- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിവേഴ്സിറ്റി കോളേജ് കുത്ത് കേസ് പ്രതിക്ക് പേപ്പർ കൊടുത്തയച്ച കേസ്: കുറ്റാരോപിതനായ അദ്ധ്യാപകനെ നിയമിക്കാൻ തീരുമാനിച്ചതിന് പുറമെ അനധികൃത മാർക്ക് ദാനവും നടത്തി കേരള സർവ്വകലാശാല; മാർക്ക് നൽകിയത് കാലാവധി കഴിഞ്ഞു പബ്ലിഷ് ചെയ്ത പുസ്തകത്തിന്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിവാദങ്ങൾ ഒഴിയുന്നില്ല. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ മാർക്ക് വിവാദം പുറത്ത് വന്ന് ദിവസങ്ങൾക്കുള്ളിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. അറബിക് വിഭാഗത്തിൽ യൂണിവേഴ്സിറ്റി കോളേജ് കുത്ത് കേസ് പ്രതിയുടെ വീട്ടിലേക്ക് പേപ്പർ കൊടുത്തയച്ച കേസിൽ കുറ്റാരോപിതനായ അദ്ധ്യാപകനെ നിയമിക്കാൻ തീരുമാനിച്ചതിന് പുറമെ അനധികൃത മാർക്ക് ദാനം നൽകി അസിസ്റ്റന്റ് പ്രൊഫസർ നിയമനവുമെന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.കേരള സർവകലാശാലയിലെ ഇപ്പോഴത്തെ വി സി. അധികാരത്തിൽ വന്ന ശേഷമുള്ള മുഴുവൻ നിയമനങ്ങളിലും ഇത്തരത്തിലുള്ള അനധികൃത മാർക്ക് ദാനവും കൃത്രിമങ്ങളും നടന്നതായി ആരോപണം ശക്തമായിരിക്കുകയാണ്.
2017 നവംബർ 27 നോട്ടിഫിക്കേഷൻ ഇറക്കിയ ആപ്ലിക്കേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2017 ഡിസംബർ 28 ആയിരുന്നു. നോട്ടിഫിക്കേഷൻ അനുസരിച്ച് നോട്ടിഫിക്കേഷൻ അവസാനിക്കുന്ന കാലാവധിക്ക് മുമ്പ് നേടിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകളും അനുബന്ധ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും മാത്രമേ സ്വീകരിക്കാൻ പാടുള്ളു. എന്നാൽ 2018 ജൂലൈ മാസം പ്രസിദ്ധീകരിച്ച പുസ്തകത്തിന് എട്ട് (8) മാർക്ക് അനധികൃതമായി നൽകുകയായുണ്ടായി. പുറമെ ഈ പ്രസിദ്ധീകരണം തന്നെ യാതൊരു ഗവേഷണ മാനദണ്ഡവും കൂടാതെ പ്രസിദ്ധീകരിച്ച് കൊടുക്കുന്ന പ്രസാധകരുടേതുമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി കേരള സർവകലാശാലയിൽ ഇടതനുകൂല കോൺട്രാക്ട് അദ്ധ്യാപക സംഘടന ഉണ്ടാക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിക്ക് അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകാനാണ് ഇത്തരത്തിൽ കാലാവധി കഴിഞ്ഞു പബ്ലിഷ് ചെയ്ത പുസ്തകത്തിന് മാർക്ക് നൽകിയതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
അതിനെല്ലാം പുറമെ യുജിസി നെറ്റ് ആണ് അസിസ്റ്റന്റ് പ്രഫസറുടെ അടിസ്ഥാന യോഗ്യത. എന്നാൽ ഇപ്പോൾ നിയമനം ലഭിച്ച വ്യക്തി യുജിസി നെറ്റ് പാസായിട്ടില്ലെന്നും ആരോപണം ശക്തമാണ്. അങ്ങനെ യുജിസി നെറ്റ് യോഗ്യതയില്ലാത്തവരെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കണമെങ്കിൽ യുജിസി നിഷ്കർഷിച്ചിട്ടുള്ള ഒരു സർട്ടിഫിക്കറ്റ് നോട്ടിഫിക്കേഷൻ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സമർപ്പിച്ചിരിക്കണം. എന്നാൽ 2019 ൽ വാങ്ങിയതും നോട്ടിഫിക്കേഷനിൽ നിർദ്ദേശിക്കപ്പെട്ട രൂപത്തിൽ അല്ലാത്തതും ആയ സ്പെഷ്യൽ സർട്ടിഫിക്കറ്റ് ആണ് ഇവിടെ നിയമനത്തിനായി സ്വീകരിച്ചത്.
അതിനേക്കാൾ വിചിത്രമായിട്ടുള്ളത് സർവകലാശാലയിൽ ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണ്. 'അറബി വകുപ്പിൽ ആപ്ലിക്കേഷൻ ക്ഷണിച്ചു വിജ്ഞാപനം പുറത്തിറക്കിയതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് ശേഷം പ്രസിദ്ധീകരിച്ച ഗവേഷണം / പുസ്തകം എന്നിവക്ക് സർവകലാശാല മാർക്ക് നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആർക്ക്?' എന്ന ചോദ്യത്തിന് ''ശ്രദ്ധയിൽ പെട്ടിട്ടില്ല'' എന്ന ഉത്തരമാണ്. മറ്റൊരു ചോദ്യമായ 'ആപ്ലിക്കേഷനിൽ ക്ളയിം ചെയ്യാത്ത കാര്യങ്ങൾക്ക് മാർക്ക് നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതെല്ലാം? അതിനുള്ള വിവരണം നൽകണം.' എന്നതിന് ''സ്ക്രീനിങ് കം സെലക്ഷൻ കമ്മിറ്റിയുടെ വിവേചനാധികാരത്തിൽ പെടുന്നു.' എന്ന ഉത്തരമാണ്. ഇത്രയും ഗുരുതരമായ ഒരു വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഇത്ര ലാഘവത്തോടെ മറുപടി പറയുന്നത് തീർത്തും നിരുത്തരവാദപരമാണെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
അനേകം സംഘടനകളും വ്യക്തികളും ഈ വിഷയം ചാൻസലറുടെ ശ്രദ്ധയിൽ കൊണ്ട് വരികയും കോടതികളിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി കേസുകളും കോടതിയിൽ നടക്കുന്നു. ഇപ്പോഴത്തെ വി സി. അധികാരത്തിൽ വന്ന ശേഷമുള്ള മുഴുവൻ നിയമനങ്ങളും അന്വേഷിക്കണം എന്ന ആവശ്യം ഇതോട് കൂടി ഉയരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ