- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം: ഏകാധിപത്യ നയങ്ങളും നിയമങ്ങളും കർഷരുടെ മേൽ അടിച്ചേൽപ്പിക്കരുത്- ഡോ.എസ്.ക്യൂ.ആർ ഇല്യാസ്; രാജ്ഭവനിലേക്ക് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: കർഷകരുടെ സമരം വിജയിക്കേണ്ടത് ഈ രാജ്യത്തിന്റൈ ആവശ്യമാണെന്നും കേന്ദ്രസർക്കാറിന്റെ ഏകാധിപത്യ നയങ്ങളും നിയമങ്ങളും കർഷരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് ഡോ.എസ്.ക്യൂ.ആർ ഇല്യാസ്. കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചും വെൽഫെയർപാർട്ടി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ശക്തമായി ആവശ്യമുന്നയിച്ചിട്ടും ചർച്ചക്ക് തയ്യാറാകാതെയാണ് കാർഷിക ബില്ലുകൾ പാസാക്കിയത്. മോദിസർക്കാർ പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കുകയും പാർലമെന്റി സംവിധാനത്തോട് അനാദരവ് കാട്ടുകയുമാണ്. സമരത്തെ ദുർബലപ്പെടുത്താൻ പല തന്ത്രങ്ങളും കേന്ദ്രസർക്കാർ പ്രയോഗിക്കുകയാണ്. മോദി അനുകൂല മാധ്യമങ്ങളെ ഉപേയാഗിച്ചുള്ള നീക്കമാണ് ഇതിലൊന്ന്. സമരക്കാരെ ഖലിസ്ഥാൻ വാദികളാക്കി ചിത്രീകരിക്കാനാണ് ശ്രമം നടക്കുകയാണ്.
'എല്ലാവർക്കുമൊപ്പം എല്ലാവരുടെ വികസനം' എന്ന മുദ്രാവാക്യമുയർത്തി അധികാരത്തിലെ ത്തിയ സർക്കാർ കോർപറേറ്റുകളുടെ വികസനം മാത്രമാണ് സാധ്യമാക്കിയത്. ജനങ്ങൾക്കൊപ്പമല്ല തങ്ങളെന്ന കേന്ദ്രസർക്കാർ അടിക്കടി തെളിയിച്ചുകൊണ്ടിരിക്കുന്നു. വൈകാരിക വിഷയങ്ങൾ മാത്രം ഉന്നയിക്കുകയും ജനത്തെ ഭിന്നിപ്പിക്കുന്ന നയങ്ങൾ മാത്രം നടപ്പാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കർഷക സമരത്തിന് പിന്നിൽ ഒരു രാഷ്ട്രീയ നേതൃത്വവുമില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ ചാക്കിട്ടാൽ ഈ സമരത്തെ അവസാനിപ്പിക്കാനാവില്ല.
ആറുമാസത്തേക്കുള്ള എല്ലാ തയ്യാറെടുപ്പുകളുമായാണ് കർഷകർ ഡൽഹിയിലെത്തിയിരിക്കുന്നത്. ആവശ്യങ്ങൾ നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന അചഞ്ചലമായ പ്രഖ്യാപനമാണ് ഈ തയ്യാറെടുപ്പുകൾ വ്യക്തമാക്കുന്നത്. ഷെഹീൻ ബാഗ് അടക്കമുള്ള പ്രേക്ഷാഭങ്ങളിൽ നിന്ന് ഊർജ്ജവും പ്രചോദനവും ഉൾക്കൊണ്ടാണ് കർഷകപ്രക്ഷോഭവും പുരോഗമിക്കുന്നത്. ഭക്ഷണം കഴിക്കുന്ന ഓരോരുത്തരും ഈ സമരത്തോടൊപ്പം നിൽക്കണം. ജനകീയ സമരങ്ങൾ അധികാരികളെ തിരുത്തിയതിന് നിരവധി ചരിത്രാനുഭവങ്ങളുണ്ടെന്നും ചരിത്രം ആവർത്തിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോർപറ്റേറ്റുകൾക്ക് മാത്രം നേട്ടമുണ്ടാക്കും വിധം നയങ്ങളാണ് സർക്കാർ നടക്കുന്നതെന്നും വർഗീയതയെയും വംശീയതയും പോലെ ഫാസിസത്തിനൊപ്പം ചേർന്ന് നിൽക്കുന്നതാണ് കോർപറേറ്റ് ചങ്ങാത്തനിലപാടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെയിലത്ത് പണിയെടുക്കുന്ന കർഷകരെ തടയാൻ കോർപറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന ഭരണാധികാരികൾക്ക് സാധിക്കില്ല. അമിത്ഷായെയും നരേന്ദ്ര മോദിയും അഭ്തുപ്പെടുത്തി കർഷകപ്രക്ഷോഭം മുട്ടുമടക്കാതെ മുന്നോട്ടുപോവുകയാണ്. കോർപറേറ്റ് അടിമത്വം ബാധിച്ച കേന്ദ്രസർക്കാർ കർഷകരോട് നേരിട്ട് സംവദിക്കുന്നതിന് പകരം വളഞ്ഞ വഴി നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷണൽ ഫാർമേഴ്സ് ഫെഡറേഷൻ പി.ടി ജോൺ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ്, ദേശീയ സെക്രട്ടറി ഇ.സി ആയിഷ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, വിമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ സ്വാഗതവും തിരുവനന്തപുരം ജില്ല പ്രസിഡന്റ് എൻ.എം അൻസാരി നന്ദിയും പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവന് സമീപം കെൽട്രോൺ ജംങ്ഷനിൽ പൊലീസ് തടഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഉഷാ കുമാരി, ഗണേശ് വടേരി, പ്രേമ ജി പിഷാരടി, മിർസാദ് റഹ്മാൻ, സഫീർ ഷാ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ബാരിക്കേഡിന് മുന്നിൽ മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗവുമുണ്ടായി.