സൗജന്യ ഇന്റർനെറ്റ് എന്ന പ്രലോഭിപ്പിക്കുന്ന വാഗ്ദാനം നൽകി ഫ്രീ ബേസിക്‌സ് നടപ്പിലാക്കാൻ ശ്രമിച്ച ഫേസ്‌ബുക്കിന്റെ പൂച്ച് പുറത്തായി. ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഫേസ്‌ബുക്ക് ഡയറക്ടർ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽനിന്ന് കടുത്ത എതിർപ്പുയർന്നതോടെ തന്റെ ട്വീറ്റ് പിൻവലിച്ച് മാപ്പുപറഞ്ഞ് ഡയറക്ടർ തടിതപ്പി.

വ്യത്യസ്ത നിരക്കുകളിൽ ഇന്റർനെറ്റ് നൽകാനാവില്ലെന്ന് കേന്ദ്രം നിലപാടെടുത്തതോടെയാണ് ഫ്രീ ബേസിക്‌സ് എന്ന ഫേസ്‌ബുക്ക് പദ്ധതി പൊളിഞ്ഞത്. എന്നാൽ, ഇന്ത്യയുടെ കോളനി വിരുദ്ധ നിലപാടാണ് ഇതിന് കാരണമെന്ന് സിലിക്കൺ വാലിയിലെ പ്രമുഖ നിക്ഷേപകനും ഫേസ്‌ബുക്ക് ഡയറക്ടറുമായ മാർക്ക് ആൻഡേഴ്‌സൺ ട്വീറ്റ് ചെയ്തതാണ് വിവാദമായത്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകരാൻ കാരണം കോളനിവിരുദ്ധ നിലപാടാണെന്നായിരുന്നു ആൻഡേഴ്‌സണിന്റെ ട്വീറ്റ്. ബ്രിട്ടീഷ് ഭരണം തുടർന്നിരുന്നെങ്കിൽ ഇന്ത്യ ഇതിനെക്കാൾ മെച്ചപ്പെടുമായിരുന്നുവെന്നും ആൻഡേഴ്‌സൺ വച്ചുകാച്ചി. എന്നാൽ ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് ശക്തമായ എതിർപ്പുയരുകയായിരുന്നു.

ഫ്രീ ബേസിക്‌സിലൂടെ ഇന്ത്യയിൽ പുതിയ ഈസ്റ്റ് ഇന്ത്യ കമ്പനിയാകാനായിരുന്നു ഫേസ്‌ബുക്കിന്റെ ശ്രമമെന്ന് നവമാദ്ധ്യമങ്ങൾ പ്രതികരിച്ചു. വിമർശനം ശക്തമായതോടെയാണ് മാർക്ക് ആൻഡേഴ്‌സണിന് നിൽക്കക്കള്ളിയില്ലാതായത്. ആൻഡേഴ്‌സൺ വർണവെറിയനും സാമ്രാജ്യത്വ വാദിയുമാണെന്ന വിമർശനം ട്വിറ്ററിലും ഫേസ്‌ബുക്കിലും ശക്തമായി.

ഇതേത്തുടർന്ന് വിവാദ ട്വീറ്റ് പിൻവലിച്ച് ആൻഡേഴ്‌സൺ ഖേദപ്രകടനവും നടത്തി. ഇന്ത്യ ഒരു അത്ഭുത രാജ്യമാണെന്നും ഇന്ത്യയിലെ രാഷ്ട്രീയത്തെയും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുമുള്ള എല്ലാ ചർച്ചകളും പിൻവലിക്കുന്നുവെന്നുമായിരുന്നു ട്വീറ്റ്. ഒരു രാജ്യത്തെയും കോളനിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് മറ്റൊരു ട്വീറ്റിൽ ആൻഡേഴ്‌സൺ വ്യക്തമാക്കി.

മുൻകാല ഓൺലൈൻ ബ്രൗസർ നെറ്റ്‌സ്‌കേപ്പിന്റെ പിറവിക്ക് വഴിയൊരുക്കിയ നിക്ഷേപകനാണ് ആൻഡേഴ്‌സൺ. നിക്ഷേപസ്ഥാപനമായ ആൻഡേഴ്‌സൺ ഹോറോവിറ്റ്‌സിലൂടെ ഫേസ്‌ബുക്ക്, ട്വിറ്റർ, എയർബിഎൻബി, ബുസ്ഫീഡ്, പിന്ററസ്റ്റ് തുടങ്ങി ഒട്ടേറെ ടെക് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.