ഡബ്ലിൻ: സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്താറുള്ള തീർത്ഥാടനം ഇത്തവണ മെയ് രണ്ടിനു നടക്കും. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സഭാ മക്കൾ പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമത്തിൽ ഒത്തു ചേരുന്നതാണ് ഈ തീർത്ഥാടനം.

പരിശുദ്ധ കന്യകാമാതാവിന്റെ വണക്കമാസമായി ആചരിക്കുന്ന മെയ് മാസത്തിലാണ് എല്ലാ വർഷവും തീർത്ഥാടനം സംഘടിപ്പിക്കുന്നത്. മെയ് രണ്ട് ശനിയാഴ്‌ച്ച രാവിലെ 11 ന് ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേലിന്റെ (ചെയർമാൻ, സീറോ മലബാർ മൈഗ്രന്റ് കമ്മിഷൻ) മുഖ്യ കാർമ്മികത്വത്തിൽ കുർബാന ഉണ്ടായിരിക്കും.

ദിവ്യബലി അർപ്പണത്തിനു ശേഷം മോൺസിഞ്ഞോർ പദവി നേടിയ ബെൽഫാസ്റ്റിലെ സീറോ മലബാർ സഭയുടെ ചാപ്ലൈനും അയർലണ്ട് സീറോ മലബാർ സഭയുടെ കോർഡിനേറ്ററുമായ ആന്റണി പെരുമായനച്ചനെ അനുമോദിക്കും.