ന്യൂഡൽഹി: ഫേസ്‌ബുക്കിന്റെ അടുത്ത ടൗൺഹാൾ ചോദ്യോത്തര പരിപാടിക്കായി കമ്പനി മേധാവി മാർക്ക് സുക്കർബർഗ് ഡൽഹിയിൽ എത്തുന്നു. 28ന് ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹി ഐ.ഐ.ടിയിലാണ് പരിപാടി.

സ്വന്തം ഫേസ്‌ബുക്ക് പേജിലാണ് സുക്കർബർഗ് ഇക്കാര്യം അറിയിച്ചത്. ഫേസ്‌ബുക്കിലെ ഏറ്റവും സജീവമായ സമൂഹത്തെ കാണാനായി എത്തുന്നുവെന്നും, പരിപാടിയുടെ തത്സമയ വീഡീയോ ദൃശ്യങ്ങൾ ഫേസ്‌ബുക്കിലുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്‌ബുക്ക് ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. ഇതു രണ്ടാം തവണയാണ് സുക്കർബർഗ് ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ വർഷം രാജസ്ഥാനിലെ ആൾവാർ ജില്ലയിലെ സൈബർ വില്ലേജിലാണ് അദ്ദേഹം സന്ദർശിച്ചത്.
അമേരിക്കയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ഫേസ്‌ബുക്ക് ഉപയോക്താക്കൾ ഉള്ളത് ഇന്ത്യയിലാണ്. 144 കോടി ഉപയോക്താക്കളിൽ 12.5 കോടി പേർ ഇവിടെയുണ്ട്.