ദുബായ്: ബുധനാഴ്ച രാവിലെ അന്തരിച്ച ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂൾ സ്ഥാപക മറിയാമ്മ വർക്കിയുടെ സംസ്‌ക്കാരം ദുബായിൽ തന്നെ നടക്കും. 90 വയസ്സായിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. ബ്രിട്ടീഷ് ബാങ്കിൽ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന പരേതനായ കാച്ചാണത്ത് കെ.എസ്. വർക്കിയുടെ ഭാര്യയാണ്. ദുബായ് ആസ്ഥാനമായുള്ള ജെംസ് എജ്യുക്കേഷൻ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കിയുടെ മാതാവാണ് മറിയാമ്മ വർക്കി. മകൾ: സൂസൻ വർക്കി. മരുമക്കൾ: മന്ദമരുതി പനവേലിൽ ഷേർളി വർക്കി, തിരുവനന്തപുരം കൊല്ലമന കെ.എ. മാത്യു. ശവസംസ്‌കാരം ദുബായിൽ.

ഭർത്താവ് കെ.എസ്. വർക്കിക്കൊപ്പം 1959ൽ ദുബായിലെത്തി അദ്ധ്യാപികയായ മറിയാമ്മ സ്വദേശികളായ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിച്ച് ദുബായുടെ ചരിത്രത്തിൽ തന്നെ ഇടംപിടിച്ചു. രാജകുടുംബത്തിലുള്ളവർക്കടക്കം ഇംഗ്ലിഷ് പാഠങ്ങൾ പകർന്നുകൊടുത്ത അവർ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെയുള്ള പ്രമുഖരുടെ അദ്ധ്യാപികയായിരുന്നു മാഡം വർക്കി എന്നറിയപ്പെട്ടിരുന്ന മറിയാമ്മ. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒട്ടേറെപ്പേർ മറിയാമ്മയുടെ പ്രിയ ശിഷ്യരാണ്.

ആദ്യകാലത്ത് ദുബായിലെത്തി സ്ഥിരതാമസം തുടങ്ങിയ ഇന്ത്യൻ വനിതകളിലൊരാളാണ്. 1968ൽ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ ഔവർ ഓൺ ഇംഗ്ലിഷ് സ്‌കൂൾ ദുബായിൽ തുടങ്ങി. 1980ൽ സ്ഥാപനങ്ങളുടെ നേതൃത്വം സണ്ണി വർക്കി ഏറ്റെടുത്തു. 2000ൽ ജെംസ്(ഗ്ലോബൽ എജ്യുക്കേഷൻ മാനേജ്‌മെന്റ് സിസ്റ്റംസ്) തുടങ്ങിയതോടെ ലോകത്തെ ഏറ്റവും വലിയ സ്‌കൂൾ ശൃംഖലയായി വളർന്നു. അക്കാലത്ത് ദുബായിൽ സ്‌കൂളുകൾ കുറവായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകി.

ദുബായിലേക്ക് വരുന്നതിനുമുൻപ് കേരളത്തിൽ അദ്ധ്യാപികയായിരുന്നു. മകൻ സണ്ണി വർക്കി 2000-ത്തിൽ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴിൽ ഇന്ന് നാല് രാജ്യങ്ങളിലായി അമ്പതിലേറെ സ്‌കൂളുകളുണ്ട്. അറബിയും ഉറുദുവും പഠിപ്പിക്കുന്ന പള്ളികൾ മാത്രമുണ്ടായിരുന്നൊരു കാലത്താണ് മറിയാമ്മ ദുബായിലെത്തി സ്വദേശികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പകർന്നു നൽകിയും രാജകുടുംബത്തിലടക്കം ശിഷ്യ ഗണങ്ങളെ ഉണ്ടാക്കി എടുത്തതും.

വിദ്യാഭ്യാസത്തിന്റെ മികവും പ്രാധാന്യവും അറബ് ജനതയെ ബോധ്യപ്പെടുത്താൻ മറിയാമ്മയ്ക്ക് കഴിഞ്ഞതാണ് ജീവിതത്തിൽ നേട്ടമായി മാറിയത്. ഒപ്പം ഭാര്യയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഭർത്താവ് താങ്ങായി നിന്നു. പ്രിയപ്പെട്ടവർക്കിടയിൽ അമ്മച്ചിയെന്നും ജീവനക്കാർക്കിടയിൽ മാഡം വർക്കിയെന്നും അറിയപ്പെട്ടിരുന്ന മറിയാമ്മ വർക്കി വിദ്യാഭ്യാസപ്രവർത്തനത്തിന്റെ പേരിൽ തന്നെ വരുംതലമുറയിൽ ഓർമിക്കപ്പെടും. പെൺകുട്ടികളുടെ പഠന വികസനത്തിലും അദ്ധ്യാപകരുടെ പുരോഗതിയിലും ശ്രദ്ധയൂന്നിയാണ് അവർ പ്രവർത്തിച്ചത്.

നീണ്ടകാലത്തെ പ്രവർത്തനത്തിനുള്ള അംഗീകാരമെന്നോണം 2010-ൽ ഒരു മലയാളപത്രം യു.എ.ഇ.യിൽ താമസിക്കുന്ന ഏറ്റവുംമുതിർന്ന കേരളീയ വനിതയായി അവരെ തിരഞ്ഞെടുത്തിരുന്നു. യു.എ.ഇ.യിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ യുക്തിസഹമായ മാറ്റം കൊണ്ടുവന്ന അദ്ധ്യാപനത്തിലെ മുൻനിരക്കാരിയെന്ന ബഹുമതിയും മറിയാമ്മയെ തേടിയെത്തി.

മാതാപിതാക്കൾക്ക് കുട്ടികൾക്ക് നൽകാവുന്ന ഏറ്റവുംനല്ല സമ്മാനമാണ് വിദ്യാഭ്യാസവും ശരിയായ മാർഗനിർദേശവും. വിദ്യാഭ്യാസത്തിന് ഒരാളുടെ ഭാവി തീരുമാനിക്കാനാവുമെന്ന് മറിയാമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. യു.എ.ഇ.യുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടുകയായിരുന്നു മറിയാമ്മയുടെയും ഭർത്താവ് കെ.എസ്. വർക്കിയുടെയും ഓരോ പ്രവർത്തനവും. ഉന്നതവിദ്യാഭ്യാസത്തിന്റെ മികവും പ്രാധാന്യവും അറബ് ജനതയെ ബോധ്യപ്പെടുത്താൻ ഈ ദമ്പതികൾക്ക് സാധിച്ചു.

1968-ൽ ഔവർ ഓൺ ഇംഗ്ലീഷ് സ്‌കൂൾ ഇരുവരും ചേർന്ന് ആരംഭിച്ചപ്പോൾ ആകെ 27 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഗൾഫിലെങ്ങും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിത്തറപാകി. 2016-ൽ ജെംസിലെ മികച്ച അദ്ധ്യാപിക എന്ന നിലയ്ക്ക് ഇവരെ ലോകം ആദരിച്ചു. കഠിനാധ്വാനത്തിന്റെ ഫലമായി ഒട്ടേറെ വിദ്യാഭ്യാസ ജീവകാരുണ്യ അന്താരാഷ്ട്ര അവാർഡുകളും തേടിയെത്തി. ഇന്ന് ലോകത്തിലെതന്നെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളും അനുബന്ധ സാങ്കേതിക വിദ്യകളും യു.എ.ഇ.യിൽ ഉയരുമ്പോൾ ഈ ദമ്പതികൾ നടത്തിയ തുടക്കം യു.എ.ഇ.യുടെ ചരിത്രത്തിൽ.