തിരുവല്ല: മറിയം സൂസൻ മാത്യുവിന്റെ വിയോഗത്തിൽ ഞെട്ടി ജന്മനാട്. നിരണം ഗ്രാമപഞ്ചയത്ത് രണ്ടാം വാർഡിൽ തോക്കനലി പാലത്തിന് സമീപം ഇടപ്പള്ളിപ്പറമ്പിൽ ബോബൻ മാത്യു-ബിൻസി മാത്യു ദമ്പതികളുടെ മകളായ സൂസൻ (19 ) വെടിയേറ്റ് മരണപ്പെട്ടതായുള്ള വിവരമാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ചിട്ടുള്ളത്.

സൂസന്റെ മാതാപിതാക്കൾ കഴിഞ്ഞ ഒന്നരവർഷമായി വിദേശത്താണ്. ബോബന്റെ മാതാപിതാക്കൾ മാത്രമാണ് ഇപ്പോൾ നാട്ടിലെ വീട്ടിൽ താമസിച്ചുവരുന്നത്. അബലാമയുടെ തലസ്ഥാനമായ മോണ്ട്‌ഗോമറിയിലണ് ഇവരുടെ വസതിയിൽ വച്ചായിരുന്നു സംഭവം. ഉറങ്ങുന്നതിനിടെയാണ് 19 കാരിയായ മറിയം സൂസൻ മാത്യു അപകടത്തിൽപെട്ടത്. മുകളിലെ നിലയിൽ താമസിക്കുന്ന വ്യക്തിയുടെ തോക്കിൽ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്.

ഫ്ളോർ തുളച്ചെത്തിയ വെടിയുണ്ടയാണ് മറിയത്തിന്റെ ജീവനെടുത്തത്. സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. നേരത്തെ ഗൾഫിലായിരുന്ന മറിയം സൂസൻ മാത്യൂ നാല് മാസങ്ങൾക്ക് മുമ്പാണ് യുഎസിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒന്നരമാസത്തിനിടെ മൂന്ന് മലയാളികളാണ് അമേരിക്കയിൽ വേടിയേറ്റ് മരിച്ചത്.

നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകാംഗമായ ബോബൻ മാത്യു മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്‌ക്കറ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്‌സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പൊലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഭദ്രാസന മെത്രാപ്പൊലീത്താ ദുഃഖം രേഖപ്പെടുത്തി.

പൊലീസ് അധികാരികളിൽനിന്ന് മൃതദേഹം ലഭിക്കുന്നതിനനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും സംസ്‌കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. താങ്ക്‌സ് ഗിവിങ് ആഘോഷത്തിനിടെ കഴിഞ്ഞ ദിവസം മോണ്ട്‌ഗോമറിയിൽ, വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാൾ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടിരുന്നു.

മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ഇന്ത്യയിലും അമേരിക്കയിലുമുള്ള എംബസ്സിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതുൾപ്പടെയുള്ള എല്ലാ സഹായവും ഫോമാ നൽകുമെന്ന് സംഘടന അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ ചിലവുകളും വഹിക്കുവാൻ ഫോമാ തയ്യാറാണെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. വളരെ നിർഭാഗ്യകരവും,വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്, നാല് മാസങ്ങൾക്ക് മുൻപ് മാത്രം ഗൾഫിൽ നിന്നും അമേരിക്കയിലെത്തിയ കുടുംബത്തിനുണ്ടായ ദാരുണമായ സംഭവത്തിൽ ഫോമ ദുഃഖം രേഖപ്പെടുത്തി. കാലിഫോർണിയയിലും ടെക്‌സസ്സിലും അടുത്തിടെ മലയാളികൾക്ക് നേരെയുണ്ടായ സമാന സംഭവങ്ങളിൽ ദുഃഖിതരായ മലയാളികളെ വീണ്ടും കണ്ണീരിലാഴ്‌ത്തിയ മറിയം സൂസന്റെ മരണം ആകസ്മികമാണെന്ന് ഫോമാ വിശ്വസിക്കുന്നു-പത്രക്കുറിപ്പിൽ അവർ വ്യക്തമാക്കി.

എന്നാൽ മലയാളികൾക്ക് നേരെയുള്ള ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിനും മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാനും അധികൃതരുടെ ജാഗ്രതയും കരുതലും ഉണ്ടാകാനായി വിവരങ്ങൾ അധികൃതരെ അറിയിക്കുവാൻ ഫോമാ മുൻകൈ എടുക്കുമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണിക്കൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അറിയിച്ചു .