ഡബ്ലിൻ: മാർച്ച് മാസത്തിൽ ട്രോളിയിൽ കിടത്തി ചികിത്സിച്ച രോഗികളുടെ എണ്ണം 9000 ആയിരുന്നുവെന്ന് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ വെളിപ്പെടുത്തി. ഫെബ്രുവരിയിൽ ട്രോളിയിലുണ്ടായിരുന്ന രോഗികളുടെ എണ്ണം 9600 എന്നുള്ളത് കുറഞ്ഞാണ് 9000 ത്തിൽ എത്തിയതെങ്കിലും പത്തു വർഷത്തിനിടെ ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണിതെന്നും ഐഎൻഎംഒ ചൂണ്ടിക്കാട്ടുന്നു.

2005-നു ശേഷം ഇപ്പോഴാണ് ട്രോളിയിലുള്ള രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടാകുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ ട്രോളികളിലുള്ള എണ്ണം കൂടി വരികയാണെന്നും ഇത് രാജ്യത്തെ ആരോഗ്യമേഖലയുടെ അപര്യാപ്തതയാണ് വ്യക്തമാക്കുന്നതെന്നും ഐഎൻഎംഒ വിലയിരുത്തുന്നു.

ട്രോളികളിലുള്ള രോഗികളുടെ കാര്യത്തിൽ അധികൃതർ തക്ക നടപടികൾ സ്വീകരിക്കണമെന്നും ഐഎൻഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്. ഡബ്ലിനിലുള്ള ആശുപത്രികളിലാണ് ട്രോളികളിലുള്ള രോഗികളുടെ എണ്ണം ഏറെ വർധിച്ചതായി കാണുന്നത്. 643 ട്രോളി രോഗികളുമായി ബോമോണ്ട് ആശുപത്രിയാണ് ഇക്കാര്യത്തിൽ മുന്നിട്ടു നിൽക്കുന്നത. സെന്റ് വിൻസെന്റ് (599) രണ്ടാം സ്ഥാനത്തും മുള്ളിംഗർ മിഡ്‌ലാന്റ് റീജണൽ ആശുപത്രി (562) മൂന്നാം സ്ഥാനത്തും മാറ്റർ (541) നാലാം സ്ഥാനത്തുമാണുള്ളത്.

എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ ട്രോളികൾ കൂടാതെ ഇൻ പേഷ്യന്റ് വാർഡുകളിൽ 1814 രോഗികളെ ട്രോളിയിൽ കിടത്തിയിട്ടുണ്ടെന്നും ഐഎൻഎംഒ വെളിപ്പെടുത്തുന്നു. രാജ്യമെമ്പാടുമുള്ള ആശുപത്രികളിൽ  ഇത്തരത്തിൽ രോഗികളെ ട്രോളിയിൽ കിടത്തുന്ന രീതി വ്യാപകമാണെന്നും സംഘടന ആരോപിക്കുന്നു.