട്.
നാവിക സേനയില്ലാത്ത സാമൂതിരിക്ക് എന്തിനാണ് തലവൻ?
കോഴിക്കോട്ടെ കുഞ്ഞാലി മരക്കാന്മാർ സാമൂതിരിയുടെ നാവികസേനയുടെ തലവന്മാരായിരുന്നു എന്നാണല്ലോ പൊതുവേ പറയപ്പെടുന്നത്. എന്നാൽ അതിൽ എത്രത്തോളം വാസ്തവമുണ്ട് എന്നതിൽ സംശയമുണ്ട്. സർദാർ കെ.എം പണിക്കർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ അങ്ങനെ പറയുന്നതല്ലാതെ ഈ നാവിക സേനാമേധാവി എന്ന പദവിയുടെ വേറെ തെളിവൊന്നും കണ്ടിട്ടില്ല. സാമൂതിരിയുടെ നാവികസേനാ മേധാവികൾക്ക് കുഞ്ഞാലിമാർ ഒന്നു മുതൽ നാലു വരെ എന്ന് നമ്പറിട്ടതും സർദാർ കെ.എം. പണിക്കരാണ്. ഇത് വിശദീകരിക്കുന്ന ഡോ മനോജ്ബ്രൈറ്റ് ഇങ്ങനെ ചോദിക്കുന്നു. 1540 ലെ പോർട്ടുഗീസുകാരുമായുള്ള സന്ധിയിൽ അഞ്ചു തുഴകളിൽ കൂടുതലുള്ള വള്ളങ്ങൾ സാമൂതിരിക്ക് പാടില്ല എന്ന വ്യവസ്ഥയുണ്ടായിരുന്നു. അങ്ങനെ നാവികസേന തന്നെ ഇല്ലാതായിപ്പോയ സാമൂതിരിക്ക് പിന്നെന്ത് സേനാമേധാവി?
ബാക്കിയുള്ള കുഞ്ഞാലി മരക്കാന്മാർ സാമൂതിരിയുടെ നാവികത്തലവൻ എന്നതിനേക്കാൾ പ്രൈവറ്ററിങ്ങ് ആയിരുന്നിരിക്കാനാണ് കൂടുതൽ സാധ്യത. അതായത് കമ്മീഷൻ വ്യവസ്ഥയിൽ കപ്പലുകൾ പിടിച്ചെടുക്കുന്ന സ്വകാര്യസേന അഥവാ കൂലിപ്പട്ടാളം. ഇതും എന്ന കടൽക്കൊള്ളയും തമ്മിൽ ചെറിയ വ്യതാസമേ ഉള്ളൂ. പ്രൈവറ്റേഴ്സിന് ജോലിക്കനുസരിച്ചാണ് കൂലി. കപ്പലുകൾ കൊള്ളയടിച്ചില്ലെങ്കിൽ വരുമാനവുമില്ല, കൂലിയുമില്ല. കൂടുതൽ കൊള്ളയടിച്ചാൽ കൂടുതൽ വരുമാനം. കൂടുതൽ കൂലി. കൊള്ളമുതലിന്റെ നിശ്ചിത ഭാഗം രാജാവിന് നൽകണം. രാജാവിന്റെ ഔദ്യോഗിക സേനയിൽ നിന്ന് വ്യത്യസ്തമായി ഇവർക്ക് രാജാവ് വേറെ ശമ്പളമൊന്നും കൊടുക്കുന്നില്ല. കൊള്ളമുതലിൽ നിന്നു വേണം ചെലവ് കഴിയാൻ. അതായത് രാജാവിന്റെ അറിവോടും, സമ്മതത്തോടും കൂടി രാജാവ് നിർദ്ദേശിക്കുന്ന കപ്പലുകൾ കൊള്ളയടിക്കുന്നവരാണ് ഇവർ. എല്ലാവരുടെയും, രാജാവിന്റെ കപ്പലുകൾ അടക്കം കൊള്ളയടിക്കുന്നവരാണ് പൈറേറ്റ്സ് എന്ന കടൽ കൊള്ളക്കാർ.
പക്ഷേ ക്രമേണെ കുഞ്ഞാലിമാർ കൊള്ളയിലൂടെ ലഭിച്ച സമ്പാദ്യം ഉപയോഗിച്ച് സ്വന്തമായി രാജ്യം സ്ഥാപിക്കാൻ ശ്രമം തുടങ്ങി. ഡോം അന്റോണിയോ ഡി നൊറോണ (15711573) പോർട്ടുഗീസ് വൈസ്രോയി ആയിരിക്കുന്ന കാലത്താണ് പട്ടു മരക്കാർ എന്ന കുഞ്ഞാലി മൂന്നാമൻ സാമൂതിരിയുടെ അനുവാദത്തോടെ പോർട്ടുഗീസുകാരെ ആക്രമിക്കാൻ എന്ന പേരിൽ പുതുപട്ടണത്ത് കോട്ട പണിത് അവിടെ വൻതോതിൽ ആയുധങ്ങൾ ശേഖരിക്കാൻ തുടങ്ങി. കോട്ട പണിയാൻ മുഗൾ ചക്രവർത്തി ഒരു ശില്പിയെ അയച്ചു കൊടുത്തതായി പറയുന്നു. ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽ നിന്നും സഹായം കിട്ടി. ''മരക്കാർ കോട്ട'' എന്നാണ് സഞ്ചാരിയായ ഫ്രാൻസ്വാ പൈറാർഡ് ഡെ ലവാൽ ഈ സ്ഥലത്തെ വിളിക്കുന്നത്. പോർട്ടുഗീസ് രേഖകളിൽ ഈ കോട്ടയും ചുറ്റുമുള്ള പട്ടണവും ''കുഞ്ഞാലി'' എന്നാണ് അടയാളപ്പെടുത്തി കാണുന്നത്. പട്ടു മരക്കാർ തന്റെ കപ്പലുകളെ വിദേശികളുടെ സഹായത്തോടെ നവീകരിച്ചു. കടലിൽ പട്രോളിങ് നടത്താൻ കൂടുതൽ കപ്പലുകൾ ഉണ്ടാക്കി, ജർമ്മൻകാരുടെ സഹായത്തോടെ വലിയ തോക്കുകൾ ഉണ്ടാക്കി. ഗുജറാത്ത് തീരം മുതൽ കന്യാകുമാരി വരെ ഈ മലബാറിലെ കൊള്ളക്കാരുടെ നിയന്ത്രണത്തിലായിരുന്നു.ഇതേ സമയം മലബാറിലെ മാപ്പിളമാർ കുഞ്ഞാലിയെ ഏതാണ്ട് രാജാവായി അംഗീകരിച്ചു തുടങ്ങിയിരുന്നു. കുഞ്ഞാലിമാരുടെ സ്ഥലമായ പൊന്നാനിയിൽ പോർട്ടുഗീസുകാർക്ക് കോട്ട കെട്ടാൻ സാമൂതിരി അനുവാദം കൊടുത്തത് കുഞ്ഞാലിക്ക് ഇഷ്ടപ്പെട്ടില്ല.
കുഞ്ഞാലി മലബാർ മുസ്ലീമുകളുടെ രാജാവ്, കടൽ യാത്രയുടെ രാജകുമാരൻ, അറബിക്കടലിന്റെ അധികാരി, മുതലായ സ്ഥാനപ്പേരുകൾ ഉപയോഗിക്കാനും തുടങ്ങി. (സമുദ്രത്തിന്റെ അധിപൻ എന്നത് സാമൂതിരിയുടെ അധികാര സ്ഥാനമാണ്. ''കുന്നലക്കോൻ'' (കുന്നിന്റെയും, അലകളുടെയും അധികാരി. അതിന്റെ സംസ്‌കൃത രൂപമാണ് സമുദ്രഗിരിരാജ അഥവാ സാമൂതിരി രാജ എന്നത്. ) പുതുപട്ടണത്തിലെ കുഞ്ഞാലിക്കോട്ടയിൽ അന്നത്തെ ശക്തമായ എല്ലാ മുസ്ലിം രാജ്യങ്ങളിൽ നിന്നും, മുഗൾ സാമ്രാജ്യത്തുനിന്നും, മെക്കയിൽ നിന്നും വരെയുള്ള പ്രതിനിധികൾ വന്നു പോയിരുന്നു. ഈ വ്യാപക ബന്ധങ്ങൾ ഉപയോഗിച്ച് അംഗീകൃത രാജാവാകാനും കുഞ്ഞാലി ശ്രമിച്ചു. മലബാറിലെ മുസ്ലിംകളെല്ലാം കുഞ്ഞാലിയെ അവരുടെ രാജാവായി കരുതാൻ മാത്രം അദ്ദേഹം പ്രതാപവാനായി.
കുഞ്ഞാലി ഒടുവിൽ പോർട്ടുഗീസ് കപ്പലുകൾ മാത്രമല്ല, സാമൂതിരിയുടെ കപ്പലുകൾ പോലും പിടിച്ചെടുക്കാൻ തുടങ്ങി. അതോടെ സാമൂതിരിക്ക് ഏതാണ്ട് മതിയായി. താൻ നട്ടുവളർത്തിയ മരം തന്റെ പുരയ്ക്കു നേരെ ചാഞ്ഞു തുടങ്ങിയപ്പോൾ സാമൂതിരി തന്നെ അത് വെട്ടാൻ തീരുമാനിച്ചു. തനിക്ക് കണ്ണൂരിലെ കോലത്തിരിയുടെ അവസ്ഥ വരും എന്ന് എന്നു തോന്നിയ സാമൂതിരി കുഞ്ഞാലിക്കെതിരെ തിരിഞ്ഞു.
പുതിയ നൗകക്ക് വേണ്ടത് ക്രിസ്ത്യൻ അടിമയുടെ രക്തം
ചാൾസ് ഗബ്രീയേൽ ഡെല്ലൻ അക്കാലത്തെ കടൽക്കൊള്ളയെപ്പറ്റി ഇങ്ങനെ എഴുതുന്നു. 'ഇവരുടെ അയൽക്കാരോ, അടുത്ത സുഹൃത്തുക്കളോ കടലിൽ വച്ച് ഇവരുടെ കയ്യിൽ പെട്ടാൽ പോലും അവരെ വെറുതെ വിടില്ല. ഏറ്റവും അപരിചിതരായവരോടു പെരുമാറുന്ന പോലെയേ പെരുമാറൂ. മോചനദ്രവ്യം കൊടുക്കുന്നതു വരെ അവർ ചങ്ങലയിൽ കിടക്കും. ഈ കൊള്ളക്കാർ മറ്റു മുഹമ്മദീയരെക്കാൾ വിവരം കെട്ടവരും, പ്രാകൃതരുമാണ്. വിഗ്രഹാരാധകരായ ആളുകളിൽനിന്ന് ഇവർക്കുള്ള വ്യത്യാസം അവരുടെ താടിയും, തലേക്കെട്ടും, കുപ്പായവും മാത്രമാണ്.ഇവർ ഏതെങ്കിലും മുഹമ്മദീയരെയോ, വിഗ്രഹാരാധകരേയോ പിടികൂടിയാൽ കയ്യിലുള്ളതെല്ലാം പിടിച്ചു പറിക്കുക എന്നല്ലാതെ അപൂർവ്വമായേ അവരെ അടിമകളാക്കാറുള്ളൂ. അതല്ലെങ്കിൽ കനത്ത മോചനദ്രവ്യം നൽകാൻ കഴിയുന്ന ആളാകണം. ഏറ്റവും മോശം പെരുമാറ്റം ക്രിസ്ത്യാനികളോടാണ്. അവർ അടിമയായിത്തന്നെ മരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതല്ലെങ്കിൽ മോചനദ്രവ്യം കൊടുക്കുകയോ, മുഹമ്മദീയ മതത്തിൽ ചേരുകയോ വേണം. എങ്കിൽ അവർ വളരെ ബഹുമാനിക്കപ്പെടുകയും, സാധാരണയായി അവരുടെ പാറോയുടെ കപ്പിത്താനാക്കുക പോലും ചെയ്യും.
അത്തരം ഒരു നൗക ആദ്യമായി പുറത്തിറക്കുമ്പോൾ അവരുടെ പ്രധാന ലക്ഷ്യം ആദ്യം കിട്ടുന്ന ക്രിസ്ത്യൻ അടിമയുടെ രക്തം കൊണ്ട് പുതിയ നൗക ആശീർവദിക്കുക ചെയ്യുക എന്നതാണ്. യൂറോപ്യന്മാരുടെ കൂട്ടത്തിൽ പോർട്ടുഗീസുകാരാണ് അവരുടെ പ്രാകൃതമായ രക്തബലിക്ക് ഏറ്റവും അധികം വിധേയരാകാറുള്ളത്. ഈ കാരണം കൊണ്ടാണ് അവർ ഈ കടൽകൊള്ളക്കാരെ തങ്ങളുടെ ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ ഇവരെ പിടികിട്ടിയാൽ മിക്കവാറും അവരെ ഗോവക്ക് കൊണ്ടുപോകും. അവിടെ ചങ്ങലയിൽ കപ്പലിലെ തുഴക്കാരാക്കുകയോ, കോട്ടയിൽ ചങ്ങലക്കിടുകയോ ചെയ്യും. അവിടെനിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്. ഈ പ്രാകൃതർ മിക്കവാറും ഒരിക്കലും അവരുടെ ആളുകളെ രക്ഷിക്കാൻ ശ്രമിക്കാറില്ല. അല്ലെങ്കിൽ ഇങ്ങനെ പിടിക്കപ്പെടുന്നവർ അവരുടെ പാറോയുടെ കപ്പിത്താനോ മറ്റോ ആകണം. എങ്കിലും മിക്കവാറും ഒരിക്കലും പോർട്ടുഗീസുകാർ അവരെ വിട്ടു കൊടുക്കാറില്ല. മോചനദ്രവ്യം സ്വീകരിക്കുന്നതിനു പകരം അവരോടു ചെയ്ത ക്രൂരതയുടെ ശിക്ഷയായി തടവിൽ കിടന്നു മരിക്കട്ടെ എന്ന് കരുതുകയാണ് പതിവ്''. (ചാൾസ് ഗബ്രീയേൽ ഡെല്ലൻ)
വടകര നിന്ന് മൂന്നു മൈൽ മാറി കടലിൽ എട്ടു മൈൽ ദൂരത്തിൽ വെളിയം കല്ല് എന്ന ഈ പാറ കാണാം. കുഞ്ഞാലി മരക്കാന്മാർ പറങ്കികൾ കൊണ്ടുപോയി കൊന്നിരുന്ന രക്തസാക്ഷിത്വത്തിന്റെ കല്ല് എന്ന പാറയെക്കുറിച്ച് ഹാമിൽട്ടൺ പറയുന്നുണ്ട്. കോട്ടക്കലിലെ കൊള്ളക്കാർ ഒരു പറങ്കികപ്പൽ പിടിച്ചെടുത്ത് അതിലെ എല്ലാവരെയും ഇവിടെകൊണ്ടുവന്ന് ബലികൊടുത്തതിന്റെ ഓർമ്മക്കായാണ് ആ പാറക്ക് അങ്ങനെ പേര് വന്നതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.ഒരു ഇംഗ്ലീഷ് ഡോക്ടറും സഞ്ചാരിയുമായ ജോൺ ഫ്രെയറും മലബാറിലെ കടൽകൊള്ളക്കാരെയും, അവർ കടൽ യാത്രികരെ ബലി കൊടുക്കുന്ന ഈ പാറയെക്കുറിച്ചും പറയുന്നുണ്ട്.
ഒരു കാർമലൈറ്റ് പുരോഹിതനായ ഫാദർ വിൻസെൻസോ 1656-57 കാലഘട്ടത്തിൽ എഴുതിയ ഒരു കത്തിൽ കൊള്ളക്കാരുടെ കയ്യിൽ പെടുന്ന ക്രിസ്ത്യൻ തടവുകാർ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും, ഈ പാറയെക്കുറിച്ചും പറയുന്നുണ്ട്. ''അവർ ചങ്ങലയിൽ വെയിലത്ത് വയലിൽ പണിയെടുക്കണം. കാര്യമായ മർദ്ദനവും ഉണ്ടാകും. പണി കഴിഞ്ഞാൽ നാറുന്ന തൊഴുത്തിൽ ചങ്ങലക്കിടും. വെറും മണ്ണിലാണ് അവർ ഉറങ്ങുന്നത്. കുടിക്കുന്നത് ചളിവെള്ളവും. ഭക്ഷണം ചീഞ്ഞ ചോറും അൽപ്പം ഉപ്പും. ആഴ്ചയിൽ പലതവണ അവരുടെ ഉടമസ്ഥന്റെ മുന്നിൽ കൊണ്ടുവന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് അവരുടെ പരിചയക്കാർക്ക് നിർബന്ധിച്ച് കത്തുകളെഴുതിക്കും.
തുടക്കത്തിൽ എത്ര കിട്ടിയാലും പോര എന്നായിരിക്കും. ഭീമമായ ഈ തുക നൽകാൻ വിസമ്മതിച്ചാൽ കൊടിയ പീഡനമായിരിക്കും. പണം നൽകാമെന്ന് സമ്മതിച്ച ശേഷം അതുകൊടുത്തില്ലെങ്കിൽ പീഡനമേറ്റു മരിക്കേണ്ടി വരും. പലപ്പോഴും അവരെ തലകീഴായി കെട്ടിത്തൂക്കും. അടിയിൽ നനഞ്ഞ വൈക്കോൽ കൂട്ടിയിട്ടു പുകയിടും. ചിലപ്പോൾ തറയിൽ വലിച്ചു കെട്ടി പഴുതാരയെക്കൊണ്ട് വയറിൽ കടിപ്പിക്കും.അത് പഴുത്ത് അസഹ്യമായ വേദനയുണ്ടാക്കും. പോർട്ടുഗീസുകാരുടെ ശക്തി ക്ഷയിച്ചതോടെ ഇവിടെ ഈ കടൽ കൊള്ളക്കാരുടെ ശല്യമാണ്. അവർ ഒരു കപ്പൽ കീഴടക്കിയാൽ തടവിലാകുന്ന ആദ്യത്തെ ഒന്നുകിൽ മുഹമ്മദീയ മതം സ്വീകരിക്കണം, അല്ലെങ്കിൽ കുഞ്ഞാലിപ്പാറയിൽ കൊണ്ടുപോയി ബലി കൊടുക്കും.''
കോഴിക്കോടു വച്ച് മാപ്പിളമാർ അവർ തടവിലാക്കിയിരിക്കുന്ന ക്രിസ്ത്യാനികളെ മോചനദ്രവ്യം നൽകി മോചിപ്പിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ച കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. തങ്ങൾ തടവുകാരെ കണ്ടാൽ മോചനദ്രവ്യം ആവശപ്പെട്ട് അവരെ കൂടുതൽ പീഡിപ്പിക്കും എന്നതുകൊണ്ട് തങ്ങൾ പോയില്ല എന്നും ഈ പാതിരി രേഖപ്പെടുത്തുന്നു.
കുഞ്ഞാലി മരുമകൻ റോഡ്രിഗ്ഗ്‌സ്
കുഞ്ഞാലി മരക്കാന്മാരുടെ കഥ നാലാമൻ മരിച്ചിട്ടും അവസാനിച്ചിട്ടില്ല. സിനിമാക്കഥകളെ വെല്ലുന്ന നാടകീയതയാണ് ഇനി. 1591ൽ പറങ്കികൾ ഒരു ആക്രമണത്തിനിടയിൽ കുഞ്ഞാലി മരക്കാരുടെ പതിമൂന്നു വയസ്സായ ഒരു മരുമകനെ പിടികൂടിയിരുന്നു. അലി എന്ന് പേരായ ഈ കുട്ടിയെ അവർ ഗോവയിലേക്ക് കൊണ്ടുപോയി മതം മാറ്റി ഡോം പെഡ്രോ റോഡ്രിഗ്ഗ്‌സ് എന്ന പേരു നൽകി. ഒരു പോർട്ടുഗീസ് യുവതിയെ വിവാഹം കഴിച്ച് ഗോവയിൽ കഴിഞ്ഞിരുന്ന റോഡ്രിഗ്ഗ്‌സ് തന്റെ അമ്മാവനായ കുഞ്ഞാലിയെ പിന്നീട് കാണുന്നത് ഗോവയിൽ പറങ്കികളുടെ തടവിൽ വച്ചാണ്. കുഞ്ഞാലിയുടെ തല വെട്ടുന്നത് കാണാൻ കൂടിയ ആൾക്കൂട്ടത്തിൽ ഇരുപത്തിരണ്ടുകാരനായ റോഡ്രിഗ്ഗ്‌സും ഉണ്ടായിരുന്നു.
അമ്മാവന് നേരിട്ട ഈ അപമാനത്തിൽ രോഷാകുലനായ റോഡ്രിഗ്ഗ്‌സ് തന്റെ വേരുകളിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ഒരു പോർട്ടുഗീസ് കപ്പൽ തട്ടിയെടുത്ത് മലബാറിലെത്തിയ റോഡ്രിഗ്ഗ്‌സ് പത്തിരുപതു വർഷത്തോളം അലി മരക്കാർ എന്ന പേരിൽ പറങ്കികളെ വിറപ്പിച്ച കടൽ കൊള്ളക്കാരനായി ഇവിടം ഭരിച്ചു.1618 ൽ ചില പറങ്കി കപ്പലുകൾ പിടിച്ചെടുത്ത് മുന്നൂറോളം പേരെ വധിച്ചതായും, പോർട്ടുഗീസ് അധീനതയിലുള്ള ചില ദ്വീപുകൾ പിടിച്ചെടുത്തതായും കാണാം. ഇയാൾക്ക് പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല. (നോക്കുക, ഒരു സെക്കൻഡ് പാർട്ട് ഇറക്കാനുള്ള സാധ്യതയുള്ള ചിത്രമായിരുന്നു മരക്കാർ. ചിത്രത്തിന്റെ അവസാനം ഈ കുട്ടിയെയും മഞ്ജുവാര്യരെയും കാണിക്കുന്നുണ്ട്)
കുഞ്ഞാലിയുടെ മരണത്തോടെ മലബാറിലെ കടൽ കൊള്ളയുടെ പുഷക്കലകാലം കഴിഞ്ഞെങ്കിലും, പിന്നെയും രണ്ടു നൂറ്റാണ്ടോളം മലബാർ തീരത്ത് കടൽ കൊള്ള തുടർന്നിരുന്നു. കുഞ്ഞാലിക്കു ശേഷം സാമൂതിരി കൊള്ളക്കാരോട് വലിയ മമത കാണിക്കാതായതോടെ അവരുടെ സംരക്ഷണം വടകരയിലെ വാഴുന്നവർ ഏറ്റെടുത്തു എന്ന് ഡെ ലവാൽ സൂചിപ്പിക്കുന്നുണ്ട്. കൊള്ളയിലൂടെ വാഴുന്നവർ സമ്പന്നനായതോടെ കടൽ കൊള്ളക്കാരുടെ നേതാവ് എന്ന ചീത്തപ്പേര് മാറണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന്റെ ഭാഗമായി ഡച്ചുകാരുമായി വ്യാപാരബന്ധത്തിനു ശ്രമിച്ചു. ഫ്രഞ്ചുകാരും, ഡച്ചുകാരും, ഇംഗ്ളീഷുകാർ തലശ്ശേരിയിലും, കോഴിക്കോടുമാണ് ചരക്കെടുക്കാൻ പോകുന്നത്, തന്റെ രാജ്യവുമായി അവർ കച്ചവടം ചെയ്യുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പരാതി. കച്ചവട കപ്പലുകൾ കൊള്ളയടിക്കുന്ന രാജ്യം എന്ന ചീത്തപ്പേര് ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് ഹാമിൽട്ടൺ അദ്ദേഹത്തോട് തുറന്നു പറയുന്നുണ്ട്.
കടൽകൊള്ളയുടെ പ്രധാന ആകർഷണം വൻ ലാഭം കിട്ടുന്ന മനുഷ്യ വ്യാപാരമായിരുന്നു. അതായത് ധനികരായ തടവുകാരെ കനത്ത മോചനദ്രവ്യം വാങ്ങി വിട്ടയക്കുക, അല്ലാത്തവരെ അടിമകളാക്കി വിറ്റ് കാശാക്കുക. പക്ഷേ ബ്രിട്ടീഷുകാർ അടിമകച്ചവടത്തിനെതിരെ കർശന നിലപാടെടുത്തതോടെ മലബാറിലെ കടൽ കൊള്ള സാവധാനം അവസാനിച്ചു.
ക്രൂരതയുടെ പര്യായമായി പറങ്കികൾ
പക്ഷേ കേരളതീരത്ത് പോർച്ചുഗീസുകാരുടെ ക്രുരതകളും സമാനതകൾ ഇല്ലാത്തതായിരുന്നു. ഇംഗ്ലീഷുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരുമായി ഇന്ത്യയിൽ പലരീതിയിലുള്ള അധിനിവേശ ശക്തികൾ എത്തിയിരുന്നെങ്കിലും, അവർക്ക് ആർക്കും ക്രൂരതയിൽ പോർട്ടുഗീസുകാരെ വെല്ലാൻ കഴിഞ്ഞിട്ടില്ല. നിസ്സാര പ്രശ്നങ്ങൾക്കുപോലും തോക്കെടുക്കുന്നവരും, ഗ്രാമീണരെ തീർത്തും അപരിഷ്‌കൃതരായി കരുതുന്നുവരും ആയിരുന്നു അവർ. അടിക്കടി നികുതി കൂട്ടാനും, ജനത്തെ പട്ടിണിക്കിട്ട് പാഠം പഠിപ്പിക്കാനും ഒന്നും അവർക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. തങ്ങൾക്കെതിരെ തിരിയുന്നവരെ ക്രൂരമായി മർദിച്ചും, അടിമപ്പണി എടുപ്പിച്ചു അവർ തീർക്കും. തീരത്ത് നിന്ന് കുട്ടികളെ അടിമയായി പിടിക്കാനും പോർച്ചുഗീസുകാർക്ക് മടിയുണ്ടായില്ല. ഇംഗ്ലീഷുകാരുടെ സദാചാര ബോധം ആയിരുന്നില്ല പോർച്ചുഗീസുകാർക്ക്. നല്ല പെണ്ണിനെ കണ്ടാൽ അവർ ബലപ്രയോഗത്തിലൂടെ വശത്താക്കും. മലബാറിലെ സ്ത്രീകൾക്ക് ഒരുകാലത്ത് പേടി സ്വപ്നമായിരുന്നു, പോർച്ചുഗീസ് പടയാളികൾ എന്ന് പലരും എഴുതിയിട്ടുണ്ട്.
ഒന്നാന്തരം മതഭ്രാന്തന്മാർ കൂടിയായിരുന്നു ഇവർ. ക്രിസ്റ്റിയാനിറ്റിയിലേക്ക് ആളെകൂട്ടാനായി പാതിരിമാരുടെ ഒരു പടയുമായിട്ടാണ് അവർ എത്തിയത്. സാമൂതിരിയുടെ ഉപദേശകനായി വിടാതെ പുറകെ കൂടിയിരിക്കുന്നു ഫാദർ ഫ്രാൻസിസ് റോസ്. ലക്ഷ്യം കൂടുതൽ പള്ളിപണിയാനുള്ള അനുമതി തന്നെ. സാമൂതിരിയുടെ മരുമകൻ കുമാരൻ എറാടി ഒടുവിൽ മതം മാറുകയും ചെയ്തൂ.കടൽക്കൊള്ളക്കാർ അടിമകളായി പിടിക്കുന്നവരെ പലപ്പോഴും ഇസ്ലാമിലേക്ക് മാറ്റുമ്പോൾ, പോർട്ടുഗീസുകാർ തങ്ങളുടെ അടിമകളെ ക്രിസ്റ്റിയാനിറ്റിയിലേക്കും മാറ്റും. മതനിന്ദാ കുറ്റം ആരോപിച്ച് ക്രൂരമായ ശിക്ഷയാണ് പലപ്പോഴും പറങ്കികൾ നടപ്പാക്കിയത്. ഒരു അന്യമതസ്ഥൻ ക്രിസ്റ്റിയാനിറ്റിയെ നിന്ദിച്ചുവെന്ന അറിഞ്ഞാൽ അവനെയും ബന്ധുക്കളെയും ജീവനോടെ തൊലിയിരിക്കയായിരുന്നു അവരുടെ രീതി. പീലിങ്ങ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
അതുപോലെ പരസ്യമായി കൊല്ലുക, കുരിശിൽ തറക്കുക, തലവെട്ടി പ്രദർശിപ്പിക്കുന്ന എന്നീ ക്രൂരതകൾ ഒക്കെയും അവർ അക്കാലത്ത് ചെയ്തു. ഇക്കാര്യത്തിൽ ഏറെ അനുഭവിച്ചത്, പോർച്ചുഗീസുകാർക്ക് സമ്പൂർണ്ണ അധികാരമുള്ള ഗോവയിലെ തദ്ദേശീയർ ആയ കൊങ്കണി സമുദായക്കാർ ആയിരുന്നു. സ്പാനിഷ് ജസ്യൂട്ട് പാതിരിയായ ഫ്രാൻസിസ് സേവ്യർ 1542ൽ ഗോവയിലെത്തി പോർച്ച്ഗീസ് സഹായത്തോടുകൂടി ഗോവയൊന്നടങ്കം ക്രൈസ്തവവൽക്കരിച്ചു. ഗോവയിൽ ഇക്കാലത്ത് നില നിന്നിരുന്ന മത ശിക്ഷാ രീതികൾ കുപ്രസിദ്ധമാണ്. മത പീഡനങ്ങളും നിർബന്ധിത മത പരിവർത്തനങ്ങളും ഭയന്ന് ഇവിടുത്തെ പരമ്പാഗത കൊങ്കണി സമൂഹം പലായനം ചെയ്തു. (പിന്നീട് ബിജെപി ഗോവയിൽ അധികാരത്തിലേറാൻ സഹായിച്ചതും മനോഹർ പരീക്കറുടെ നേതൃത്വത്തിൽ ഇക്കാര്യങ്ങൾ കുത്തിപ്പൊക്കി കൊങ്കിണി വികാരം ഉയർത്തിയുള്ള ശക്തമായ പ്രചാരണം ആയിരുന്നു.)
്മൃതദേഹത്തെ ആദരിക്കുക എന്ന ഇംഗ്ലീഷുകാരുടെ മാന്യതയൊന്നും പറങ്കികൾക്ക് ഇല്ലായിരുന്നു. കുഞ്ഞാലി മരക്കാരുടെ മൃതദേഹത്തെപോലും അവർ തുണ്ടം തുണ്ടമാക്കി. ചരിത്രകാരൻ ഡോ കെ.കെ എൻ കുറുപ്പ് തന്റെ പോർച്ചുഗീസ് അധിനിവേശവും കുഞ്ഞാലിമരക്കാറും എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു-''കുഞ്ഞാലിയെയും കൂട്ടരെയും കീഴടങ്ങൽ കരാർ ലംഘിച്ചുകൊണ്ട് മരണശിക്ഷയ്ക്കു വിധിച്ചു. കുഞ്ഞാലി കാരാഗൃഹത്തിൽ ധാരാളം ദുരനുഭവങ്ങൾ പങ്കുവെച്ചു. അയാൾ ആരെയും കാണാൻ കൂട്ടാക്കിയില്ല. ഒരുകൂട്ടം പുരോഹിതർ, തടങ്കൽക്കാരെ ക്രിസ്തുമതം സ്വീകരിക്കാൻ നിർബന്ധിച്ചെങ്കിലും ഫലവത്തായില്ല. കുഞ്ഞാലി ഒരുവിധത്തിലും വഴങ്ങിയില്ല. ഒരു പ്രത്യേക ഫ്രഞ്ച് മാതൃകയിലുള്ള കൊലമരം വൈസ്രോയിയുടെ വസതിക്കു മുൻപിൽ ഉയർത്തി. പ്രഭുക്കളും സാധാരണക്കാരും സ്ത്രീകളും വണിക്കുകളും ഗോവ സെന്റ്‌പോൾ സർവകലാശാലയിലെ പുരോഹിതരും എല്ലാം ഒത്തുകൂടി ഒരാരവംതന്നെ സൃഷ്ടിച്ചു. മട്ടുപ്പാവിൽനിന്ന് വൈസ്രോയിയും ആർച്ച് ബിഷപ്പും അതെല്ലാം സത്വരം വീക്ഷിച്ചു. കുഞ്ഞാലിയെ തൂക്കുമരത്തിലേക്കാനയിച്ചു. ആരോപിച്ച കുറ്റങ്ങൾ വായിച്ചത് രണ്ടു മാത്രം. കുഞ്ഞാലി പോർച്ചുഗലിന് രാജ്യദ്രോഹിയാണെന്നും ക്രിസ്തുമതത്തെ പീഡിപ്പിച്ചു എന്നും. ഇതു കേട്ട കുഞ്ഞാലി വലിയ മാന്യതയും ധൈര്യവും പ്രകടമാക്കി. തന്റെ കഴുത്ത് ചെരിയുന്നതോടെ മേളങ്ങളുടെ അകമ്പടിയിൽ കോടാലി വീണു. ദിവസങ്ങളോളം നീണ്ടുനിന്നു മറ്റു മുസ്ലിംതടവുകാരുടെ വധശിക്ഷ പൂർത്തിയാക്കാൻ. കുഞ്ഞാലിയുടെ മൃതദേഹം തുണ്ടംതുണ്ടമാക്കി കൈകാലുകൾ പഞ്ചിമിലും ബർദെയിലും പ്രദർശിപ്പിച്ചു. ശിരസ്സ് ഉപ്പിലിട്ട് കണ്ണൂരിലെ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്താൻ അവിടേക്കയച്ചു. പോർച്ചുഗലിലും ഈ വിജയം ആഘോഷിച്ചു.''- ഡോ കുറുപ്പ് ചൂണ്ടിക്കാട്ടുന്നു.
എന്തായാലും കടൽക്കൊള്ളക്കാർക്കും അതിനൊപ്പം ക്രൂരന്മാരായ പോർട്ടുഗീസുകാർക്കുമിടയിൽ ജീവിച്ച ഒരു ജനത. പഴയകാല കേരളം നന്മകളുടെ കേദാരമായിരുന്നു എന്ന് വാഴ്‌ത്തുന്നവർ ഒന്നും ഈ അനുഭവങ്ങൾ മറന്നുപോകരുത്.
വാൽക്കഷ്ണം: അങ്ങനെ മതത്തിനുവേണ്ടി രക്തം ചിന്തിയ പോർച്ചുഗലിൽ നിന്നുള്ള പുതിയ വാർത്തകൾ അവിടെ ക്രിസ്ത്യൻ പള്ളികൾ ബാർ ഹോട്ടലുകൾ ആവുന്നു എന്നതാണ്. വേണ്ടത്ര പുരോഹിതന്മാരും കന്യാസ്ത്രീകളും ഇല്ലാത്തവും ഇതിന് ഒരു കാരണമാണ്. ഇന്ന് മതത്തിന്റെയല്ല മാനവികതയുടെ വക്താക്കളാണ് ആ നാട്. പഴയ മതാന്ധതയും കുരിശുയുദ്ധങ്ങളുമൊന്നും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ നാട്ടുകാർ ഇന്ന് ഓർക്കാൻ പോലും ഇഷടപ്പെടുന്നില്ല. നമ്മുടെ നാട്ടിലോ. നരബലിയും കടൽക്കൊള്ളയും ഒഴിവായെങ്കിലും, മറ്റ് മതജന്യരോഗങ്ങൾ അതേ പടി ബാക്കി!
റഫറൻസ്: ഡോ മനോജ് ബ്രൈറ്റ് -ഫേസ്‌ബുക്ക് പോസ്റ്റുകൾ
പോർച്ചുഗീസ് അധിനിവേശവും കുഞ്ഞാലിമരക്കാറും- ഡോ. കെ.കെ.എൻ കുറപ്പ്
കേരള ചരിത്രവും ജാതിവ്യവസ്ഥയും- പി. കെ ബാലകൃഷൻ
നായർ മേധാവിത്വത്തിന്റെ പതനം- റോബിൻ ജഫ്രി
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ