- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുത്ത പനി മുതൽ നാഡീ വ്യവസ്ഥയുടെ സ്തംഭനം വരെ; രോഗം പിടിപെടുന്നവരിൽ 10 ൽ 9 പേർക്കും മരണ സാധ്യതയും; ലോകത്തെ ഭീതിയിലാഴ്ത്തി മാർബർഗ് വൈറസ്; വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ഘാനയിലെ അശാന്റിയിൽ
ജനീവ: ലോകത്തെ വിറപ്പിച്ച കോവിഡിന്റെയും ഇപ്പോൾ ആശങ്കയായി നിലനിൽക്കുന്ന കുരങ്ങുപനിയുടെയും ഭീഷണികൾ പൂർണ്ണമായും വിട്ടൊഴിയും മുന്നെ ലോകത്തെ വിറപ്പിക്കാൻ മറ്റൊരു വൈറസ് കൂടി എത്തുന്നു.ബാധിക്കുന്നവരിൽ ഭുരിഭാഗം പേരെയും മരണത്തിലേക്ക് തള്ളിവിടുന്ന വൈറസായ മാർബർഗ് വൈറസാണ് ലോകത്തിന് പുതിയ വെല്ലുവിളിയാകുന്നത്. ജനീവ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന 2 കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
വൈറസ് ബാധ സംശയിച്ച 2 രോഗികളും മരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് സ്ഥിരീകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായാണ് ശാസ്ത്രസമൂഹം മാർബർഗിനെ കണക്കാക്കുന്നത്. ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം.
1967 ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.വാക്‌സീൻ ലബോറട്ടറികളിൽ ജോലി ചെയ്തവരായിരുന്നു രോഗികൾ. ആഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന കുരങ്ങുകളിൽ നിന്നാണ് വൈറസ് ഇവരിലേക്ക് പകർന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളിൽ വൈറസ് ബാധയുണ്ടായി.
കടുത്ത പനി, പേശീവേദന, ഛർദി, രക്തസ്രാവം, മസ്തിഷ്‌കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവ പ്രധാന ലക്ഷണങ്ങൾ. ആർടിപിസിആർ, എലീസ ടെസ്റ്റുകൾ രോഗ നിർണയത്തിന് ഉപയോഗിക്കുന്നു. കുട്ടികളിൽ വൈറസ് ബാധിക്കുന്നതിന്റെ തോത് കുറവാണ്.
എബോള ഉൾപ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മാർബർഗും. മാർവ്, റാവ് എന്നീ 2 വകഭേദങ്ങളുണ്ട്. ഫലപ്രദമായ വാക്‌സീനുകൾ നിലവിൽ ഇല്ല. രോഗിയുടെ സ്രവങ്ങൾ, മുറിവുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയിലൂടെ പകരാം.
മറുനാടന് മലയാളി ബ്യൂറോ