മസ്‌കത്ത്: യാത്രക്കാരെ ആകർഷിക്കാൻ നിരക്കിളവുമായി മർഹബ ടാക്‌സി. കഴിഞ്ഞയാഴ്ച മുതൽ നിരത്തിലിറങ്ങിയ മർഹബയിൽ മൂന്ന് റിയാലിന് ആറ് കിലോമീറ്റർ വരെ യാത്ര സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.പ്രത്യേക നിരക്കുകൾ ഒരുമാസ കാലത്തേക്ക് തുടരുമെന്നാണ് അറിയുന്നത്.

ഇതു പ്രകാരം ആദ്യത്തെ ആറു കിലോമീറ്ററിന് മൂന്നു റിയാലാകും കുറഞ്ഞ നിരക്ക്. 12 കിലോമീറ്ററാണ് അടുത്ത സ്റ്റേജ്. കിലോ മീറ്ററിന് 350 ബൈസ വീതമാണ് ഈ ഘട്ടത്തിൽ നൽകേണ്ടത്. 12 കിലോമീറ്ററിന് മുകളിൽ 150 ബൈസ വീതവും നൽകണം. ഒരു റിയാലാണ് കാൻസലേഷൻ ചാർജ്. വെയ്റ്റിങ് ചാർജായി 50 ബൈസയും നൽകണം.

ആദ്യത്തെ അഞ്ചു കിലോമീറ്ററിന് മൂന്നര റിയാലാകും നിരക്കെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 500 ബൈസ വീതവും ഈടാക്കാനായിരുന്നു തീരുമാനം. ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകളിൽ മാറ്റം വരുത്തിയതെന്ന് മർഹബ ടാക്‌സി സ്‌പെഷൽ പ്രോജക്ട് ഓഫിസർ യൂസുഫ് അൽ ഹൂതി പറഞ്ഞു. നിലവിൽ 50 ടാക്‌സികളാണ് സർവിസ് നടത്തുന്നത്.