സിലിക്കൺ വാലി: ഫേസ്ബുക്ക് വർഷങ്ങൾക്കിടെ തങ്ങളുടെ ന്യൂസ്ഫീഡിൽ വരുത്താനൊരുങ്ങുന്ന അഴിച്ച് പണി വൻ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. ഇത് പ്രകാരം ബിസിനസുകളെ പ്രമോട്ട് ചെയ്യുന്നതിന് പകരം സൂഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയർ ചെയ്യുന്ന ഫോട്ടോകൾക്കും മെസേജുകൾക്കുമായിരിക്കും ഇനി മുതൽ ഫേസ്‌ബുക്ക് മുൻഗണനയേകുന്നതെന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ് സ്ഥാപകനായ മാർക്ക് സുക്കർബർഗ് ഇടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു പോസ്റ്റ് ചുമ്മാ ഇട്ടതോട് കൂടി സുക്കർബർഗിന് നഷ്ടമായിരിക്കുന്നത് 20,000 കോടി രൂപയാണ്.....!! ഫേസ്‌ബുക്കിന്റെ ആൽഗരിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു എന്ന ഉടമയുടെ ഈ പോസ്റ്റ് വിപണി മൂല്യത്തിൽ ഇടിവുണ്ടാക്കുന്നത് 4.5 ശതമാനമാണ്.ഇതോടെ ആഗോള ഭീമനെ പഴിച്ച് ഷെയർ ഹോൾഡർമാർ രംഗത്തെത്തിയിട്ടുമുണ്ട്.

വെള്ളിയാഴ്ച വാൾസ്ട്രീറ്റിൽ ക്ലോസിങ് ബെൽ അടിക്കുന്ന അവസരത്തിലാണ് ഫേബ്‌സുക്കിന്റെ ഓഹരി വിലയിൽ 4.5 ശതമാനം താഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.വെള്ളിയാഴ്ച വിപണി തുടങ്ങുമ്പോൾ 77.8 ബില്യൺ ഡോളറായിരുന്നു ഫേസ്‌ബുക്ക് ഓഹരികളുടെ ഒട്ടാകെയുള്ള വിലയെങ്കിൽ അന്ന് വൈകുന്നേരമാകുമ്പോഴേക്കും അത് 74 ബില്യൺ ഡോളറായി ഇടിഞ്ഞ് താഴുകയായിരുന്നുവെന്നാണ് ബ്ലൂംബർഗ് വെളിപ്പെടുത്തുന്നത്.ഇതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും പണക്കാരിൽ നാലാം സ്ഥാനത്തേക്ക് സുക്കർ ബർഗ് തള്ളപ്പെടുകയും സ്പാനിഷ് റീട്ടെയിൽ ബില്യണയറായ അമാനികോ ഓർടെഗ സുക്കർബർഗിനെ ഇക്കാര്യത്തിൽ കവച്ച് വച്ചിരിക്കുകയാണ്.

പുതിയ മാറ്റം യൂസർമാർക്കും ബിസിനസുകാർക്കും ദീർഘകാലത്തേക്ക് നേട്ടമാണുണ്ടാക്കുകയെന്നാണ് സുക്കർ ബർഗ് പറയുന്നതെങ്കിലും മാർക്കറ്റ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുയും ഫേസ്‌ബുക്ക് ഓഹരി വില ഇടിയുകയും ചെയ്തിരിക്കുകയാണ്. പബ്ലിഷർമാരിൽ നിന്നും ബ്രാൻഡുകളിൽ നിന്നും ഫേസ്‌ബുക്ക് ന്യൂസ്ഫീഡിലെത്തുന്ന നോൺഅഡ് വർടൈസിങ് കണ്ടന്റുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കംനടത്തുന്നതെന്ന് വ്യാഴാഴ്ച ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സുക്കർബർഗ് വിശദീകരിച്ചിരുന്നു. ഇതിന് പകരം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയർ ചെയ്യുന്നവയ്ക്കും പോസ്റ്റുകൾക്കും ന്യൂസ് ഫീഡിൽ മുൻഗണന നൽകുമെന്നുമായിരുന്നു സുക്കർബർഗ് വ്യക്തമാക്കിയിരുന്നത്.

പുതിയ മാറ്റം ഫേസ്‌ബുക്കിന് ലഭിക്കുന്ന പരസ്യങ്ങളെ ബാധിക്കില്ലെങ്കിലും തങ്ങളുടെ വെബ്‌സൈറ്റുകളിലേക്ക് വൻ തോതിൽ യൂസർമാരെ തിരിച്ച് വിടുന്നതിനായി വൻ തോതിൽ ഫേസ്‌ബുക്ക് പേജുകളെ ഉപയോഗിക്കുന്ന നിരവധി കമ്പനികളെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുന്നു. അവർ അതിന് പകരം സംവിധാനമായി എന്ത് അനുവർത്തിക്കുമെന്ന ഗൗരവപരമായ ചോദ്യവും ഉയർന്ന് വരുന്നുണ്ട്. ഫേസ്‌ബുക്കിനെ ഉപയോഗിച്ച് തങ്ങളുടെ സൈറ്റുകളിലേക്കുള്ള ട്രാഫിക്ക് വർധിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെ ഇത് ഗുരുതരമായി ബാധിക്കും. ഇക്കാര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഫിനാൻഷ്യൽ ടൈംസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ജോൺ റൈഡിങ് രംഗത്തെത്തുകയും ചെയ്തിരുന്നു.