ന്യൂഡൽഹി: അപ്പോളോ ആശുപത്രിയിൽ കഴിയുന്ന ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന കരുണാനിധിയുടെ പ്രസ്താവനയെ രോഷത്തോടെയാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് മാർക്കണ്ടേയ കട്ജു നേരിട്ടത്. താരംതാണ പ്രസ്താവനയാണ് കരുണാനിധി നടത്തിയതെന്ന് കട്ജു തുറന്നടിച്ചു. പാക്കിസ്ഥാൻ വിഷയത്തിലും ബീഹാർ വിവാദത്തിലുമെല്ലാം വിവാദപുരഷനായ കട്ജുവിന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യത്തിൽ എന്താണ് കാര്യമെന്ന് അന്ന് മുതൽ തന്നെ ചർച്ച തുടങ്ങിയിരുന്നു. അതും അവസാനിപ്പിക്കാകയാണ് എന്ത് സത്യവും തുറന്നു പറയുന്ന സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസ്.

ജയലളിതയോട് തനിക്ക് അന്നും ഇന്നും പ്രണയമാണെന്നാണ് കട്ജു ഫെയ്‌സ് ബുക്കിൽ കുറിക്കുന്നത്. ജയലളിത സിംഹവും അവരുടെ എതിരാളികൾ കരിങ്കുരങ്ങുമാണ്.  അവർ എത്രയും വേഗം സുഖം ്പ്രാപിച്ച് ജോലിയിൽ തിരിച്ചെത്തും. ഞാൻ യുവാവായിരുന്നപ്പോൾ അവരും യുവതിയായിരുന്നു. അന്ന് ആ അത്യാകർഷണത്തിൽപ്പെട്ട് പ്രണയത്തിൽ വീണതായി ഞാൻ കരുതിയിരുന്നു. അവർക്ക് അതേ പറ്റി അറിയില്ലായിരുന്നു. തിരിച്ചൊന്നും ആഗ്രഹിക്കാത്ത സ്‌നേഹമായിരുന്നു അത് ഇപ്പോഴും അങ്ങനെ തന്നെ. ഞാൻ അവരുമായി ഇപ്പോഴും പ്രണയത്തിലാണ്. അവർ എത്രയും വേഗം രോഗമുക്തി നേടട്ടെയെന്ന് പ്രാർത്ഥിക്കുന്നു-ഫെയ്‌സ് ബുക്കിൽ കട്ജു കുറിച്ചു.

മുൻ വിവാദ പോസ്റ്റുകളെ പോലെ കട്ജുവിന്റെ ഈ കുറിപ്പും വൈറലാവുകയാണ്. മനസ്സിലെ പ്രണയം തുറന്ന് പുറഞ്ഞ് കട്ജു അങ്ങനെ വീണ്ടും സോഷ്യൽ മീഡിയയിൽ താരമാകുന്നു.