മെൽബൺ: വനിതകളുടെ ബിഗ്‌ബാഷ് ലീഗ് ഫൈനലിൽ ഇത്തവണ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളായ സ്വവർഗ ദമ്പതികൾ നേർക്കുനേർ. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ പെർത്ത് സ്‌കോച്ചേഴ്‌സും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും ഏറ്റുമുട്ടുമ്പോൾ ജീവിത പങ്കാളികളായ മരിസെയ്ൻ കാപ്പും ഡെയ്ൻ വാൻ നീകർക്കും മുഖാമുഖം എത്തും.

പെർത്ത് സ്‌കോച്ചേഴ്‌സ് താരമായ മരിസെയ്ൻ കാപ്പിന്റെ ജീവിത പങ്കാളിയായ ഡെയ്ൻ വാൻ നീകർക്ക് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായാണ് കളത്തിലിറങ്ങുന്നത്. ഇതിനു മുൻപും വനിതാ ബിഗ്‌ബാഷ് ലീഗിന്റെ ഫൈനൽ കളിച്ച ചരിത്രം ഇരുവർക്കുമുണ്ട്. അന്നുപക്ഷേ, ഇരുവരും ഒരേ ടീമിൽ കളിച്ചാണ് കിരീടം ചൂടിയത്.

2018ലാണ് കാപ്പും നീകർക്കും വിവാഹിതരായത്. അഞ്ച് സീസണുകളിൽ ഇരുവരും സിഡ്‌നി സിക്‌സേഴ്‌സിനായി കളിച്ചെങ്കിലും ഈ സീസണിൽ കാപ്പ് പെർത്ത് സ്‌കോച്ചേഴ്‌സിലേക്കു മാറുകയായിരുന്നു.

ഇത്തവണ ഇരുവരും ഫൈനലിൽ കടന്നെങ്കിലും, വ്യത്യസ്ത ടീമുകളിൽ കളിച്ച് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഈ സീസണിൽ മാത്രം ഇതു മൂന്നാം തവണയാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. മുൻപ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ഭാര്യ വാൻ നീകർക്കിനെ പുറത്താക്കിയത് കാപ്പാണ്. ഫൈനലിലും നീകർക്കിനെ പുറത്താക്കി 'ഹാട്രിക്' തികയ്ക്കാനാണ് കാപ്പിന്റെ ശ്രമം.

'ഈ സീസണിൽ രണ്ടു തവണ അവളെ പുറത്താക്കാൻ പറ്റി. മൂന്നാം തവണ നേർക്കുനേർ വരുമ്പോൾ അത് അവളുടെ ദിനമാകുമോ എന്ന ആശങ്കയിലാണ് ഞാൻ ' മത്സരത്തിനു മുന്നോടിയായി കാപ്പ് പറഞ്ഞു.

'ഞങ്ങളാണ് ആദ്യം ബോൾ ചെയ്യുന്നതെങ്കിൽ ഞാനും നീകർക്കും തമ്മിലുള്ള പോരാട്ടം തുടക്കത്തിലേ ഉണ്ടാകും. ഓരോ തവണ പുറത്താക്കുമ്പോഴും അവൾക്കെന്നോട് ദേഷ്യമാണ്. കാരണം, സമൂഹമാധ്യമങ്ങളിൽ ആൾക്കാർ അവളെ പരിഹസിക്കും. അതുകൊണ്ട് ഇത്തവണ ഒരു മാറ്റം അവൾ ആഗ്രഹിക്കുന്നു' കാപ്പ് പറഞ്ഞു.

അതേസമയം, ഇത്തവണ എന്തു വിലകൊടുത്തും കാപ്പിന്റെ പന്തിൽ പുറത്താകാതിരിക്കാനാകും തന്റെ ശ്രമമെന്ന് നീകർക്ക് വ്യക്തമാക്കി. 'അവളുടെ ബോളിങ് ശൈലി എനിക്കറിയാം. കഴിഞ്ഞ 12 വർഷമായി അത് എനിക്ക് പരിചയമുണ്ട്. പക്ഷേ, ചില സമയത്ത് എനിക്ക് അവളുടെ പന്തുകൾ ഒട്ടും പിടികിട്ടുന്നില്ല. ഇത്തവണ എന്തായാലും അവളുടെ പന്തിൽ പുറത്താകാതിരിക്കാൻ തന്നെയാണ് ശ്രമം' നീകർക്ക് പറഞ്ഞു.