പ്രിയപ്പെട്ടവരുടെ മരണവാർത്തയോ വലിയ ദുരന്തങ്ങളോ ചിലപ്പോൾ ഫേസ്‌ബുക്ക് പോസ്റ്റായി നമുക്ക് മുന്നിലെത്താറുണ്ട്. മനസ്സ് പിടയുന്ന ഈ വേളയിൽ ആ പോസ്റ്റ് എങ്ങനെ ലൈക്ക് ചെയ്യുമെന്ന് അറിയാതെ നാം വിറങ്ങലിച്ച് നിന്നുപോകാറുമുണ്ട്. നവമാദ്ധ്യമങ്ങളുടെ ഇക്കാലത്ത്, ഫേസ്‌ബുക്ക് ഉപഭോക്താവ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണിത്. ആ പോസ്റ്റ് അറിഞ്ഞുവെന്ന് രേഖപ്പെടുത്താൻ ഒരു ലൈക്ക് മതി. പക്ഷേ, ആ ദുരന്തത്തെ എങ്ങനെ ലൈക്ക് ചെയ്യും?

നമുക്കിഷ്ടമല്ലാത്ത ഒരു പോസ്റ്റിനോടുള്ള പ്രതിഷേധം അറിയിക്കേണ്ടി വരുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. ലൈക്ക് അല്ലാതെ അനിഷ്ടം അറിയിക്കാനുള്ള മാർഗം ഫേസ്‌ബുക്കിൽ ഉണ്ടായിരുന്നില്ല. ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയാണ്. ഫേസ്‌ബുക്കികൾ കാത്തിരുന്ന ഡിസ്‌ലൈക്ക് ബട്ടൺ ഉടൻ തന്നെ ഫേസ്‌ബുക്കിന്റെ ഭാഗമാകുമെന്ന് മാർക്ക് സുക്കർബർഗ് പ്രഖ്യാപിച്ചു.

ഉപഭോക്താക്കളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഡിസ്‌ലൈക്ക് ബട്ടൺ. അത് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു താനും തന്റെ സഹപ്രവർത്തകരുമെന്ന് സുക്കർബർഗ് പറയുന്നു. ലൈക്കിങ് മാത്രമല്ല, വേറെയും വികാരങ്ങൾ ഉണ്ടെന്ന് ഉപഭോക്താക്കൾക്ക് പറയാനുള്ള വേദിയൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുക്കർബർഗ് പറയുന്നു.

ആദ്യമായാണ് ശ്രദ്ധേയമായ ഈ മാറ്റത്തെക്കുറിച്ച് സുക്കർബർഗ് തുറന്നുപറയുന്നത്. ഡിസ്‌ലൈക്ക് ബട്ടൺ ഫേസ്‌ബുക്കിൽ വരുമെന്ന അഭ്യൂഹം ഏറെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ വന്നിരുന്നില്ല. ഇപ്പോഴിതാ മാർക്ക് സുക്കർബർഗ് തന്നെ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.

ഫേസ്‌ബുക്കിനെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രത്യേകതയുള്ള പ്രഖ്യാപനമാണിതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഡിസ്‌ലൈക്കിനെ മറ്റുള്ളവരോടുള്ള എതിർപ്പ് രേഖപ്പെടുത്താനുള്ള മാർഗമായല്ല സുക്കർബർഗ്കാണുന്നത്. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള ചിഹ്നമാണിതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഡിസ്‌ലൈക്ക് ബട്ടൺ എപ്പോൾ നിലവിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സമീപ ഭാവിയിൽത്തന്നെ ഡിസ്‌ലൈക്ക് ബട്ടണുൾപ്പെടെയുള്ള ശ്രദ്ധേയമായ മാറ്റങ്ങൾ ഫേസ്‌ബുക്കിൽ നിലവിൽ വരുമെന്നാണ് സുക്കർബർഗിന്റെ പ്രഖ്യാപനം.