ന്യൂഡൽഹി : കോൺഗ്രസിലെ മുതിർന്ന നേതാവും പ്രവർത്തക സമിതി അംഗവുമായി എ കെ ആന്റണിയ്‌ക്കെതിരെ കടന്നാക്രമണവുമായി കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ. തന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ കോൺഗ്രസ് നേതാവ് എ.കെ.ആന്റണി കരുക്കൾ നീക്കിയെന്നും 2004ൽ കേരളത്തിലുണ്ടായ നേതൃമാറ്റമാണ് ആന്റണിയുടെ വിരോധത്തിനു കാരണമെന്നും അവർ വിശദീകരിക്കുന്നു. 'കറേജ് ആൻഡ് കമ്മിറ്റ്‌മെന്റ്' എന്ന ആത്മകഥയിലാണു രാഷ്ട്രീയത്തിലെ തന്റെ കയറ്റിറക്കങ്ങളുടെ കഥകൾ മാർഗരറ്റ് ആൽവ വിശദമാക്കുന്നത്. ആത്മകഥ ഉടൻ പുറത്തിറങ്ങും.

ആന്റണി തനിക്കെതിരെ നടത്തിയ പ്രചാരണം ഫലം കണ്ടതുകൊണ്ടാണ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നതെന്നാണ് വിശദീകരിക്കുന്നത്. 2008ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ താൻ നടത്തിയ ചില പരാമർശങ്ങൾ വിവാദമായപ്പോൾ ആന്റണിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ച മാർഗരറ്റ് ആൽവ വിവരിക്കുന്നു. സോണിയയുമായി നടന്ന ചർച്ചയിൽ ഇടപെട്ടപ്പോൾ, ഇതു താനും സോണിയ ഗാന്ധിയുമായുള്ള കാര്യമാണെന്നും താങ്കൾ ഇടപെടേണ്ടെന്നും കടുപ്പിച്ചു പറയേണ്ടിവന്നുവെന്നും വെളിപ്പെടുത്തുന്നു.

കേരളത്തിൽ 2004ൽ കോൺഗ്രസിനു സീറ്റുകളൊന്നും ലഭിക്കാഞ്ഞ സാഹചര്യം പഠിക്കാൻ താനും ആർ.എൽ.ഭാട്ടിയയും സംസ്ഥാനത്തെത്തി. ഓരോരുത്തരോടും വിശദമായി സംസാരിച്ചു. നേതൃമാറ്റമാണ് ഏകകണ്ഠമായി ഉന്നയിക്കപ്പെട്ട ആവശ്യം. സ്വന്തം പ്രതിച്ഛായയിൽ മാത്രമാണ് ആന്റണിക്കു താൽപര്യമെന്നും അദ്ദേഹം പാർട്ടിയെ അവഗണിച്ചുവെന്നും പരാതിയുണ്ടായി. തങ്ങൾ നൽകിയ റിപ്പോർട്ടിൽ സോണിയയെഴുതി: 'ഉടനെ തുടർ നടപടിയെടുക്കുക.' സംസ്ഥാനത്തു തുടർന്നു നടപടികൾക്കായി പ്രണബ് മുഖർജിയെയും അഹമ്മദ് പട്ടേലിനെയും തന്നെയും സോണിയ ചുമതലപ്പെടുത്തി. തങ്ങൾ സംസ്ഥാനത്തു ചെന്നു. ആന്റണിക്കു പകരം ഉമ്മൻ ചാണ്ടിയെ നിയമിച്ചു.

തീരുമാനം സോണിയ ഗാന്ധിയുടേതായിരുന്നെങ്കിലും ആന്റണി തന്നോട് ഒരിക്കലും ക്ഷമിച്ചില്ലെന്നും തനിക്കെതിരായ അവസരങ്ങളെല്ലാം ഉപയോഗിച്ചെന്നും മാർഗരറ്റ് ആൽവ ആരോപിക്കുന്നു. കേരളത്തിലെ മറ്റൊരു പുറത്താക്കലിൽ 'പങ്കാളി'യായ കഥയും മാർഗരറ്റ് ആൽവ ഓർത്തെടുക്കുന്നു. ഇഎംഎസ് സർക്കാർ ന്യൂനപക്ഷ വിരുദ്ധമായ നടപടികളെടുക്കുന്നുവെന്നു മുറവിളിയുണ്ടായപ്പോൾ അന്വേഷണത്തിനു പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റു വിട്ടത് മാർഗരറ്റിന്റെ ഭർത്തൃമാതാവ് വയലറ്റ് ആൽവയെയാണ്. മകൾ മായയെയും മാർഗരറ്റിനെയും കൂട്ടിയാണു വയലറ്റ് കേരളത്തിലെത്തിയത്. അന്നു വയലറ്റ് നൽകിയ റിപ്പോർട്ടാണത്രേ ഇഎംഎസ് സർക്കാരിന്റെ പുറത്താക്കലിൽ കാര്യങ്ങളെത്തിച്ചത്. അന്നു കേരളത്തിൽ നടന്ന ചർച്ചകൾക്കു സാക്ഷ്യംവഹിച്ചതിനെ യഥാർഥ രാഷ്ട്രീയത്തിലേക്കു താൻ അവതരിപ്പിക്കപ്പെട്ട ആദ്യസംഭവമായി മാർഗരറ്റ് വിശേഷിപ്പിക്കുന്നു.

മംഗലാപുരത്തു നിന്നുള്ള മിടുക്കി പെൺകുട്ടി, കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയും ഗവർണറുമൊക്കെ ആയതിന്റെ വിശദീകരണങ്ങളിൽ മലയാളവും വി.കെ.കൃഷ്ണമേനോൻ, വയലാർ രവി, ഉമ്മൻ ചാണ്ടി, എം.കെ.വെള്ളോടി, വി.ജോർജ് തുടങ്ങിയവരും കഥാപാത്രമായെത്തുന്നു. പിതാവ് ഒറ്റപ്പാലത്തു സബ്ജഡ്ജി ആയിരുന്ന കാലത്ത് താൻ അന്നാട്ടിലുള്ളവരിൽനിന്നു മലയാളം പഠിച്ചതും സിസ്റ്റർ മറീന തന്നെ പരിശീലിപ്പിച്ചതും മാർഗരറ്റ് പറയുന്നു. അങ്ങനെ കേരളത്തേയും മലയാളത്തേയും വീണ്ടും ഓർത്തെടുക്കുകയാണ് ആത്മകഥയിലൂടെ മാഗരറ്റ് ആൽവ.