- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് നിലപാടിൽ ഉറച്ച് ആന്റണി പെരുമ്പാവൂർ; ഈ തുക നൽകാനില്ലെന്ന് തിയേറ്ററുകാരും; പ്രശ്നത്തിൽ ഇടപെട്ട് മാനം കളയാനില്ലെന്ന നിലപാടിലേക്ക് സിനിമാ മന്ത്രിയും; മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കാനുള്ള ചർച്ച ഉപേക്ഷിച്ചു; അറബിക്കടലിന്റെ സിംഹം ഒടിടിയിലേക്ക് തന്നെ
കൊച്ചി: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ എത്തിക്കാനുള്ള സിനിമാ മന്ത്രി സജി ചെറിയാന്റെ ശ്രമത്തിന് വമ്പൻ തിരിച്ചടി. സിനിമയുടെ അണിയറക്കാരും വിതരണക്കാരും മന്ത്രിയും തമ്മിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ച ഇന്ന് നടക്കില്ല. ഇതോടെ ചിത്രം ഒടിടിയിൽ പോകാനുള്ള സാധ്യത കൂടി. ചർച്ച ഉപേക്ഷിച്ചുവെന്ന് മന്ത്രി സജി ചെറിയാനും അറിയിച്ചു.
മോഹൻലാൽ-പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപ്പെട്ട് സിനിമാ വകുപ്പിന്റെ ചുമതല കൂടിയുള്ള സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്തു വന്നിരുന്നു. തീയേറ്ററുടമകളുമായും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായും മന്ത്രി ചർച്ച നടത്തുമെന്നായിരുന്നു റിപ്പോർട്ട്. ഇതാണ് പൊളിയുന്നത്. ഇരുകൂട്ടർക്കും നഷ്ടമില്ലാതെ പരിഹരിക്കാനാണ് ശ്രമം. ഒറ്റ ഡോസ് വാക്സിൻ എടുത്തവരെ തീയേറ്ററിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചു.
ഫിലിം ചേമ്പർ പ്രതിനിധികളും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ ശ്രമം നടന്നത്. തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെ സംബന്ധിച്ച് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച വ്യവസ്ഥകൾ തീയേറ്ററുടമകൾ അംഗീകരിച്ചില്ല. തുടർന്നാണ് ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ മന്ത്രി ചർച്ച ചെയ്താലും ഫലം ഉണ്ടാകില്ലെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഇത് പരിഗണിച്ചാണ് സജി ചെറിയാൻ പിന്മാറിയത്.
തീയേറ്റർ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകൾ ചെയ്യാമെന്ന് തീയേറ്ററുടമകൾ നേരത്തേ വ്യക്തമാക്കിയിരുന്നു. പണം ഡിപ്പോസിറ്റായി നൽകാൻ തയ്യാറാണെന്ന് തീയേറ്ററുടമകൾ സമ്മതിച്ചു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. അത്രയും തുക നൽകാനാവില്ലെന്ന് തീയേറ്ററുടമകൾ പറഞ്ഞതാണ് പ്രശ്ന കാരണം. ഇതിൽ വിട്ടുവീഴ്ചയ്ക്ക് രണ്ടു കൂട്ടരും തയ്യാറല്ല.
100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിർമ്മിച്ചത്. ഏകദേശം രണ്ടരവർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. മോഹൻലാലിനെ പുറമേ മഞ്ജു വാര്യർ, അർജുൻ സർജ, പ്രഭു, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സുഹാസിനി, സുനിൽ ഷെട്ടി, നെടുമുടി വേണു, ഫാസിൽ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരയ്ക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളിൽ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തു. മരയ്ക്കാറിനൊപ്പം ആശിർവാദ് നിർമ്മിച്ച ട്വൽത്ത് മാനും എലോണും ബ്രോ ഡാഡിയും ഒടിടിയിൽ എത്തുമെന്നാണ് സൂചന.
ആമസോൺ പ്രൈം വീഡിയോയിലൂടെയായിരിക്കും മരയ്ക്കാർ റിലീസിനെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ