ഷിക്കാഗോ: സിറോ മലബാർ കത്തീഡ്രലിൽ ഒക്ടോബർ 23,24,25 തീയതികളിലായി വി. കുർബാനയുടെ ആരാധന നടന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ വി. കുർബാന എഴുന്നള്ളിച്ചുവച്ച് അത്യാദരപൂർവ്വം ഭക്തജനങ്ങൾ ആരാധനയിൽ പങ്കുചേർന്നു. ബൈബിളിലുടനീളം 40 എന്ന സംഖ്യ പവിത്രമായ കാലയളവിനെ കാണിക്കുന്നു. ക്രിസ്തുവിനൊപ്പം 40 മണിക്കൂർ ആരാധിക്കുവാനുള്ള ഈ അനുഭവത്തിൽ വളരെ ഭക്തിപുരസരം അനേകം ഇടവകാംഗങ്ങൾ പങ്കുചേർന്നു.

ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ പത്തുദിവസത്തെ ജപമാലയും 31-ന് വൈകുന്നേരം അത്യധികം ഭക്തിപുരസരം മരിയൻ നൈറ്റും നടന്നു. കുളത്തുവയൽ മിഷണറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എം.എസ്.എം.ഐ) സഭയിലെ സിസ്റ്റർ ടെസിൻ പെരുമാലിൽ മരിയൻ ഭക്തിയുടെ അർത്ഥവ്യാപ്തി വെളിവാക്കുന്ന പ്രഭാഷണം ഏറെ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് റവ.ഡോ. തോമസ് കൊച്ചുകരോട്ടിന്റെ നേതൃത്വത്തിൽ പ്രാർത്ഥനകളും ആരാധനയും ഉണ്ടായിരുന്നു. കത്തീഡ്രലിനകത്ത് ഒരു പ്രദക്ഷിണമായി, ഒരു ജപമാലക്കോട്ട തീർത്ത പ്രാർത്ഥനാനുഭവം ഏവർക്കും പുതിയതും, ആത്മീയ ഉണർവേകുന്നതുമായ ഒന്നായി മാറി. നവംബർ ഒന്നാം തീയതി രാവിലെ വിമൻസ് ഫോറം അംഗങ്ങൾ ബലൂണുകളാൽ നിർമ്മിച്ച വലിയ ഒരു ജപമാലയുമായി പ്രദക്ഷിണമായി ഗ്രോട്ടോയിലെത്തി പ്രാർത്ഥനയ്ക്കുശേഷം ആകാശത്തേയ്ക്കുയർത്തി. കത്തീഡ്രലിലെ മുഴുവൻ കുട്ടികളും, മുതിർന്നവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

ഒക്ടോബർ മാസത്തിൽ നടന്ന ആത്മവിശുദ്ധീകരണ ധ്യാനം, ജപമാല ആചരണം, മരിയൻ നൈറ്റ് എന്നിവയിൽ ഭക്ത്യാദരപൂർവ്വം പങ്കുചേരുകയും, എല്ലാ കാര്യങ്ങളും ഭംഗിയാക്കുവാൻ ഏറെ പരിശ്രമിച്ച ഏവരേയും പ്രത്യേകം പ്രാർത്ഥനകളിൽ ഓർമ്മിക്കുന്നതായി ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ പറഞ്ഞു. അസിസ്റ്റന്റ് വികാരി ഫാ. സെബി ചിറ്റിലപ്പള്ളിയും ഏവരേയും നന്ദി അറിയിക്കുകയുണ്ടായി. ബീന വള്ളിക്കളം അറിയിച്ചതാണിത്.