സാൻ ഫ്രാൻസിസ്‌കോ : സൈബർ ലോകം ചർച്ച ചെയ്യുന്നത് ഫെയ്‌സ് ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ പോസ്റ്റാണ്. ക്രിസ്മസ് ആശംസകൾക്കൊപ്പം യഹൂദ ആഘോഷത്തിന്റെ ആശംസകളും സക്കർബർഗ് പോസ്റ്റ് ചെയ്തതാണ് ഇതിന് കാരണം. ഇതോടെ ആ ചോദ്യം എത്തി.

താങ്കൾ ഒരു യുക്തിവാദി ആണെന്നല്ലേ പറഞ്ഞിരുന്നത്? ഫേസ്‌ബുക് പേജിൽ , മതവിശ്വാസം ഏതെന്ന് എഴുതാനുള്ളിടത്ത് യുക്തിവാദി എന്ന് എഴുതിവിട്ട മനുഷ്യൻ ഇതാ മതങ്ങളെപ്പറ്റി വാചാലനാകുന്നു! ഇതോടെ മറുപടിയുമായി സക്കർ ബർഗ് എത്തി. എല്ലാം കൃത്യമായി തന്നെ വിശദീകരിക്കുകയും ചെയ്തു. മതത്തിലേക്കുള്ള ഈ മനം മാറ്റം മാർക്ക് സക്കർബർഗിന്റെ പുതുവർഷ പ്രഖ്യാപനവുമായി.

യഹൂദകുടുംബത്തിൽ ജനിച്ചു വളർന്ന താൻ ഇടക്കാലം യുക്തിവാദിയായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ല എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്. എല്ലാത്തിനെയും ചോദ്യംചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ പക്ഷേ തിരിച്ചറിയുന്നു: മതം വളരെ പ്രധാനപ്പെട്ടതാണ് സക്കർബർഗ് മനസു തുറന്നു.

ബുദ്ധിസ്റ്റ് വിശ്വാസിയായ ഭാര്യ പ്രിസില ചാന്റെ ചിന്താധാരകളെ പ്രശംസിച്ചു പോസ്റ്റിട്ടിരുന്ന സക്കർബർഗ്, ചൈനയിലെ വൈൽഡ് ഡൂസ് പഗോഡയിൽ പ്രാർത്ഥനാനിരതനായി നിൽക്കുന്ന പടവും ഒപ്പം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും ലോകം കൗതുകപൂർവം ശ്രദ്ധിച്ചതാണ്.

ഹാർവാഡിൽ പഠിക്കുന്ന സമയത്താണ് ആൻഡ്രൂ മക്കൊള്ളം, ഡസ്റ്റിൻ മൊസ്‌കോവിറ്റ്‌സ്, ക്രിസ് ഹഗ്ഹസ് എന്നിവരുമായി ചേർന്നാണ് സക്കർബർഗ് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ് വർക്കിങ് വെബ്സൈറ്റ് തുടങ്ങിയത്. ഫേസ്‌ബുക്ക് സംഘം പിന്നീട് അവരുടെ സേവനം ദേശവ്യാപകമായി മറ്റു കാമ്പസുകളിലേക്കും വ്യാപിപ്പിച്ചു. ഈ കൂട്ടായ്മയിൽ ഏറ്റവും ശ്രദ്ധേയനായത് സക്കർബർഗായിരുന്നു.

ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരം സ്വപ്രയത്‌നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സക്കർബർഗ്.