കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകൻ വിഷ്ണു നാരായണൻ ഒരുക്കുന്ന ചിത്രം മറഡോണയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഗ്രേറ്റ് ഫാദർ, എസ്രാ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

തകർപ്പൻ മലയാളം റാപ്പ് ശൈലിയിൽ ഒരുക്കിയിരിക്കുന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു. 'സുഖിനോ ഭവന്തു വാദികൾക്കു നമസ്‌ക്കാരം, വിലയ്ക്ക് വാങ്ങി അടിച്ചമർത്തുവാൻ അധികാരം' എന്നീ വരികളിലൂടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യളെ നൈസ് ആയി ട്രോളുന്നുമുണ്ട്.

റാപ് സോങ്ങിനായി വരികളെഴുതി ആലപിച്ചിരിക്കുന്നത് കൂട്ടിലിട്ട തത്ത, ലോക്കൽ ഇടി തുടങ്ങിയ മലയാളം റാപ്പ് ഗാനങ്ങൾ ഒരുക്കിയൂട്യുബിൽ ശ്രദ്ധ നേടിയ ഫെജോയാണ്.ചാവക്കാട് സ്വദേശികളായ മറഡോണയുടേയും സുധിയുടെയും ജീവിതത്തെ രസകരമായി അവതരിപ്പിക്കുകയാണ് പാട്ടിലൂടെ.ഈ കഥാപാത്രങ്ങളെ ടൊവിനോയും ടിറ്റോ വിൽസനും അവതരിപ്പിക്കുന്നു.