- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വിസ്റ്റായത് ചെന്നൈയിലെ പ്രിവ്യൂ കാണൽ; തിയേറ്ററിൽ തന്നെ വരണമെന്ന് പ്രിയദർശൻ പറഞ്ഞപ്പോൾ ലാൽ ആ തീരുമാനം എടുത്തു; മന്ത്രിയെ മുന്നിൽ നിർത്തി വിജയകുമാറിന്റെ അഹങ്കാരം തകർത്തു; കലക്ക വെള്ളത്തിൽ മീൻ പിടിക്കാതെ ലിബർട്ടിയേയും തടഞ്ഞു; ഉറച്ച പിന്തുണ നൽകി ദിലീപും; മരയ്ക്കാർ തിയേറ്ററിൽ എത്തുമ്പോൾ
കൊച്ചി: മരയ്ക്കാർ തിയേറ്ററിൽ എത്തുന്നതുമായി ബന്ധപ്പെട്ട് നടന്നത് നാടകീയ നീക്കങ്ങൾ. മോഹൻലാൽ-പ്രിയദർശൻ-ജി സുരേഷ് കുമാറിന്റെ നീക്കങ്ങൾക്ക് മുന്നിൽ എല്ലാ അർത്ഥത്തിലും ഫിയോക് അടിതെറ്റി വീണു. മോഹൻലാൽ ചത്താലും സിനിമ നിലനിൽക്കുമെന്ന് വീമ്പു പറഞ്ഞ ഫിയോക്കിന് ഒടുവിൽ മരയ്ക്കാറെ ഉൾക്കൊള്ളേണ്ടി വന്നു. ലിബർട്ടി ബഷീർ തിയേറ്റർ സംഘടനയെ പിളർത്തുമെന്ന ഭയമുണ്ടാക്കിയാണ് ഈ ലക്ഷ്യം അനായാസമായി ലാലും കുട്ടരും നേടിയത്. നടൻ ദിലീപിന്റെ ആത്മാർത്ഥ പിന്തുണയും ലാലിന് തുണയായി. അങ്ങനെ വീണ്ടും തിയേറ്റർ സംഘടനയിൽ ദിലീപ് മേധാവിത്വം പിടിച്ചെടുക്കുകയാണ്.
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ പ്രിവ്യൂവാണ് അതിനിർണ്ണായകമായത്. ചിത്രം ആദ്യമായി കണ്ട മോഹൻലാൽ അതിഗംഭീരമാണെന്ന് നിലപാട് എടുത്തു. ഇതോടെ പ്രിയദർശൻ ആവേശത്തിലായി. തന്റെ ചിത്രം തിയേറ്ററിൽ തന്നെ വരണമെന്ന് മോഹൻലാലിനോട് പ്രിയൻ ആവശ്യപ്പെട്ടു. ഇതോടെ നിർമ്മാതാവ് കൂടിയായ അന്റണി പെരുമ്പാവൂരിന് മുകളിലേക്ക് എത്തി തീരുമാനം എടുക്കാൻ മോഹൻലാൽ തീരുമാനിച്ചു. ആത്മസുഹൃത്ത് ജി സുരേഷ് കുമാറിനോടും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനോടും അടക്കം മനസ്സ് തുറന്നു. ഇതോടെയാണ് സിനിമാ മന്ത്രി സജി ചെറിയാൻ പ്രശ്‌നത്തിൽ ഇടപെട്ടത്. തിയേറ്റർ സംഘടനയായ ഫിയോക്കിനെ വരുതിയിലാക്കാൻ മന്ത്രി സജി ചെറിയാൻ നേരിട്ട് എത്തുകയും ചെയ്തു. ഇന്നലെ പത്ത് മിനിറ്റ് നീണ്ട ടെലിഫോൺ ചർച്ചയിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു.
മോഹൻലാൽ തിയേറ്റർ റിലീസിന് അനുകൂലമാണെന്ന് മനസ്സിലാക്കി മന്ത്രി സജി ചെറിയാൻ ഉറച്ച തീരുമാനം എടുത്തു. ആ പ്രശ്‌നം അങ്ങ് പറഞ്ഞ് അവസാനിപ്പിക്കുകയാണ്. മരയ്ക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണം. എല്ലാ തിയേറ്ററുകാരും സഹകരിച്ചേ പറ്റൂ-ഇതായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ഇതിനെ ഫിയോക് പ്രസിഡന്റ് വിജയകുമാർ തലയാട്ടി സമ്മതിക്കുകയും ചെയ്തു. ഈ ചർച്ചയിലേക്ക് തിയേറ്റർ ഫെഡറേഷൻ നേതാവ് കൂടിയായ ലിബർട്ടി ബഷീറിനെ പങ്കെടുപ്പിച്ചുമില്ല. തിയേറ്റർ സംഘടനയെ മരയ്ക്കാർ മുൻനിർത്തി പൊളിക്കാമെന്ന ലിബർട്ടി ബഷീറിന്റെ ശ്രമങ്ങളാണ് പൊളിഞ്ഞത്. ഇതിനൊപ്പം വീമ്പു പറഞ്ഞു നടന്ന വിജയകുമാറിനെ അപ്രസക്തനാക്കുകയും ചെയ്തു. അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷികളെ വീഴ്‌ത്തുകയായിരുന്നു ലാലും സംഘവും.
ഫലത്തിൽ ഫിയോക്കിൽ ഇനി ദിലീപിനും ആന്റണി പെരുമ്പാവൂരിനും സ്വാധീനം കൂടും. വിജയകുമാറിന്റെ മേൽകൈ ഇല്ലാതാവുകയും ചെയ്തു. ലിബർട്ടി ബഷീറിന്റെ ഏകാധിപത്യം അവസാനിപ്പിക്കാനാണ് ദിലീപും ആന്റണിയും ചേർന്ന് ഫിയോക്ക് ഉണ്ടാക്കിയത്. ദിലീപാണ് സംഘടനയുടെ ആജീവനാന്ത ചെയർമാൻ. ആന്റണി വൈസ് ചെയർമാനും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിസന്ധിയിലായപ്പോൾ ഈ സംഘടനയെ വിജയകുമാർ ഹൈജാക്ക് ചെയ്തു. മരയ്ക്കാറിനെ തിയേറ്ററിൽ എത്തിക്കാതെ ആന്റണിയേയും ദിലീപിനേയും പ്രതിക്കൂട്ടിൽ നിർത്തി വിജയകുമാർ മുന്നേറി. ആന്റണിയെ ഉപരോധിക്കാൻ പോലും തീരുമാനിച്ചു.
ഇതോടെ ഒടിടിയിലേക്ക് മരയ്ക്കാർ പോവുമെന്ന അവസ്ഥ വന്നത്. എന്നാൽ പ്രിവ്യൂ ഷോ മോഹൻലാൽ കണ്ടതോടെ എല്ലാം മാറി മറിഞ്ഞു. സുരേഷ് കുമാറും ഉണ്ണികൃഷ്ണനും കൂടെ നിന്നതോടെ മോഹൻലാലിന്റെ ആഗ്രഹവും നടന്നു. പ്രിയദർശന്റെ ചിത്രം അങ്ങനെ തിയേറ്ററിൽ എത്തുകയാണ്. ഉപാധികളൊന്നും ഇല്ലാതെയാണ് തിയേറ്ററിലേക്ക് മരയ്ക്കാറെ മോഹൻലാൽ വിട്ടു നൽകുന്നത്. ഇതു മൂലം ആമസോണിൽ നിന്ന് ലഭിക്കുന്ന തുകയുടെ തോതും കുറയും. ഏതാണ് അമ്പതു കോടിയോളം കുറയുമെന്നാണ് സൂചന. ആമസോണിൽ റിലീസ് ചെയ്തിരുന്നുവെങ്കിൽ 90 കോടി ഈ ചിത്രത്തിന് കിട്ടുമായിരുന്നു.
തിയേറ്റർ റിലീസും ഒടിടി പ്രദർശനവും സാറ്റലൈറ്റ് റൈറ്റും കൂടി 150 കോടിയെങ്കിലും കുറഞ്ഞത് മരയ്ക്കാറിലൂടെ നിർമ്മാതാവിന് കിട്ടുമെന്നാണ് വിലയിരുത്തൽ. തിയേറ്ററുകളെ ചിത്രം സജീവമാക്കുകയും ചെയ്യും. ഫിയോക്കിലുള്ളവർക്കൊപ്പം ലിബർട്ടി ബഷീറിനൊപ്പമുള്ള തിയേറ്ററുകളിലും മരയ്ക്കാർ റിലീസ് ചെയ്യും. ആരേയും പിണക്കാതെയുള്ള റിലീസാണ് മോഹൻലാൽ ആഗ്രഹിക്കുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ രണ്ടിന് തിയേറ്ററിൽ എത്തുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. ഏറെ അനിശ്ചിത്വത്തിനും മാറ്റിവയ്ക്കലുകൾക്കുമൊടുവിലാണ് ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനമായത്.
മരയ്ക്കാർ സിനിമ നിർമ്മിക്കുന്നതിലുണ്ടായ സാമ്പത്തിക ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ സിനിമ ഒടിടിയിൽ റിലീസ് ചെയ്യാൻ പ്രേരിപ്പിച്ചതെങ്കിലും മലയാള സിനിമയുടെ നിലനിൽപ്പിന് വേണ്ടിയും സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം കണക്കിലെടുത്തും അദ്ദേഹം വലിയൊരു വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും ഇത് എല്ലാവർക്കും സന്തോഷം നൽകിയെന്നും മന്ത്രി സജി ചെറിയാൻ ചിത്രത്തിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ