ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയെ കെട്ടിപ്പിടിച്ചപ്പോൾ ഫേസ്‌ബുക്ക് മുതലാളി ഹാപ്പിയായി. പിന്നെ മടിച്ചു നിന്നില്ല, കൈയോടെ കൊടുത്തു ഒരു ലൈക്ക്. പ്രധാമന്ത്രി മോദി ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയത് ചിത്രത്തിനാണ് ഫേസ്‌ബുക്ക് സ്ഥാപനകും സിഇഒയുമായി മാർക്ക് സുക്കർബർഗ് ലൈക്ക് ചെയ്തത്. ന്യൂഡൽഹി പാലം വിമാനത്താവളത്തിൽ വച്ച് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ചിത്രത്തിനാണ് സുക്കർബർഗ് ലൈക്ക് ചെയ്തിരിക്കുന്നത്.

ഉച്ചയ്ക്ക് രണ്ടേകാലോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് പതിനഞ്ചു ലക്ഷത്തിലേറെ ലൈക്കുകളും 39,000ത്തോളം കമന്റുകളുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 55000ത്തിലേറെ പേർ ചിത്രം ഷെയർ ചെയ്തു. ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ ഒബാമയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ടെത്തിയ പ്രധാനമന്ത്രി ആലിംഗനം ചെയ്താണ് അദ്ദേഹത്തെ സ്വീകരിച്ചത്.

അതിഥി ദേവോ ഭവ: എന്നും വെൽക്കം ടു ഇന്ത്യ എന്നും പറയുന്ന കമന്റുകളാണ് നിരവധി. ഒബാമ ഇന്ത്യയിലെത്തുമ്പോൾ ഫേസ്‌ബുക്ക് സ്ഥാപകനെ പോലെ നിരവധി അമേരിക്കൻ സംരംഭകർ പ്രതീക്ഷയിലാണ്. ഇന്ത്യയിൽ മുതൽമുടക്കാനായി നിരവധി അമേരിക്കൻ കമ്പനികളാണ് രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ സുക്കർബെർഗ് തന്നെ ഇന്ത്യയിൽ എത്തി മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.