- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ 'മാർക്ക് ജിഹാദ്'; വിവാദ പ്രസ്താവനയുമായി സർവകലാശാല പ്രൊഫസർ; രാകേഷ് കുമാർ പാണ്ഡെയെ പ്രകോപിപ്പിച്ചത് കൂടുതൽ മലയാളി വിദ്യാർത്ഥികൾ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയതോടെ
ന്യൂഡൽഹി: കേരളത്തിൽ മാർക്ക് ജിഹാദുമുണ്ടെന്ന വിവാദ പ്രസ്താവനയുമായി സർവകലാശാല പ്രൊഫസർ. ഡൽഹി സർവകലാശാല ഫിസിക്സ് പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടേതാണ് വിവാദ പരാമർശം. ആർഎസ്എസ് നേതാവാണ് വിവാദ പ്രസ്താവന നടത്തിയ പ്രൊഫസർ. സമൂഹമാധ്യമത്തിലൂടെയാണ് പാണ്ഡെയുടെ ആരോപണം. ആർഎസ്എസുമായി ബന്ധമുള്ള നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് രാകേഷ് കുമാർ പാണ്ഡെ.
ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾ, കൂടുതൽ മലയാളി വിദ്യാർത്ഥികൾ ഇത്തവണ ആദ്യത്തെ കട്ട്ഓഫിൽ തന്നെ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയതാണ് രാകേഷ് കുമാർ പാണ്ഡെയെ പ്രകോപിപ്പിച്ചത്. കൂടുതൽ മലയാളി വിദ്യാർത്ഥികൾ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയത് അസ്വാഭാവികമാണ്. ഇത് അന്വേഷിക്കേണ്ടതാണ്.
കേരളത്തിൽ ലൗ ജിഹാദ് ഉള്ളതുപോലെ മാർക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വർഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. കേരളം ഇടതുപക്ഷക്കാരുടെ കേന്ദ്രമാണ്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി അവരുടെ കൈപ്പിടിയിലാക്കിയ പോലെ ഡൽഹി സർവകലാശാലയും പിടിച്ചെടുക്കാനുള്ള ശ്രമമാണിതെന്നും രാകേഷ് കുമാർ പാണ്ഡെ ആരോപിക്കുന്നു.
ഓൺലൈൻ പരീക്ഷയായതിനാൽ കഴിഞ്ഞ ലോക്ഡൗൺ സമയത്ത് 100 ശതമാനം മാർക്ക് കിട്ടുന്നതിൽ അത്ഭുതമില്ല. എന്നാൽ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാർത്ഥികൾ സംസ്ഥാന ബോർഡ് പരീക്ഷകളിൽ 100 ശതമാനം മാർക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് കുമാർ ആരോപിച്ചു.
അതേസമയം പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ വിവാദ പരാമർശത്തിനെതിരെ എസ്എഫ്ഐ രംഗത്തെത്തി. കേരളത്തെ തീവ്രവാദ കേന്ദ്രമാക്കാൻ ശ്രമം നടക്കുന്നു. വിവാദത്തിന്റെ മറവിൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളജുകളിൽ നിന്നും കേരളത്തിൽ നിന്നും മികച്ച മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.