ലോകത്തിലെ ഏറ്റവും മികച്ച സായുധ സേനയാണ് ഇന്ത്യൻ സായുധസേന എന്ന ചിലരുടെ അവകാശവാദം ശരിയല്ലെന്നു മാർക്കണ്ഡേയ കഠ്ജു. അങ്ങനെയുള്ള വാദങ്ങൾ ചിരിയുണർത്തുകയാണ് ചെയ്യുന്നത്. വിരലിലെണ്ണാവുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കുറഞ്ഞ സമയം കൊണ്ട് തുടച്ചുമാറ്റാവുന്ന ഒന്നുമാത്രമാണ് ഇന്ത്യൻ സൈനിക ശക്തിയെന്നും കഠ്ജു അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു രാജ്യം യഥാർത്ഥത്തിൽ സ്വതന്ത്രമാകുന്നത് അവർക്കുവേണ്ട ആയുധങ്ങൾ അവർ തന്നെ നിർമ്മിക്കുമ്പോഴാണ്. എന്നാൽ നമുക്ക് വേണ്ട യുദ്ധവിമാനങ്ങളും, ടാങ്കുകളും മറ്റും വൻ വിലകൊടുത്ത് വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. നമുക്ക് ആയുധങ്ങൾ നൽകുന്ന രാജ്യം ഒരിക്കലും അവരുടെ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ഏറ്റവും പുതിയ ആയുധങ്ങൾ നൽകില്ലെന്നും അതുകൊണ്ടുതന്നെ ആ രാജ്യത്തിന്റെ സൈന്യത്തോട് എതിരിടാൻ നമുക്ക് കഴിയില്ലെന്നും കഠ്ജു ചൂണ്ടിക്കാട്ടുന്നു.

പാവപ്പെട്ട പാക്കിസ്ഥാനികളോട് എതിരിടാൻ മാത്രമാണ് നമ്മുടെ സായുധ സേനയ്ക്കു കഴിയൂ. പുത്തൻ സാങ്കേതിക വിദ്യയിൽ ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യയ്ക്കു കഴിവില്ലാഞ്ഞിട്ടില്ല. മികച്ച ശാസ്ത്രജ്ഞരും എഞ്ചിനിയർമാരും നമുക്കുണ്ട്. എന്നാൽ പടിഞ്ഞാറൻ ആയുധ നിർമ്മാതാക്കൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി അവർ നമ്മുടെ ശ്രമങ്ങളെ അടിച്ചമർത്തുകയാണെന്നും ഫേസ്‌ബുക്കിൽ കുറിക്കുന്നു.

കഠ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...

ഇന്ത്യൻ സായുധസേന ടി.വി ചാനലുകളിൽ കാണിക്കുന്ന എല്ലാ യുദ്ധതൽപ്പരയ്ക്കിടയിലും നമ്മൾ ഗൗരവമായി പരിഗണിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്...

1. ഇന്ത്യൻ സായുധസേനയാണ് ലോകത്തിലെ ഏറ്റവും മികച്ചതെന്ന് ചിലയാളുകൾ പറയുന്നുണ്ട്. ഈ പ്രസ്താവന തികച്ചും പരിഹാസ്യമാണ്. കുറച്ച് അമേരിക്കൻ എഫ്15നും സ്റ്റൽത്ത് എയർക്രാഫ്റ്റിനും വളരെക്കുറച്ചു സമയം കൊണ്ട് തുടച്ചുമാറ്റാവുന്ന ഒന്നുമാത്രമാണ് നമ്മുടെ മുഴുവൻ വ്യോമസേനയും ടാങ്കുകളും ആയുധങ്ങളും. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനു മുമ്പു തന്നെ എല്ലാം കഴിയും. (ആളുകൾ മരിച്ചിട്ടുണ്ടാവും) 1967ൽ ഇസ്രാഈലികൾ ആക്രമിച്ചപ്പോൾ സിനായി മരുഭൂമിയിൽ ഈജിപ്ഷ്യൻസ് നഗ്‌നപാതങ്ങളുമായി ഓടിയതുപോലെ, ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം സമയത്ത് ഇറാഖികൾ ചെയ്തതുപോലെ നമ്മുടെ പട്ടാളക്കാർ ഓടും. നമ്മുടെ നേവിയിലെ പാവം നാവികരുടെ കാര്യമാണെങ്കിൽ അവർ പെട്ടെന്നു തന്നെ 'മത്സ്യങ്ങൾക്കൊപ്പം ഉറക്കമാവും'.

2 തങ്ങൾക്കുവേണ്ട ആയുധങ്ങൾ നിർമ്മിക്കുമ്പോഴാണ് ഒരു രാജ്യം പൂർണമായും സ്വതന്ത്രയാവുന്നത്. എന്നാൽ നമ്മുടെ എയർക്രാഫ്റ്റ്, ടാങ്ക്സ് പോലുള്ള ആയുധങ്ങൾ മിക്കതും വിദേശരാജ്യങ്ങളിൽ നിന്നും വൻവില നൽകി ഇറക്കുമതി ചെയ്യുന്നത്. (വിദേശ ആയുധങ്ങൾ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടുന്ന രാജ്യമാണ് ഇന്ത്യ.) നമുക്ക് ഈ ആയുധങ്ങൾ വിൽക്കുന്ന പടിഞ്ഞാറൻ രാജ്യങ്ങൾ അവർ ഉപയോഗിക്കുന്ന ഏറ്റവും പുതിയവ വിൽക്കില്ല. 1996ൽ ഇറക്കുമതി ചെയ്ത ഘടകങ്ങൾ ഉപയോഗിച്ച് നമ്മൾ അർജുൻ ടാങ്ക് നിർമ്മിച്ചു. അതിനു പോരായ്മകളുണ്ടായതിനെ തുടർന്ന് റഷ്യൻ ടി 20യെ ആശ്രയിക്കാൻ അധികൃതർ ഇപ്പോൾ ചിന്തിക്കുന്നു. നമ്മൾ ധനുഷ് തോക്ക് നിർമ്മിച്ചു. പക്ഷെ നമ്മൾ എന്നിട്ടും ഏറ്റവും അധികം ആശ്രയിക്കുന്ന റഷ്യൻ, സ്വീഡിഷ്, ബ്രിട്ടീഷ്, അമേരിക്കൻ തോക്കുകളെയാണ്.

നമ്മുടെ പക്കലുള്ള ഈ തോക്കുകൾക്ക് ചൈനക്കാർ ഉപയോഗിക്കുന്നതുമായി യാതൊരു സാമ്യവുമില്ല. അതുകൊണ്ടുതന്നെ നമ്മുടെ സായുധസേന പാവപ്പെട്ട പാക്കിസ്ഥാനോട് പൊരുതാൻ മാത്രമേ പറ്റുള്ളൂ.

3. നമുക്ക് ആയുധങ്ങൾ നിർമ്മിക്കാനുള്ള കഴിവില്ലാഞ്ഞിട്ടില്ല. 1947ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. നമുക്ക് ഇന്ന് മികച്ച ശാസ്ത്രജ്ഞരും എഞ്ചിനിയർമാരുമുണ്ട്. (മിക്കയാളുകളും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കു കുടിയേറിയെങ്കിലും). പക്ഷെ നമ്മൾ അതു ചെയ്യുകയാണെങ്കിൽ എങ്ങനെയാണ് പടിഞ്ഞാറൻ രാഷ്ട്രങ്ങൾ വൻ ലാഭം കൊയ്യുക? അതുകൊണ്ട് നമ്മെ നിർമ്മിക്കാൻ അനുവദിക്കില്ല. നമ്മുടെ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ഒരുപാട് വഴികളുണ്ട്. അതിൽ ഏറ്റവും പ്രധാനം കോഴയാണ്.