ഫേസ്‌ബുക്ക് തനിക്കെതിരായ നിലപാട് സ്വീകരിക്കുന്നു എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയുമായി ഫേസ്‌ബുക്ക് തലവൻ മാർക്ക് സക്കർബർഗ്. രാഷ്ട്രീയത്തിലെ രണ്ട് വിഭാഗങ്ങളും ഇതേ വിമർശനം തന്നെയാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

' ട്രംപ് പറയുന്നത് ഫേസ്‌ബുക്ക് അദ്ദേഹത്തിന് എതിരാണെന്നാണ്. ലിബറൽ പക്ഷക്കാർ പറയുന്നത് ഞങ്ങൾ ട്രംപിനെ സഹായിക്കുകയാണെന്നാണ്. തങ്ങൾക്കെതിരായ ഉള്ളടക്കങ്ങളാണ് ഇരുപക്ഷങ്ങളെയും നിരാശരാക്കുന്നത്. എല്ലാ ആശയങ്ങളെയും ഉൾക്കൊള്ളുന്നയിടമായതിനാലാണത്.' ഫേസ്‌ബുക്ക്പോസ്റ്റിൽ സക്കർബർഗ് പറഞ്ഞു.

ഫേസ്‌ബുക്ക് എല്ലായ്‌പ്പോഴും ട്രംപ് വിരുദ്ധമാണ് എന്ന് ട്വിറ്ററിലാണ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്. രാജ്യത്തിനെതിരെ തെറ്റായ വിവരങ്ങൾ നൽകാനും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളെ തടയാൻ തങ്ങൾക്കാവുന്നത് ചെയ്യുമെന്നും സക്കർബർഗ് ഇതിന് മറുപടിയായി പറഞ്ഞു.

അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായുള്ള റഷ്യയുടെ സോഷ്യൽ മീഡിയാ ഇടപെടലുകൾ ചർച്ചചെയ്യുന്നതിനായുള്ള സെനറ്റ് ഇന്റലിജൻസ് കമ്മറ്റിയുടെ പൊതുവിചാരണ വരുന്ന ആഴ്ചകളിൽ നടക്കാനിരിക്കുകയാണ്. ഫേസ്‌ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

മാർക്ക് സക്കർബഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം