- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ പറയുന്നത് കുറിച്ചുവച്ചോളൂ; ഈ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാകും; കർഷക പ്രക്ഷോഭം വിജയിക്കുക തന്നെ ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
മധുര: കർഷക പ്രക്ഷോഭം വിജയിക്കുക തന്നെ ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്നാട്ടിൽ ജല്ലിക്കെട്ട് മത്സരം കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഞാൻ പറയുന്നത് കുറിച്ചുവച്ചോളൂ. ഈ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാകും. ഞാൻ പറഞ്ഞത് എന്താണെന്ന് ഓർത്തുവച്ചോളൂ', രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
ബഹുരാഷ്ട്ര കമ്പനികൾക്ക് പ്രയോജനം ലഭിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തെ കർഷകരുടെ ചെലവിൽ ഒരുകൂട്ടം വ്യക്തികൾക്കുമാത്രം പ്രയോജനം ചെയ്യുന്നതാണ് പുതിയ നിയമങ്ങൾ. അതിനെതിരായ കർഷക പ്രക്ഷോഭത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയല്ല, തകർക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. രണ്ടോ മൂന്നോ സുഹൃത്തുക്കൾക്ക് കാർഷിക നിയമങ്ങളുടെ പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണിത്. കർഷകർക്ക് സ്വന്തമായുള്ളതെല്ലാം തങ്ങളുടെ രണ്ടോ മൂന്നോ സുഹൃത്തുക്കൾക്ക് കൈമാറുകയാണ് വേണ്ടത്. കർഷക സമരത്തെ അവഗിക്കുന്നുവെന്ന് പറഞ്ഞാൽ അത് വളരെ ദുർബലമായ വിശേഷണമായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെത്തിയ രാഹുൽ മധുരയിൽ ജെല്ലിക്കെട്ട് മത്സരം കാണുകയും പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ വിമർശം ഉന്നയിച്ചത്.
ജല്ലിക്കെട്ടിന്റെ പ്രധാന കേന്ദ്രമായ മധുരയിലെ അവണിയപുരത്താണ് രാഹുൽ ഗാന്ധി എത്തിയത്. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകനും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിനൊപ്പമാണ് രാഹുൽ ഗാന്ധി ജല്ലിക്കെട്ട് കണ്ടത്. തമിഴ്നാടിന്റെ ചരിത്രവും സംസ്കാരവും പഠിക്കാനാണ് താൻ എത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്ജനതയുടെ ചരിത്രവും സംസ്കാരവും കാത്തുസൂക്ഷിക്കേണ്ടത് തന്റെ കൂടി കടമയാണെന്നും രാഹുൽ വ്യക്തമാക്കി. രാഹുലിന്റെ സന്ദർശനം ആവേശം പകരുന്നതെന്ന് ഉദയനിധി സ്റ്റാലിനും അഭിപ്രായപ്പെട്ടു.അടുത്തുതന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് തമിഴ്നാട്ടിൽ. ഈ സാഹചര്യത്തിലാണ് ജല്ലിക്കെട്ട് കാണാനുള്ള രാഹുലിന്റെ വരവ് ശ്രദ്ധേയമാകുന്നത്. തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രത്യേക വികരമായ ജല്ലിക്കെട്ട് വീക്ഷിക്കുന്നതിനൊപ്പം, സംസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിടുക കൂടി രാഹുൽ ലക്ഷ്യം വെക്കുന്നതായാണ് റിപ്പോർട്ട്.
നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടക്കുന്ന വേളയിൽ, രാഹുൽ കാർഷിക വിനോദമായ ജല്ലിക്കെട്ട് കാണാനെത്തുന്നത്, കർഷകരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കൽ കൂടിയാണെന്ന് തമിഴ്നാട് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ എസ് അളഗിരി പറഞ്ഞു. കാളകൾ കർഷകരുടെ പ്രതീകവും അവരുടെ ജീവിതത്തിന്റെ ഭാഗവുമാണെന്ന് അളഗിരി പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഏഴ് ആഴ്ചയിലധികമായി കർഷക സംഘടനകൾ പ്രക്ഷോഭം നടത്തുകയാണ്. പുതിയ നിയമങ്ങൾ കോർപ്പറേറ്റ് കൃഷിക്ക് വഴിതെളിക്കുമെന്നും കാർഷികോത്പന്നങ്ങൾ താങ്ങുവില നൽകി സംഭരിക്കുന്നത് അവസാനിപ്പിക്കുമെന്നുമാണ് അവർ ആരോപിക്കുന്നത്.
അതിനിടെ, കാർഷിക പ്രക്ഷോഭത്തിൽ രാഹുൽഗാന്ധി സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് ബിജെപി നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ 2019 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കാർഷിക നിയമങ്ങളെപ്പറ്റിയും പറഞ്ഞിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാട്ടിയിരുന്നു. കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾ അവർ നടപ്പാക്കുന്നതിന് പകരം പ്രധാനമന്ത്രി മോദി നടപ്പാക്കുന്നതിനാലാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നതെന്നും അവർ ആരോപിച്ചിരുന്നു.
മറുനാടന് ഡെസ്ക്