- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉസൈൻ ബോൾട്ട് പിൻഗാമി ഇറ്റലിയിൽ നിന്നും; ടോക്യോ ഒളിമ്പിക്‌സിൽ വേഗരാജാവായി മാഴ്‌സെൽ ജേക്കബ്‌സ്; പുരുഷന്മാരുടെ നൂറ് മീറ്ററിൽ സ്വർണം നേടിയത് 9.80 സെക്കന്റ് സമയത്തിൽ ഓടിയെത്തി; ഇറ്റാലിയൻ താരം കുറിച്ചത് യൂറോപ്പിലെ ഏറ്റവും മികച്ച സമയം
ടോക്യോ: ഉസൈൻ ബോൾട്ടിന് പിൻഗാമി ഇറ്റലിയിൽ നിന്നും. ടോക്യോ ഒളിമ്പിക്‌സിൽ വേഗരാജാവായി ഇറ്റാലിയൻ താരം മാഴ്‌സെൽ ജേക്കബ്‌സ്. ജമൈക്കൻ താരങ്ങൾ ഫൈനൽ കാണാതെ പുറത്തായ മത്സരത്തിലാണ് പുതിയൊരു ചാമ്പ്യൻ പിറന്നത്. പുരുഷന്മാരുടെ നൂറ് മീറ്റർ ഫൈനലിൽ മാഴ്‌സെൽ ജേക്കബ്‌സ് ഫിനിഷ് ചെയ്തത് 9.80 സെക്കന്റിലാണ്.
ഇറ്റലിയിലെ ഒന്നാം നമ്പർ സ്പ്രിന്ററായ ജേക്കബ്‌സ് ഒളിമ്പിക്‌സ് മെഡൽ നേടുമെന്ന് ആരും കരുതിയിരുന്നില്ല. തീർത്തും അപ്രതീക്ഷിതമായാണ് അദ്ദേഹം യൂറോപ്യൻ റെക്കോർഡ് തകർത്ത പ്രകടനത്തിലൂടെ സ്വർണ മെഡൽ നേടിയത്. അമേരിക്കയുടെ ഫ്രെഡ് കെർലി വെള്ളിയും കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ വെങ്കലവും സ്വന്തമാക്കി. കെർലി 9.84 സെക്കൻഡിലും ഗ്രാസ്സെ 9.89 സെക്കൻഡിലും മത്സരം പൂർത്തീകരിച്ചു.
ജേക്കബ്സിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. ഒപ്പം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. കെർലിയുടെയും ഗ്രാസ്സെയുടെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് ഫൈനലിൽ പിറന്നത്. ഫൈനലിൽ ബ്രിട്ടന്റെ ഷാർനെൽ ഹ്യൂസ് ഫൗൾ സ്റ്റാർട്ട് നടത്തി അയോഗ്യനായതോടെ എട്ടുപേരാണ് 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തത്.
വേഗമേറിയ താരങ്ങളാൽ പ്രസിദ്ധമായ, ഉസൈൻ ബോൾട്ടിന്റെ നാടായ ജമൈക്കയിൽ നിന്നും ഇത്തവണ ഒരു താരം പോലും പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ പ്രവേശനം നേടിയില്ല. ഒളിമ്പിക്‌സിലെ ജമൈക്കൻ കുത്തക തകരുന്ന കാഴ്‌ച്ചയാണ് ഇക്കുറി ലോകം കണ്ടത്. 100 മീറ്റർ ഇനത്തിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി മാറിയിരിക്കയാണ് ജേക്കബ്‌സ്.